മലയാളം

ചോ. ദൈവഹിതം തിരിച്ചറിയുന്നത്

ചോദ്യം: എന്റെ ഒരു സുഹൃത്തിന് കാൻസർ ആണെന്ന് ഈയിടെ കണ്ടെത്തി. അവൾ സുഖം പ്രാപിക്കാനായി പ്രാർഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതു തന്നെയാണോ യഥാർഥത്തിൽ ദൈവഹിതമെന്ന് എനിക്ക് എങ്ങനെ അറിയാം?

ഉത്തരം: നിങ്ങൾ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണ്! മനുഷ്യന്റെ രോഗത്തിന്റെയും സഹനത്തിന്റെയും “രഹസ്യത്തെക്കുറിച്ച്” നിങ്ങൾ ഇതിനകം ഏറെ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഈ ചോദ്യം ചോദിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഗുരുതരമായ ഒരു രോഗം ഉണ്ടാകുമ്പോൾ, പലതരം വികാരങ്ങളും അനുഭൂതികളും ചിന്തകളും ചോദ്യങ്ങളും നമ്മിൽ ഉയരുന്നു. തുടക്കത്തിൽ നാം അത് അംഗീകരിക്കാൻ തയ്യാറായെന്നുവരില്ല, പ്രത്യേകിച്ചും കാൻസർ പോലുള്ള ഗുരുതരമായ രോഗമാണെങ്കിൽ. ആശയക്കുഴപ്പം, നിരാശ, ദുഃഖം, ഉത്കണ്ഠ, കോപം എന്നിവ നമുക്ക് അനുഭവപ്പെട്ടേക്കാം. രോഗം ഭേദമാകാനുള്ള മാർഗം നാം ഉടനെ അന്വേഷിക്കുകയും സൗഖ്യത്തിനായി ദൈവത്തിലേക്കു തിരിയുകയും ചെയ്തേക്കാം. ഈ അനുഭവങ്ങളും ചിന്തകളും വികാരങ്ങളുമെല്ലാം സ്വാഭാവികവും മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ, ആത്യന്തികമായി നിങ്ങളുടെ ചോദ്യം വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്കാണ് എത്തുന്നതെന്ന് ഞാൻ കരുതുന്നു: “നാം എന്തിനുവേണ്ടിയാണ് പ്രാർഥിക്കേണ്ടത്?”

എനിക്ക് നിങ്ങൾക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഉപദേശം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതാണ്. ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ഒരു മേഖലയാണ് രോഗീലേപന കൂദാശയെക്കുറിച്ചുള്ള പ്രബോധനം. ആദ്യം, ഗുരുതരമായ രോഗത്തെക്കുറിച്ച് മതബോധനഗ്രന്ഥം ഇപ്രകാരം പറയുന്നു: “രോഗവും സഹനവും മനുഷ്യജീവിതം നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നങ്ങളിൽ എന്നും ഉൾപ്പെട്ടിട്ടുണ്ട്. രോഗാവസ്ഥയിൽ മനുഷ്യൻ തന്റെ നിസ്സഹായതയും പരിമിതികളും തന്റെ അസ്തിത്വത്തിന്റെ പരിമിതസ്വഭാവവും അനുഭവിച്ചറിയുന്നു (C.C.C 1500). തുടർന്ന് ഇങ്ങനെ പറയുന്നു: “രോഗം കടുത്ത മനോവേദനയിലേക്കും തന്നിൽത്തന്നെ മുഴുകിക്കഴിയുന്നതിലേക്കും ചിലപ്പോൾ നിരാശയിലേക്കും ദൈവത്തിനെതിരെയുള്ള കലാപത്തിലേക്കുപോലും നയിക്കാം. അതേസമയം, ഒരു വ്യക്തിയെ കൂടുതൽ പക്വതയുള്ളവനാക്കാനും രോഗത്തിനു കഴിയും. ജീവിതത്തിൽ അനിവാര്യമല്ലാത്തത് എന്തെന്നു വിവേചിച്ചറിഞ്ഞ് അനിവാര്യമായതിലേക്കു തിരിയാൻ അത് അയാളെ സഹായിക്കുന്നു. മിക്കപ്പോഴും രോഗം ദൈവത്തെ അന്വേഷിക്കാനും അവിടുത്തിലേക്കു മടങ്ങിവരാനും പ്രേരിപ്പിക്കുന്നു” (C.C.C 1501).

അതിനാൽ ആദ്യം ചൂണ്ടിക്കാട്ടേണ്ടത്, അർബുദംപോലുള്ള ഗുരുതരമായ ഒരു രോഗം ആ വ്യക്തിയുടെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും എന്നതാണ്. എന്നാൽ ഗുരുതരമായ രോഗത്തിലൂടെ കടന്നുപോകുന്നത് ഏറെ ക്ലേശകരമാണെങ്കിലും അതിൽനിന്ന് പല നന്മകളും ഉണ്ടാകാമെന്നു നാം മനസ്സിലാക്കണം. ചില കാര്യങ്ങളിൽ നാം ആത്യന്തികമായി നിസ്സഹായരാണെന്നു തിരിച്ചറിയുന്നത് വാസ്തവത്തിൽ നമുക്ക് ഏറെ നല്ലതാണ്. ദൈവത്തിലേക്കു തിരിയാനും ജീവിതത്തിൽ യഥാർഥത്തിൽ പ്രധാനപ്പെട്ടത് എന്തെന്നു വീണ്ടും കണ്ടെത്താനും ഈ തിരിച്ചറിവ് നമ്മെ സഹായിക്കും. ഇതൊരു നല്ല കാര്യമാണ്!

രോഗശാന്തിക്കായി ശ്രമിക്കുമ്പോൾ, നമുക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണെന്നു ഞാൻ പറയും. നമ്മുടെ നന്മയ്ക്കുവേണ്ടിയാണ് ദൈവം ശാസ്ത്രവും വൈദ്യശാസ്ത്രവും നമുക്കു നൽകിയത്. അവയെ ഉത്തരവാദിത്വത്തോടെ എത്രത്തോളം ഉപയോഗിക്കാൻ കഴിയുമോ അത്രയും നല്ലതാണ്. അതിനാൽ രോഗത്തിന് ഉചിതമായ ചികിത്സ തേടുന്നത് എപ്പോഴും നല്ല കാര്യമാണ്. എന്നാൽ ആത്യന്തികമായി നമ്മുടെ ജീവിതം ദൈവത്തിന്റെ കരങ്ങളിലാണെന്നു നാം തിരിച്ചറിയണം. അതുകൊണ്ട് രോഗശാന്തിക്കായി പ്രാർഥിക്കുന്ന കാര്യത്തിൽ, രോഗീലേപന കൂദാശയുടെ ലക്ഷ്യം നമുക്കു പരിഗണിക്കാം. ആ കൂദാശയുടെ ലക്ഷ്യങ്ങളിൽ ഒന്ന് “രോഗിയുടെ ആത്മരക്ഷയ്ക്ക് ഉപകരിക്കുന്നുവെങ്കിൽ, ആരോഗ്യം വീണ്ടെടുക്കുക” എന്നതാണെന്ന് മതബോധനഗ്രന്ഥം പറയുന്നു (C.C.C 1532). ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയാണ്. കാരണം, ശാരീരിക രോഗശാന്തി മാത്രമല്ല നാം പ്രാർഥനയിൽ ഏറ്റവും പ്രാധാന്യത്തോടെ അപേക്ഷിക്കേണ്ടത് എന്ന് ഇതു വ്യക്തമാക്കുന്നു. ഇതുപോലെ പ്രാർഥിക്കുന്നതാണ് അതിലും പ്രധാനം: “കർത്താവേ, എന്റെ സുഹൃത്തിന്റെ ആത്മാവിന് ഏറ്റവും നല്ലത് ശാരീരിക രോഗശാന്തിയാണെങ്കിൽ, ദയവായി അവനെ/അവളെ സുഖപ്പെടുത്തണമേ.” നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്നത് ദൈവം മാത്രമാണ്. ഇത്തരത്തിലുള്ള പ്രാർഥന ആ വസ്തുതയെ മാനിക്കുന്നു. ഇത് പ്രധാനമാണ്. കാരണം, ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ടത്, ഒരു രോഗം നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാൻ നാം അനുവദിക്കുക എന്നതാണ്. ആ രോഗം ശാരീരിക മരണത്തിൽ കലാശിക്കേണ്ടതാണെങ്കിൽ, ആ വ്യക്തി രോഗത്തിലൂടെ ദൈവത്തോട് കൂടുതൽ അടുത്ത്, എന്നേക്കും ദൈവത്തോടൊപ്പമായിരിക്കാൻ ഒരുങ്ങുക എന്നതാണ് ഏറ്റവും പ്രധാനം!

ജീവിതത്തിൽ ഇതിനെ അഭിമുഖീകരിക്കുക പ്രയാസമാണ്. എന്നാൽ ഒരു വൈദികനെന്ന നിലയിലുള്ള എന്റെ അനുഭവത്തിൽ, കാര്യങ്ങളെ ഇങ്ങനെ കണ്ടുതുടങ്ങാൻ ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്ക് ദൈവം ധാരാളം അധിക കൃപ നൽകുന്നു.

ഒരുപക്ഷേ, നിങ്ങളുടെ സുഹൃത്തിനെ ദൈവത്തിനു സമർപ്പിക്കുകയും, അവിടുത്തിൽ നിങ്ങൾ വിശ്വസിക്കുന്നുവെന്നും ഏറ്റവും നല്ലത് എന്തോ അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും അവിടുത്തോടു പറയുകയും ചെയ്യുന്നതായിരിക്കും ഏറ്റവും നല്ല പ്രാർഥന. നാം ദൈവത്തിൽ വിശ്വസിക്കുകയേ വേണ്ടൂ; വിശദാംശങ്ങളും അന്തിമഫലങ്ങളും അവിടുന്ന് ക്രമപ്പെടുത്തിക്കൊള്ളും!


കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ