ചോ. വൈദികന് അൾത്താരശുശ്രൂഷകരെ ആവശ്യമുള്ളത് എന്തുകൊണ്ട്?
ഉ. ലളിതമായി പറഞ്ഞാൽ, നല്ല പരിശീലനം ലഭിച്ച അൾത്താരശുശ്രൂഷകർ ആരാധനക്രമത്തിന്റെ പ്രായോഗിക കാര്യങ്ങൾ കൂടുതൽ സുഗമമായി നടക്കാൻ സഹായിക്കുന്നു.
വൈദികൻ തന്റെ ഇരിപ്പിടത്തിൽനിന്ന് പ്രാർഥിക്കുമ്പോൾ അൾത്താരശുശ്രൂഷകൻ അദ്ദേഹത്തിനായി പുസ്തകം പിടിച്ചുകൊടുക്കുന്നു. സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോൾ ശുശ്രൂഷകർ സുവിശേഷഗ്രന്ഥത്തിനരികിൽ മെഴുകുതിരികൾ പിടിച്ചുനിൽക്കുന്നു. ധൂപാർപ്പണത്തിലും അൾത്താര ഒരുക്കുന്നതിലും അവർ സഹായിക്കുകയും ഉപകാരപ്രദമായ മറ്റു ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു.
കൂടാതെ, വ്യക്തിപരമായി നോക്കുമ്പോൾ, വിശുദ്ധ കുർബാനയിൽ ശുശ്രൂഷ ചെയ്യുന്നത് വലിയൊരു ബഹുമതിയാണ്. വിശുദ്ധ കുർബാനയെക്കുറിച്ച് നന്നായി പഠിക്കാനും അങ്ങനെ അതിന്റെ അർപ്പണത്തിൽ കൂടുതൽ നന്നായി പങ്കുചേരാനും ഇത് പ്രത്യേകിച്ച് യുവജനങ്ങളെ സഹായിക്കുന്നു. അൾത്താരസ്ഥലത്ത് സന്നിഹിതരായിരിക്കുന്നതും ശുശ്രൂഷകരുടെ ളോഹകളോ ആൽബുകളോ ധരിക്കുന്നതും ആരാധനക്രമത്തിന്റെ ഓരോ ഘട്ടവും ശ്രദ്ധയോടെ പിന്തുടരുന്നതും വിശുദ്ധ കുർബാനയോടുള്ള സ്നേഹത്തിലും ആദരവിലും കൂടുതൽ ആഴപ്പെടാൻ ശുശ്രൂഷകരെ സഹായിക്കേണ്ടതാണ്. ആൺകുട്ടികൾ അൾത്താരശുശ്രൂഷകരായി പ്രവർത്തിക്കുന്ന കാലങ്ങളിലും സംസ്കാരങ്ങളിലും, വൈദികരായി സേവനം ചെയ്യാൻ ദൈവം വിളിക്കുന്നവരുടെ മനസ്സിലും ഹൃദയത്തിലും ദൈവവിളിയുടെ വിത്തു പാകാൻ ഇത് സഹായിക്കുന്നു.
ഇതോടൊപ്പം, പ്രത്യേകിച്ച് പ്രദക്ഷിണത്തിൽ, ശുശ്രൂഷകർ ദൈവജനത്തെ മുഴുവനും പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നുമുണ്ട്. വിശുദ്ധ കുർബാനയിൽ, സ്വർഗത്തിലേക്കുള്ള ഒരു ആത്മീയയാത്രയിലാണ് നാമെന്ന് നാമെല്ലാവരും കാണണം. അൾത്താരസ്ഥലം സ്വർഗത്തിന്റെ പ്രതീകമാണ്; കുരിശ് വഴികാട്ടിയായി മുന്നിൽ നീങ്ങുമ്പോൾ ദൈവജനം മുഴുവനും സ്വർഗത്തിലേക്കു യാത്ര ചെയ്യുന്നതിനെയാണ് പ്രദക്ഷിണം പ്രതീകപ്പെടുത്തുന്നത്.
റോമിൽ ഏകദേശം 9,000 അൾത്താരശുശ്രൂഷകർ പങ്കെടുത്ത ഒരു സംഗമത്തിൽ, അൾത്താരയിലെ ശുശ്രൂഷ “മറ്റുള്ളവരോട് മനസ്സു തുറക്കാനും ഒരുമിച്ചു യാത്ര ചെയ്യാനും ഏറെ പരിശ്രമം ആവശ്യമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അവ കൈവരിക്കാനുള്ള ശക്തി കണ്ടെത്താനും നിങ്ങളെ പ്രാപ്തരാക്കുന്നു” എന്ന് ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു. അദ്ദേഹം തുടർന്നു പറഞ്ഞു: “നിങ്ങൾ അൾത്താരയോട് എത്രയധികം അടുത്തിരിക്കുന്നുവോ, അത്രയധികം അനുദിന പ്രാർഥനയിൽ യേശുവിനോടു സംസാരിക്കാൻ നിങ്ങൾ ഓർക്കും; കർത്താവിന്റെ വചനത്താലും ശരീരത്താലും എത്രയധികം നിങ്ങൾ പരിപോഷിപ്പിക്കപ്പെടുന്നുവോ, അത്രയധികം നിങ്ങൾക്കു ലഭിച്ച ദാനം മറ്റുള്ളവരിലേക്കു കൊണ്ടുചെല്ലാനും നിങ്ങൾക്കു ലഭിച്ച സന്തോഷം ഉത്സാഹത്തോടെ അവർക്കു പകർന്നുകൊടുക്കാനും നിങ്ങൾക്കു കഴിയും.”
നിങ്ങൾക്ക് ഒരു അൾത്താരശുശ്രൂഷകനെ അറിയാമെങ്കിൽ, ആ ശുശ്രൂഷയ്ക്കു നന്ദി പറയാനും പ്രധാനപ്പെട്ട ആ ദൗത്യത്തിൽ പ്രോത്സാഹനം നൽകാനും മറക്കരുത്.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
