മലയാളം

ചോ. നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുക

ചോദ്യം: പള്ളിയിൽ പോകുന്നതുകൊണ്ട് എന്റെ ആത്മാവ് നരകത്തിൽ പോകാതെ രക്ഷപ്പെടുകയില്ലെന്ന് ഒരു വൈദികൻ എന്നോടു പറഞ്ഞു. മറിച്ച്, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. ദൈവത്തിൽ വിശ്വസിക്കുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും അവരോടു ക്ഷമിക്കുന്നതും കരുണ കാണിക്കുന്നതുമാണ് പ്രധാനം. ഇത് ശരിയാണോ?

ഉത്തരം: ഇതിനുള്ള ഉത്തരം “ശരിയെന്നും” “ശരിയല്ലെന്നും” പറയാമെന്നാണ് ഞാൻ കരുതുന്നത്. താഴെ നൽകുന്ന വിശദീകരണങ്ങളോട് ആ വൈദികനും യോജിക്കുമെന്നു ഞാൻ കരുതുന്നു.

പള്ളിയിൽ പോകുന്നതുകൊണ്ടുമാത്രം നിങ്ങളുടെ ആത്മാവ് നരകത്തിൽ പോകാതെ രക്ഷപ്പെടുകയില്ല എന്നത് ശരിയാണ്. ആഴ്ച മുഴുവൻ അങ്ങേയറ്റം പാപപൂർണമായ ജീവിതം നയിക്കുകയും, താൻ നല്ലവനാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടെ പള്ളിയിൽ പോകുകയും, എന്നാൽ ആരാധനയിൽ ആന്തരികമായി ഒട്ടും പങ്കുചേരാതിരിക്കുകയും ചെയ്യുന്ന ഒരാൾ ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ, കുർബാനയുടെ സമയത്ത് ശരീരത്താൽ പള്ളിയിൽ ഉണ്ടായിരിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ യഥാർഥത്തിൽ “കുർബാനയിൽ പങ്കെടുക്കുന്നു” എന്ന് അർഥമാകുന്നില്ല. പള്ളിയിൽ പോകുക എന്നതിനർഥം ശരീരത്താൽ മാത്രം അവിടെ ആയിരിക്കുക എന്നല്ല; ദൈവത്തെ ആരാധിച്ചും വിശ്വാസത്തിൽ വളർന്നും ആത്മീയമായും അവിടെ ആയിരിക്കുക എന്നുകൂടിയാണ്.

അതേസമയം, ശരിയായ ഉദ്ദേശ്യത്തോടെ പള്ളിയിൽ പോകുന്നത് രക്ഷയിലേക്കുള്ള പ്രക്രിയയുടെ ഭാഗമാണ്. നിങ്ങൾ അവിടെ ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ വന്ന് കുർബാനയിൽ ആരാധിക്കണമെന്നും തന്റെ വചനത്തിലൂടെയും വിശുദ്ധ കുർബാനയിലൂടെയും തന്നിൽനിന്ന് ആത്മീയപോഷണം സ്വീകരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. അതിനാൽ, നിങ്ങൾ സ്വർഗത്തിലേക്കുള്ള പാതയിലാണെങ്കിൽ, ആ യാത്രയുടെ ഭാഗമായി വിശ്വസ്തതയോടെ കുർബാനയിൽ പങ്കെടുക്കുന്നത് തീർച്ചയായും ഉണ്ടായിരിക്കും.

എന്നാൽ, മറുവശവും ശരിയാണ്. നല്ല കാര്യങ്ങൾ ചെയ്യുകയും ഈ “സൽപ്രവൃത്തികൾ” നിങ്ങളെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്താൽ മാത്രം പോരാ. ദൈവം സ്വർഗത്തിൽനിന്ന് നോക്കി, “ശരി, സ്വർഗത്തിലേക്കുള്ള ഒരു പ്രവേശനപത്രം നേടാൻ വേണ്ടത്ര നന്മ നീ ചെയ്തുകഴിഞ്ഞു” എന്നു പറയുന്നില്ല. ഇല്ല, നമ്മുടെ പ്രവൃത്തികളിലൂടെ രക്ഷ നേടിയെടുക്കാനാവില്ല.

എന്നാൽ ഇക്കാര്യം ശ്രദ്ധയോടെ മനസ്സിലാക്കണം. കൃത്യമായ ഉത്തരത്തിൽ മുകളിൽ പറഞ്ഞതെല്ലാം മാത്രമല്ല, അതിലേറെയും ഉൾപ്പെടുന്നു. രക്ഷയുടെ പൂർണചിത്രം ഞാൻ വിശദീകരിക്കാം:

  1. രക്ഷ ദൈവത്തിന്റെ സൗജന്യദാനമാണ്; സ്വന്തം പ്രയത്നത്താൽ നമുക്കത് ഒരിക്കലും നേടിയെടുക്കാനാവില്ല. കുരിശിൽ നമുക്കുവേണ്ടി അത് നേടിയെടുക്കപ്പെട്ടു; ക്രിസ്തുവിന്റെ കുരിശിൽനിന്നുള്ള കൃപയാണ് നമ്മെ രക്ഷിക്കുന്നത്. സ്വർഗത്തിലേക്കുള്ള ഏക വഴി ഇതാണ്!
  2. ദൈവത്തെ നമ്മുടെ ഹൃദയങ്ങളിലേക്കു കടന്നുവരാൻ അനുവദിക്കുകയും നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചുകൊണ്ട് നാം അവിടുത്തേക്കു സമർപ്പിക്കുകയും ചെയ്യുമ്പോഴാണ് രക്ഷയുടെ ദാനം നമുക്കു ലഭിക്കുന്നത്. ഇതിലൂടെ വിശ്വാസമെന്ന ദാനം നമ്മിൽ ഉളവാകുന്നു.
  3. നമുക്കു വിശ്വാസമുണ്ടെങ്കിൽ, ആ വിശ്വാസത്തെ നമ്മുടെ പ്രവൃത്തികളിൽനിന്നു വേർതിരിക്കാനാവില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം യഥാർഥമായി വിശ്വസിക്കുകയും ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, അതു തീർച്ചയായും നമ്മുടെ ജീവിതരീതിയെ സ്വാധീനിക്കും. നാം തീർച്ചയായും മറ്റുള്ളവരോടു ക്ഷമയും കരുണയും സ്നേഹവും ഉള്ളവരായിരിക്കും.
  4. നമുക്കു വിശ്വാസമുണ്ടെങ്കിൽ, ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയിൽ വിശ്വസ്തതയോടെ പങ്കെടുക്കാൻ ദൈവം നമ്മെ വിളിക്കുന്നതും നാം കേൾക്കും. നമ്മുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെ ജ്വാല നിലനിർത്താൻ നാം ആഗ്രഹിക്കുന്നതനുസരിച്ച് ദൈവത്തിന്റെ ആ വിളിയോടു നാം പ്രതികരിക്കേണ്ടതുമുണ്ട്. “ഞാൻ വിശ്വസിക്കുന്നു” എന്നു പറയുകയും അതേസമയം ദൈവം ആഗ്രഹിക്കുന്നതുപോലെ അവിടുത്തെ ആരാധിക്കാൻ വിസമ്മതിക്കുകയും ചെയ്യാനാവില്ല.

ഇതെല്ലാം ചേർന്നതാണ് രക്ഷയുടെ സമഗ്രചിത്രത്തിന്റെ ഒരു ഹ്രസ്വസംഗ്രഹം. ഇത് സഹായകരമാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു!