ചോദ്യം: കൗമാരപ്രായക്കാരായ മക്കളുടെ മാതാവോ പിതാവോ എന്ന നിലയിൽ, ഇത്രയധികം മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇത്ര ചെറുപ്പത്തിലേ മദ്യപിക്കാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാമോ?
ഉത്തരം: ഈ ചോദ്യം ചോദിക്കുന്നതിൽനിന്ന്, മദ്യപിക്കാൻ നിയമം അനുവദിക്കുന്ന പ്രായമെത്തുന്നതിനുമുമ്പുതന്നെ മക്കളെ മദ്യപിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്ന ചില സാഹചര്യങ്ങൾ നിങ്ങൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. ഇത് പതിവായിരിക്കാതെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നായിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. ഓരോ സാഹചര്യവും വ്യത്യസ്തമായിരിക്കാമെന്നതിനാൽ, ഈ വിഷയം കുറച്ചുകൂടി പൊതുവായി പരിഗണിച്ച് നിങ്ങളുടെ ചോദ്യത്തിന് സാധ്യമായ ഒരു ഉത്തരം നൽകാം.
ആദ്യമായി, ഇന്നത്തെ കാലത്ത് മക്കളെ വളർത്തുന്നതിൽ അനേകം വെല്ലുവിളികളുണ്ട്. നേരിടാൻ പ്രയാസമുള്ള പല പ്രലോഭനങ്ങളും മുതിർന്നവരെപ്പോലെതന്നെ യുവജനങ്ങളെയും കാത്തിരിപ്പുണ്ട്. മാതാപിതാക്കൾക്ക് സ്വന്തം വ്യക്തിപരമായ പോരാട്ടങ്ങളെയും പ്രലോഭനങ്ങളെയും നേരിടേണ്ടിവരുമെന്നു മാത്രമല്ല, മക്കളുടെ വെല്ലുവിളികളെയും പ്രലോഭനങ്ങളെയും നേരിടാൻ അവരെ സഹായിക്കേണ്ടിയും വരും.
മദ്യത്തിന്റെ കാര്യം പറയുകയാണെങ്കിൽ, അത് കുടിക്കുന്നത് അതിൽത്തന്നെ തെറ്റായ ഒന്നല്ല. യേശു വീഞ്ഞു കുടിച്ചിരുന്നു; അവിടുത്തെ ആദ്യത്തെ അത്ഭുതത്തിൽ വെള്ളം വീഞ്ഞാക്കി മാറ്റുകപോലും ചെയ്തു. അവസാന അത്താഴത്തിൽ തന്റെ തിരുരക്തമായി മാറ്റപ്പെടാനുള്ള പദാർഥമായി അവിടുന്ന് ഉപയോഗിച്ചതും വീഞ്ഞുതന്നെയായിരുന്നു. കൂടാതെ, മദ്യപിക്കുന്നത് തെറ്റല്ലെന്നു വ്യക്തമാക്കുന്ന മറ്റു വീഞ്ഞുപരാമർശങ്ങളും വിശുദ്ധഗ്രന്ഥത്തിലുണ്ട്. എന്നാൽ, മദ്യവുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകുന്ന രണ്ടു പ്രശ്നങ്ങൾ അമിതമായ മദ്യപാനവും നിയമം അനുവദിക്കുന്ന പ്രായമെത്തുംമുമ്പുള്ള മദ്യപാനവുമാണ്.
അമിതമായി മദ്യപിക്കുന്നത് ആർക്കായാലും പാപമാണ്; കാരണം, ദൈവം നമുക്കു നൽകിയ ഒരു നല്ല വസ്തുവിന്റെ ദുരുപയോഗമാണത്. മദ്യലഹരിയിലായ ഒരാളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, വ്യക്തമായി ചിന്തിക്കാനും ആരോഗ്യകരമായ രീതിയിൽ പെരുമാറാനും അയാൾക്കു കഴിയുന്നില്ലെന്ന് മനസ്സിലാകും. അമിതമായ മദ്യപാനം ദൈവത്തിന്റെ സ്വരം കേൾക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കാനുമുള്ള നമ്മുടെ കഴിവിനെ എപ്പോഴും തടസ്സപ്പെടുത്തും.
എന്നാൽ, നിയമപരമായ പ്രായമെത്താത്ത മക്കളെ മാതാപിതാക്കൾ മദ്യപിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചാണ് നിങ്ങളുടെ ചോദ്യം. ഇതുമായി ബന്ധപ്പെട്ട് മറ്റു പല പ്രശ്നങ്ങളും ഉയർന്നുവരുന്നു. ഒന്നാമതായി, പൗരന്മാരെന്ന നിലയിൽ നീതിയുക്തമായ എല്ലാ നിയമങ്ങളെയും മാനിക്കാനും അനുസരിക്കാനും നമുക്ക് ധാർമ്മികമായ കടമയുണ്ട്. മദ്യപിക്കാനുള്ള സ്വാതന്ത്ര്യം 21 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്കു മാത്രമായി നമ്മുടെ സംസ്ഥാനങ്ങൾ പരിമിതപ്പെടുത്തുന്നത് നല്ല കാര്യമാണെന്നാണ് എനിക്കു തോന്നുന്നത്. എന്തുകൊണ്ട്? കൗമാരക്കാർ മദ്യപിക്കുന്ന ഒരു വിരുന്നിൽ ഒന്നു പങ്കെടുത്താൽത്തന്നെ, മദ്യം കാര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രണാതീതമാക്കുമെന്ന് നിങ്ങൾക്കു പെട്ടെന്നു മനസ്സിലാകുമെന്ന് എനിക്കുറപ്പുണ്ട്. മാത്രമല്ല, ഈ നിയമം നീതിയുക്തമായതിനാൽ, അതു പാലിക്കാൻ പ്രായപൂർത്തിയാകാത്തവർക്കു മാത്രമല്ല ധാർമ്മികമായ കടമയുള്ളത്; മക്കളുടെ കാര്യത്തിൽ അതു പാലിക്കാൻ മാതാപിതാക്കൾക്കും കടമയുണ്ട്.
മാതാപിതാക്കൾ മക്കളെ മദ്യപിക്കാൻ അനുവദിക്കുന്നതിനു പല കാരണങ്ങളുണ്ടാകാം. മക്കൾക്ക് തങ്ങളോട് “ഇഷ്ടം” തോന്നണമെന്ന ആഗ്രഹമായിരിക്കാം ഏറ്റവും സാധാരണമായ കാരണം. മറ്റുള്ളവർക്ക് നമ്മോട് ഇഷ്ടം തോന്നണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, അധികാരസ്ഥാനങ്ങളിലുള്ളവർ ചിലപ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. മുകളിൽ പറഞ്ഞതുപോലെ, മാതാപിതാക്കളായിരിക്കുക എന്നത് ചില സമയങ്ങളിൽ പ്രയാസകരമാണ്. മക്കളോട് “ഇല്ല” എന്നു പറയേണ്ടിവരുമ്പോൾ എല്ലാ മാതാപിതാക്കൾക്കും ബുദ്ധിമുട്ടു തോന്നും. അതുമൂലം മക്കൾക്ക് അവരോട് നീരസം തോന്നുകയും അവരെ മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്തേക്കാം. എങ്കിലും, ഏറ്റവും എളുപ്പമുള്ളതു ചെയ്യുന്നതിനുപകരം ശരിയായതു ചെയ്യുക എന്നത് മാതാപിതാക്കൾക്ക് വളരെ പ്രധാനമാണ്—അതിന്റെ പേരിൽ മക്കൾ അവരെ തെറ്റിദ്ധരിക്കുകയോ “പഴഞ്ചൻ” എന്നു കരുതുകയോ ചെയ്താലും.
കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മകനെ അല്ലെങ്കിൽ മകളെ മദ്യപിക്കാൻ അനുവദിക്കാത്തതുകൊണ്ടായിരിക്കാം നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത്. നിങ്ങൾ ശരിയായ തീരുമാനമാണ് എടുക്കുന്നതെന്ന് അറിഞ്ഞ് ധൈര്യമായിരിക്കൂ എന്നു മാത്രമാണ് എനിക്കു പറയാനുള്ളത്.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
