മലയാളം

ചോ. കത്തോലിക്കരും ക്രൈസ്തവരും

ചോ. ഈ ശരത്കാലത്ത് കോളേജിൽ പഠനം തുടങ്ങിയതുമുതൽ കത്തോലിക്കരല്ലാത്ത പലരുമായി ഞാൻ സൗഹൃദത്തിലായിട്ടുണ്ട്. അവരിൽ ചിലർ ക്രൈസ്തവരാണ്; എന്നാൽ ചിലർ പള്ളിയിൽപ്പോലും പോകാറില്ല. ഞങ്ങൾ സംസാരിക്കുമ്പോൾ, കത്തോലിക്കനായിരിക്കുന്നതിന് ഇത്ര പ്രാധാന്യമെന്താണെന്ന് അവരോട് എങ്ങനെ പറയണമെന്ന് എനിക്ക് വ്യക്തമായി അറിയില്ല. ഞാൻ എന്താണ് പറയേണ്ടത്?

ഉ. അവരുടെ ജീവിതത്തിൽ നല്ലൊരു മാറ്റം വരുത്താൻ നിങ്ങൾക്ക് മികച്ചൊരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഞാൻ പറയും! നമ്മുടെ കത്തോലിക്കാ വിശ്വാസം അത്ഭുതകരമായ ഒരു ദാനമാണ്. അതിനാൽ, അതിനെ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അതിമഹത്തായ ഒരു ഭാഗ്യമാണ്. നിങ്ങളുടെ പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു ചോദിക്കുമ്പോൾ, അവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്ന് നൽകാനുള്ള അതിമനോഹരമായ ഒരവസരമാണ് നിങ്ങൾക്കു ലഭിക്കുന്നത്.

നിങ്ങളുടെ സുഹൃത്തുക്കളുമായി കത്തോലിക്കാ വിശ്വാസം പങ്കുവയ്ക്കുക എന്നത് ഒരുപക്ഷേ നിങ്ങൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമായിരിക്കാം. ജീവിതത്തിൽ പിന്നീടൊരിക്കൽ, അവരുമായി തന്റെ വിശ്വാസം പങ്കുവയ്ക്കുന്ന മറ്റൊരു നല്ല കത്തോലിക്കാ വിശ്വാസിയെ അവർ കണ്ടുമുട്ടിയേക്കാം; എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കാനും ഇടയുണ്ട്. കത്തോലിക്കാ വിശ്വാസമെന്ന അത്ഭുതകരമായ ദാനത്തെക്കുറിച്ച് അറിയാൻ ഒരുപക്ഷേ അവർക്ക് “ജീവിതത്തിൽ ഒരിക്കൽ മാത്രം” ലഭിക്കുന്ന അവസരമായി ഈ നിമിഷത്തെ കാണാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കത്തോലിക്കരെന്ന നിലയിൽ, വിശ്വാസത്തിന്റെ പൂർണ്ണത ലഭിച്ചിരിക്കുന്ന അനുഗ്രഹീതരാണ് നാമെന്ന് നാം വിശ്വസിക്കുന്നു. എന്താണ് ഇതിനർത്ഥം? പ്രത്യേകിച്ച് രണ്ടു കാര്യങ്ങളാണ് ഇത് അർത്ഥമാക്കുന്നത്. ഒന്നാമതായി, നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് യേശു ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഏറ്റവും പൂർണ്ണമായ ധാരണ ലഭിക്കാൻ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കരെന്ന നിലയിൽ, നമ്മുടെ വിശ്വാസത്തിന്റെ വേരുകൾ യേശുവിൽത്തന്നെ ചെന്നെത്തുന്നു. മാർപാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണ്; അതിനാൽ സ്വർഗരാജ്യത്തിന്റെ താക്കോലുകൾ വഹിക്കാനുള്ള ദൈവിക നിയോഗത്തിൽ പങ്കുചേരുകയും ചെയ്യുന്നു! അതിനർത്ഥം, അദ്ദേഹം സകല സത്യത്തിലേക്കും നമ്മെ തുടർന്നും നയിക്കുകയും യേശുവിന്റെതന്നെ അധികാരത്തോടെ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണിത്.

കൂടാതെ, കത്തോലിക്കരെന്ന നിലയിൽ സഭയുടെ കൂദാശാജീവിതത്തിൽ പങ്കുചേരാൻ കഴിയുന്നതിലൂടെ, നമുക്ക് സങ്കൽപ്പിക്കാവുന്നതിലുമപ്പുറം നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ദൈവവുമായി ബന്ധപ്പെടാനും അവിടുത്തെ കൃപ സ്വീകരിക്കാനുമുള്ള ഏറ്റവും ശ്രേഷ്ഠമായ മാർഗമാണ് കൂദാശകളെന്ന് അവയെക്കുറിച്ച് മനസ്സിലാക്കിയവർക്ക് അറിയാം.

കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള ഈ വസ്തുതകൾ വിശദീകരിക്കുക പ്രയാസമായിരിക്കാം. എങ്കിലും, അത് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് ഞാൻ ഒരു നിർദേശം നൽകട്ടെ.

ഒന്നാമതായി, നിങ്ങളുടെ കത്തോലിക്കാ വിശ്വാസത്തെ പൂർണ്ണമായി മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും നിങ്ങൾ തുടർന്നും പരിശ്രമിക്കണമെന്ന് ഞാൻ നിർദേശിക്കുന്നു. വിശ്വാസത്തെക്കുറിച്ച് പഠിക്കുക, വലിയ ഭക്തിയോടെ കൂദാശകളുടെ ആഘോഷത്തിൽ പങ്കുചേരുക, ഈ വിശ്വാസം നിങ്ങൾക്കു നൽകുന്ന മഹത്തായ ദാനം കണ്ടെത്താൻ ശ്രമിക്കുക.

രണ്ടാമതായി, നിങ്ങൾ ഒരു കത്തോലിക്കനായി പൂർണ്ണമായി ജീവിക്കുമ്പോൾ, ആ വിശ്വാസം പങ്കുവയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ സുഹൃത്തുക്കളോട് വ്യക്തിപരമായി സംസാരിക്കുക എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ കത്തോലിക്കാ വിശ്വാസം അനുദിനം ജീവിക്കുന്നുണ്ടെങ്കിൽ, അവസരം വരുമ്പോൾ ഈ വിശ്വാസം നിങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് സുഹൃത്തുക്കളോട് എളുപ്പത്തിൽ പറയാൻ കഴിയും. വിശുദ്ധ കുർബാനയിലും അനുരഞ്ജന കൂദാശയിലും പങ്കെടുക്കുമ്പോൾ ദൈവം നിങ്ങളെ കണ്ടുമുട്ടാൻ വരുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് പങ്കുവയ്ക്കാം. മാർപാപ്പയിലൂടെയും മെത്രാന്മാരിലൂടെയും നിങ്ങൾക്കു ലഭിക്കുന്ന യേശുവിന്റെ പ്രബോധനത്തിലുള്ള നിങ്ങളുടെ ആഴമായ ഉറപ്പ് വിശദീകരിക്കാം. കത്തോലിക്കാ സഭയിൽ അനുദിനം ദൈവത്തെ കണ്ടുമുട്ടുമ്പോൾ അവിടുത്തോടു നിങ്ങൾക്കുള്ള ആഴമായ സ്നേഹം ലളിതമായി പങ്കുവയ്ക്കുകയും ചെയ്യാം.

ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത്, നിങ്ങൾക്കുള്ളത് തങ്ങൾക്കും ലഭിക്കണമെന്ന ആഗ്രഹം അവരിൽ ജ്വലിപ്പിച്ചേക്കാം. നിങ്ങളുടെ സന്തോഷവും വിശ്വാസവും ഭക്തിയും കാണുമ്പോൾ, നിങ്ങളോടൊപ്പം ചേരാനും കത്തോലിക്കാ സഭ യഥാർത്ഥത്തിൽ എന്താണെന്ന് കണ്ടെത്താനും അവർ ആഗ്രഹിച്ചേക്കാം.

ചുരുക്കത്തിൽ, ഒരു കത്തോലിക്കനായിരിക്കുന്നതിനെ നിങ്ങൾ ആത്മാർത്ഥമായി സ്നേഹിക്കുകയും നിങ്ങളുടെ വിശ്വാസം പൂർണ്ണമായി ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ കണ്ടെത്തിയതിലേക്ക് സ്വാഭാവികമായും മറ്റുള്ളവരെ ആകർഷിക്കും. നിങ്ങളെ ഉപയോഗിക്കാൻ ദൈവത്തെ അനുവദിക്കുന്ന മനസ്സോടെ നിങ്ങൾ തുറന്നിരിക്കുകയാണെങ്കിൽ, ഇക്കാര്യത്തിൽ അവിടുന്ന് നിങ്ങളെ നയിക്കും. ഓർക്കുക, നമ്മുടെ മഹിമയാർന്ന കത്തോലിക്കാ സഭയിൽ ദൈവത്തെ കണ്ടെത്താൻ ഈ പുതിയ സുഹൃത്തുക്കൾക്കു ലഭിക്കുന്ന ഏക അവസരം നിങ്ങളായിരിക്കാം!


കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ