ചോദ്യം: ഞാനും ചില സുഹൃത്തുക്കളും ഒരുമിച്ചിരിക്കുമ്പോൾ രാശിഫലങ്ങൾ, ടാരറ്റ് കാർഡുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഒരു സുഹൃത്തിന് ദിവസവും രാശിഫലം വായിക്കാൻ ഇഷ്ടമാണ്; മറ്റൊരാൾക്ക് ഭാവി പ്രവചിക്കുന്നവരുടെ അടുത്തു പോകാനും. അതിനെക്കുറിച്ച് സഭയുടെ നിലപാട് എന്താണ്
ഉത്തരം: വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇതൊക്കെ യാഥാർഥ്യമാണ്! എന്നാൽ “യാഥാർഥ്യം” എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കട്ടെ.
രാശിഫലങ്ങളുടെ കാര്യമെടുത്താൽ, നാം ആരാണ്, നമ്മുടെ വ്യക്തിത്വം എന്താണ്, നാം എന്തു ചെയ്യുന്നു എന്നതിലൊക്കെ നമ്മുടെ ജനനത്തീയതികൾക്ക് യഥാർഥത്തിൽ സ്വാധീനമുണ്ടോ? ഇല്ല. ക്ഷമിക്കണം, അത് ഒട്ടും സത്യമല്ല. ചില അർഥങ്ങളിൽ, രാശിഫലത്തെ ആശ്രയിക്കുന്നത് ഒരു ചിത്രകഥാപുസ്തകത്തെ ആശ്രയിക്കുന്നതുപോലെതന്നെയാണ്! “ഒരു രസത്തിനുവേണ്ടി” പോലും അവ വായിക്കേണ്ടെന്നാണ് എന്റെ തീരുമാനം. കാരണം, അവയിൽ അൽപമെങ്കിലും സത്യമുണ്ടോ എന്നു ചിന്തിക്കാനുള്ള ഒരു പ്രലോഭനം എപ്പോഴും ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ രാശിഫലം സത്യമായ യാതൊന്നിലും അധിഷ്ഠിതമല്ലാത്തതിനാൽ, അതു വായിക്കാതിരിക്കുന്നതാണ് നല്ലതെന്നു ഞാൻ പറയും—ഒന്നു ചിരിക്കാനായിപ്പോലും വേണ്ട.
ടാരറ്റ് ചീട്ടുകളെയും ഭാവി പ്രവചിക്കുന്നവരെയും കുറിച്ച് എന്തു പറയണം? ഭാവി അറിയാൻ ശ്രമിക്കുക എന്നതാണ് രണ്ടിന്റെയും ലക്ഷ്യം. ദൈവത്തിനു മാത്രമേ ഭാവി അറിയൂ. ഭാവി അറിയുന്നതിനെക്കുറിച്ച് കത്തോലിക്കാസഭ ഇങ്ങനെ പഠിപ്പിക്കുന്നു: “ദൈവത്തിന് തന്റെ പ്രവാചകന്മാർക്കോ മറ്റു വിശുദ്ധർക്കോ ഭാവി വെളിപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, ഭാവിയെ സംബന്ധിക്കുന്ന സകല കാര്യങ്ങളിലും ദൈവപരിപാലനയുടെ കരങ്ങളിൽ വിശ്വാസപൂർവം സ്വയം സമർപ്പിക്കുകയും അതിനെക്കുറിച്ചുള്ള അനാരോഗ്യകരമായ എല്ലാ ജിജ്ഞാസയും ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് ശരിയായ ക്രൈസ്തവ മനോഭാവം” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം #2115). കൂടാതെ, മതബോധനഗ്രന്ഥം പറയുന്നു: “ഭാവി അറിയാനുള്ള പ്രശ്നവിദ്യയുടെ എല്ലാ രൂപങ്ങളും നിരസിക്കപ്പെടേണ്ടതാണ്: സാത്താനെയോ പിശാചുക്കളെയോ ആശ്രയിക്കുക, മരിച്ചവരെ ആവാഹിക്കുക, അല്ലെങ്കിൽ ഭാവി ‘വെളിപ്പെടുത്തും’ എന്നു തെറ്റായി കരുതപ്പെടുന്ന മറ്റു ആചാരങ്ങൾ അനുഷ്ഠിക്കുക എന്നിവയെല്ലാം ഇതിൽപ്പെടുന്നു. ജാതകം നോക്കൽ, ജ്യോതിഷം, കൈനോട്ടം, ശകുനങ്ങളുടെയും നറുക്കുകളുടെയും വ്യാഖ്യാനം, അതീന്ദ്രിയദർശനത്തിന്റെ പ്രതിഭാസങ്ങൾ, ആത്മാക്കളുമായി സമ്പർക്കം പുലർത്തുന്ന മധ്യവർത്തികളെ ആശ്രയിക്കൽ എന്നിവയെല്ലാം കാലത്തിന്മേലും ചരിത്രത്തിന്മേലും, ആത്യന്തികമായി മറ്റു മനുഷ്യരുടെമേലും അധികാരം നേടാനുള്ള ആഗ്രഹവും നിഗൂഢശക്തികളെ പ്രീതിപ്പെടുത്താനുള്ള മോഹവും ഉള്ളിൽ മറച്ചുവയ്ക്കുന്നു. ദൈവത്തിനു മാത്രം നാം അർപ്പിക്കേണ്ട ബഹുമാനത്തിനും ആദരവിനും സ്നേഹപൂർണമായ ഭയഭക്തിക്കും ഇവ വിരുദ്ധമാണ്” (#2116).
അയ്യോ! എത്ര വ്യക്തമായാണ് പറഞ്ഞിരിക്കുന്നത്! വെറും വിനോദത്തിനോ ജിജ്ഞാസയ്ക്കോ വേണ്ടിയാണെങ്കിൽപ്പോലും, ആരെങ്കിലും ടാരറ്റ് ചീട്ടുകളിലൂടെയോ ഊയ്ജ ബോർഡുകളിലൂടെയോ ഭാവി പ്രവചിക്കുന്നവരിലൂടെയോ അതുപോലുള്ളവയിലൂടെയോ “മാർഗനിർദേശം” തേടുമ്പോൾ, ദൈവം വ്യക്തമായി വിലക്കിയിരിക്കുന്ന കാര്യങ്ങളിലാണ് അവർ കൈവയ്ക്കുന്നതെന്ന് മനസ്സിലാക്കണം. വാസ്തവത്തിൽ, ഇതിലെല്ലാം ഏർപ്പെടുന്നവർ തങ്ങൾ അറിയാതെതന്നെ പൈശാചിക സ്വാധീനത്തിന് വഴിതുറന്നുകൊടുക്കുന്നുണ്ടാകാം. എന്തുകൊണ്ട്? കാരണം, ഈ ആചാരങ്ങളിൽ ഏതെങ്കിലുമൊന്ന് “യഥാർഥം” ആകണമെങ്കിൽ, ഒരു പിശാച് അതിലൂടെ പ്രവർത്തിച്ച് ഭാവിയെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യാജമാർഗനിർദേശം നൽകണം; അതല്ലാതെ മറ്റൊരു വഴിയുമില്ല.
അതുകൊണ്ട്, ഇവയെല്ലാം “യഥാർഥമാണ്” എന്നു ഞാൻ പറയുമ്പോൾ, ഇവ യഥാർഥമായ അപകടമാണെന്നും നമ്മെ യഥാർഥത്തിൽ ദോഷകരമായി സ്വാധീനിക്കാൻ കഴിയുമെന്നുമാണ് ഞാൻ ഉദ്ദേശിക്കുന്നത്.
ദൈവത്തിനു മാത്രമേ ഭാവി അറിയൂ എന്നു വിശ്വസിക്കുകയാണ് പ്രധാനം. പൊതുവേ പറഞ്ഞാൽ, ദൈവം നമുക്കു ഭാവി വെളിപ്പെടുത്താറില്ല. ഏതെങ്കിലും വിധത്തിൽ ഭാവി വെളിപ്പെടുത്താൻ ഒരു വിശുദ്ധനെയോ പ്രവാചകനെയോ ഉപയോഗിക്കാൻ ദൈവം തീരുമാനിക്കുന്നുവെങ്കിൽ, അവിടുന്ന് സ്വന്തം മുൻകൈയിൽ നമ്മുടെ നന്മയ്ക്കായി അതു ചെയ്യും. ഇത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്; നാം ഒരിക്കലും അന്വേഷിച്ചു പോകേണ്ട കാര്യമല്ല. ദൈവംതന്നെ ഇതു ചെയ്തുകൊള്ളും. നമ്മുടെ ഭാഗത്തുനിന്ന്, ഭാവിയെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിക്കുന്ന ഒരു ബന്ധത്തിലേക്ക് ഓരോ ദിവസവും കൂടുതൽ ആഴത്തിൽ പ്രവേശിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്.
വിലക്കപ്പെട്ട ഈ ആചാരങ്ങളിൽ ഏതിലെങ്കിലും നിങ്ങൾ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, കുമ്പസാരിക്കാൻ പോകണമെന്ന് ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ കൂദാശയിൽ, നിങ്ങൾ ചെയ്തിട്ടുള്ള തെറ്റുകളിൽനിന്നെല്ലാം ദൈവം നിങ്ങളെ മോചിപ്പിക്കുകയും അവിടുത്തെ കൃപയിൽ മാത്രം ആശ്രയിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും!
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
