ചോദ്യം: യഥാർഥ ക്രൈസ്തവരാകാൻ വൈദികരുടെയും മാർപാപ്പയുടെയും ആവശ്യമില്ലെന്ന് കത്തോലിക്കയല്ലാത്ത ഒരു സുഹൃത്ത് പറയുന്നു. അവൾ പറയുന്നത് ശരിയാണോ?
ഉത്തരം: ഇത് അൽപം “കുഴയ്ക്കുന്ന” ഒരു ചോദ്യമാണെന്നു ഞാൻ പറയും…എങ്കിലും ചില ചിന്തകൾ പങ്കുവയ്ക്കട്ടെ.
ഒന്നാമതായി, നമ്മിൽ ഏതൊരാൾക്കും ക്രൈസ്തവനാകാൻ യഥാർഥത്തിൽ “ആവശ്യമുള്ളത്” യേശുക്രിസ്തു മാത്രമാണ്. ക്രൈസ്തവനായിരിക്കുക എന്നാൽ ക്രിസ്തുവിനെപ്പോലെയായിരിക്കുക എന്നാണ്. അതായത്, യേശു നമ്മുടെ ജീവിതത്തിൽ സജീവമായി സന്നിഹിതനാണ്; അവിടുന്ന് നമ്മെ നയിക്കുകയും രൂപാന്തരപ്പെടുത്തുകയും തന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും നമ്മോട് ഗാഢമായി ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. തീർച്ചയായും, അവിടുത്തെ അനുയായികളെന്ന നിലയിൽ ഓരോ ദിവസവും അവിടുത്തെ തിരുവുള്ളമനുസരിച്ച് നാം ജീവിക്കുമെന്നുകൂടിയാണ് അതിനർഥം. അതുകൊണ്ട്, നമുക്ക് ക്രൈസ്തവരാകാൻ യേശു മതിയെന്നതാണ് ഞാൻ നൽകുന്ന ആദ്യത്തെ ലളിതമായ ഉത്തരം.
എന്നാൽ, കൂടുതൽ ആഴത്തിലുള്ള ഉത്തരം യേശു എന്താണ് ആഗ്രഹിക്കുന്നത്, അവിടുന്ന് നമ്മെ എങ്ങോട്ടാണ് നയിക്കുക, നമ്മുടെ ജീവിതത്തിലേക്കു കടന്നുവരാൻ അവിടുന്ന് ഏതു മാർഗമാണ് തിരഞ്ഞെടുക്കുന്നത് എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെയാണ് വൈദികരുടെയും മാർപാപ്പയുടെയും ആവശ്യം നാം കണ്ടെത്തുന്നത്.
ഞാനിത് ഇങ്ങനെ പറയട്ടെ. നാം യേശുവിനെ സ്നേഹിക്കുകയും അവിടുത്തെ അനുയായികളായിരിക്കുകയും ചെയ്യുന്നെങ്കിൽ, അവിടുന്ന് നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് നാം ചെയ്യുകയും അവിടുന്ന് നിശ്ചയിക്കുന്ന വ്യവസ്ഥകളനുസരിച്ച് അവിടുത്തെ അനുഗമിക്കുകയും ചെയ്യും. അതിനാൽ, ആരോടെങ്കിലും ക്ഷമിക്കാൻ അവിടുന്ന് നമ്മെ വിളിക്കുമ്പോൾ, “ക്ഷമിക്കണമേ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്നാൽ ഈ വ്യക്തിയോട് ഞാൻ ക്ഷമിക്കണമെന്ന അങ്ങയുടെ അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല” എന്നു പറയുകയാണെങ്കിൽ, നാം അവിടുത്തെ അനുയായികളാണെന്ന് കരുതാനാവില്ല. ഈ അടിസ്ഥാനതത്ത്വം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കാവുന്നതാണ്.
അപ്പോൾ, ക്രൈസ്തവരാകാൻ നമുക്ക് വൈദികരെയും മാർപാപ്പയെയും ആവശ്യമുണ്ടോ? നാം ചെയ്യേണ്ടത്, യേശുവിനെ നാം എങ്ങനെ അനുഗമിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവോ, അങ്ങനെ അവിടുത്തെ അനുഗമിക്കുകയാണ്. കത്തോലിക്കരായ നാം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമുണ്ട്: തന്റെ വൈദികരിലൂടെയും, പ്രത്യേകിച്ച് തന്റെ മാർപാപ്പയിലൂടെയും, നമ്മെ നേരിട്ട് ശുശ്രൂഷിക്കാനാണ് യേശു ആഗ്രഹിക്കുന്നത്.
ഏതെങ്കിലും ഒരു വൈദികൻ, ഒരുപക്ഷേ ഏതെങ്കിലും ഒരു മാർപാപ്പപോലും, തന്റെ വ്യക്തിജീവിതത്തിൽ എല്ലായ്പ്പോഴും ദൈവഹിതത്തിന് അനുസൃതമായി പ്രവർത്തിച്ചെന്നുവരില്ല എന്നത് സത്യമായിരിക്കാം. ഇത് പതിവാകാതെ ഒരു അപവാദം മാത്രമായിരിക്കട്ടെ എന്നു പ്രത്യാശിക്കാം. എങ്കിലും, നമ്മെ നേരിട്ട് നയിക്കാനും പഠിപ്പിക്കാനും കൂദാശകളിലൂടെ പോഷിപ്പിക്കാനുമുള്ള ഒരു മാർഗമായിട്ടാണ് യേശു നമുക്ക് പൗരോഹിത്യം നൽകിയത് എന്ന വസ്തുത നിലനിൽക്കുന്നു. പൗരോഹിത്യമില്ലാതെയും നമുക്കു കഴിയുമെന്ന് പറയാതിരിക്കാൻ നാം വളരെ ശ്രദ്ധിക്കണം. എന്തുകൊണ്ട്? തന്റെ വൈദികരിലൂടെ തന്റെ ശുശ്രൂഷയുടെ അനിവാര്യമായ ഒരു ഭാഗം തുടരാനായി നമുക്ക് പൗരോഹിത്യം നൽകിയത് യേശുതന്നെയാണ് എന്നതുകൊണ്ട്. സർവോപരി, നമുക്ക് വിശുദ്ധ കുർബാന ആവശ്യമാണ്! നമ്മുടെ ആത്മാക്കളെ പോഷിപ്പിക്കാൻ നമ്മുടെ ഇടയിൽ സന്നിഹിതനായിരിക്കുന്ന യേശുതന്നെയാണ് വിശുദ്ധ കുർബാന. പൗരോഹിത്യത്തിലൂടെ മാത്രമാണ് അവിടുന്ന് ഈ ദാനം നമുക്കു നൽകുന്നത്!
മാർപാപ്പയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിലൂടെ യേശു പലവിധത്തിൽ നമ്മെ ശുശ്രൂഷിക്കുന്നു. വിശേഷിച്ച്, നമ്മുടെ വിശ്വാസത്തിന്റെ ഐക്യം ഉറപ്പുവരുത്തുകയും നാം അറിയണമെന്ന് യേശു ആഗ്രഹിക്കുന്ന കാര്യങ്ങൾ തെറ്റുകൂടാതെ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹമാണ്. മാർപാപ്പയുടെ അനിവാര്യമായ പങ്കിനെ അവഗണിക്കുന്നത് യഥാർഥത്തിൽ യേശുവിനെത്തന്നെ നിഷേധിക്കുന്നതാണ്.
ഇത് സഹായകമായെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! വൈദികരായ ഞങ്ങൾക്കുവേണ്ടിയും, പ്രത്യേകിച്ച് മാർപാപ്പയ്ക്കുവേണ്ടിയും ദയവായി പ്രാർഥിക്കണമേ. ഞങ്ങളെ ഭരമേൽപ്പിച്ച ദൗത്യം കൂടുതൽ പൂർണമായി ജീവിക്കാൻ നിങ്ങളുടെ പ്രാർഥനകൾ തീർച്ചയായും ഞങ്ങളെ എല്ലാവരെയും സഹായിക്കും.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
