ചോദ്യം: ഏറെക്കാലമായി ഞാൻ കുമ്പസാരിച്ചിട്ടില്ല; എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. ഇടവകയിൽ ഞാൻ പല കാര്യങ്ങളിലും സഹായിക്കുന്നതിനാൽ വൈദികൻ എന്റെ ശബ്ദം തിരിച്ചറിയുമെന്ന് എനിക്കറിയാം. ഞങ്ങൾ പരസ്പരം കാണുമ്പോഴൊക്കെ ഞാൻ കുമ്പസാരിച്ച പാപങ്ങളെക്കുറിച്ചായിരിക്കും അദ്ദേഹം ചിന്തിക്കുന്നതെന്ന് എനിക്കു ഭയമാണ്. ഞാൻ എന്തു ചെയ്യണം?
ഉത്തരം: ഒന്നാമതായി, ഇടവകയിൽ നിങ്ങൾ പല കാര്യങ്ങളിലും സഹായിക്കുന്നത് വളരെ നല്ല കാര്യമാണ്. അത് നിങ്ങളുടെ വിശ്വാസത്തിന്റെയും ദൈവത്തെ സേവിക്കാനുള്ള ആഗ്രഹത്തിന്റെയും അടയാളമാണ്.
കുമ്പസാരത്തിന്റെ കാര്യത്തിൽ, അടുത്തുള്ള മറ്റൊരു ഇടവകയിൽ ചെന്ന് നിങ്ങൾക്കു പരിചയമില്ലാത്ത ഒരു വൈദികനെ കണ്ടെത്തുക എന്നതാണ് ലളിതമായ ഉത്തരം. അത്ര സൗകര്യപ്രദമായിരിക്കില്ലെങ്കിലും, മനസ്സമാധാനത്തോടെ കുമ്പസാരിക്കാൻ നിങ്ങൾക്ക് അതാണ് ആവശ്യമെങ്കിൽ, അതിനായുള്ള അധികശ്രമം തീർച്ചയായും വിലപ്പെട്ടതാണ്!
“മറയുടെ പിന്നിൽ” നിന്നുകൊണ്ട് കുമ്പസാരിക്കാനുള്ള സൗകര്യം ആളുകൾക്കു നൽകുന്ന പതിവ് സഭയിലുള്ളത് ഒരു കാരണത്താലാണ്. ചിലർ “ഭയത്തോടും വിറയലോടും” കൂടിയാണ് കുമ്പസാരക്കൂട്ടിൽ പ്രവേശിക്കുന്നത്. അതുകൊണ്ട്, തങ്ങൾ ആരാണെന്ന് അറിയിക്കാതെ കുമ്പസാരിക്കുന്നതാണ് അവർക്ക് എളുപ്പം. ഈ വൈദികനോടോ ആ വൈദികനോടോ നിങ്ങൾ വ്യക്തിപരമായി പങ്കുവയ്ക്കുന്ന കാര്യങ്ങളല്ല കുമ്പസാരത്തിലെ പ്രധാന കാര്യം.
സത്യസന്ധതയോടും വിനയത്തോടും കൂടി നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും കൂദാശയിലൂടെയുള്ള പാപമോചനവും ക്ഷമയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് കുമ്പസാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി നിങ്ങൾക്കു പരിചയമില്ലാത്ത ഒരു വൈദികനെ കണ്ടെത്തേണ്ടതുണ്ടെങ്കിൽ, അങ്ങനെ ചെയ്യുക!
എന്നാൽ മറ്റൊരു വീക്ഷണം ഞാൻ നിങ്ങൾക്കു നൽകട്ടെ. കുമ്പസാരത്തിന്റെ പ്രാഥമിക ലക്ഷ്യത്തിനു പുറമേ (പാപക്ഷമയും കൃപയും), ഒരേ വൈദികന്റെ അടുത്ത് പതിവായി മുഖാമുഖം കുമ്പസാരിക്കുമ്പോൾ ചിലർക്ക് മറ്റൊരു പ്രയോജനംകൂടി ലഭിക്കുന്നു.
സത്യം പറഞ്ഞാൽ, നമ്മുടെ വ്യക്തിപരമായ പോരാട്ടങ്ങൾ സ്നേഹത്തോടെയും വിധിക്കാതെയും പൂർണമായ രഹസ്യാത്മകത പാലിച്ചുകൊണ്ടും കേൾക്കുന്ന ഒരാൾ ഉണ്ടാകണമെന്ന് ഉള്ളിന്റെയുള്ളിൽ നാമെല്ലാവരും ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.
നമ്മുടെ സഹനങ്ങളിൽ പങ്കുചേരാനും നമ്മുടെ ഹൃദയരഹസ്യങ്ങളിലേക്ക് കടന്നുവരാനും (പ്രത്യേകിച്ച് മറ്റാർക്കും അറിയാത്തവയിലേക്ക്!) ജീവിതത്തിൽ നമുക്കേൽക്കുന്ന മുറിവുകൾ സുഖപ്പെടുത്താനും കഴിയുന്ന ഒരാൾ ഉണ്ടായിരിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. നമുക്ക് ഏറെ തുറന്ന മനസ്സോടെ സമീപിക്കാൻ കഴിയുന്ന, നമ്മെ നന്നായി അറിയുന്ന ഒരു വൈദികന്റെ അടുത്ത് പതിവായി കുമ്പസാരിക്കുന്നത് നമുക്കെല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് എനിക്കറിയാം.
മിക്ക വൈദികരും കുമ്പസാരം കേൾക്കുന്നതിൽ വളരെ പ്രാവീണ്യമുള്ളവരാണ്. ശ്രദ്ധയോടെ കേൾക്കാനും മനസ്സിലാക്കാനും വിധിക്കാതെ സ്വീകരിക്കാനും, സഹായകരവും സുചിന്തിതവുമായ ആത്മീയ ഉപദേശങ്ങൾ നൽകാനും അവർക്ക് നന്നായി കഴിയും. ഒരേ വൈദികന്റെ അടുത്ത് കൃത്യമായ ഇടവേളകളിൽ കുമ്പസാരിക്കാൻ പോകുന്നത് ഒരു പതിവാക്കാൻ കഴിഞ്ഞാൽ, അത് യഥാർഥത്തിൽ എത്രമാത്രം പ്രയോജനകരമാണെന്നറിയുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.
ഒന്നാമതും ഏറ്റവും പ്രധാനമായും, ദൈവത്തിന്റെ പാപമോചനകൃപ നിങ്ങൾക്കു ലഭിക്കുന്നു. രണ്ടാമതായി, കാലക്രമേണ ആ വൈദികൻ നിങ്ങളെ അടുത്തറിയുകയും നിങ്ങൾക്ക് ഒരു “ആത്മീയ പിതാവായി” കൂടുതൽ എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുകയും ചെയ്യും. വൈദികർ ഉള്ളത് ഇതിനുവേണ്ടിയാണ്! നിങ്ങളുടെ ജീവിതത്തിൽ ഈ സുപ്രധാന പങ്കുവഹിക്കാൻ നിങ്ങളുടെ വൈദികനെ അനുവദിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല!!
അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, കുമ്പസാരിക്കാൻ പോകുക എന്നതാണ്. ധൈര്യം സംഭരിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ഇടവകവൈദികന്റെ അടുത്ത് പതിവായി കുമ്പസാരിക്കാൻ പോയിനോക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു. നിങ്ങൾ ഇടവകയിൽ ഇടയ്ക്കിടെ വരാറുണ്ടെങ്കിൽ ഇത് സൗകര്യപ്രദമാണെന്നു മാത്രമല്ല, നിങ്ങളുടെ ഇടവകവൈദികന്റെ അടുത്ത് കുമ്പസാരിക്കുന്നത് ഒരു പതിവാക്കിയാൽ, നിങ്ങൾ ആശങ്കപ്പെടുന്നതിന്റെ വിപരീതമാണ് യാഥാർഥ്യമെന്ന് നിങ്ങൾക്കു ബോധ്യമാകുമെന്നും ഞാൻ കരുതുന്നു.
നിങ്ങൾ പതിവായി കാണുന്ന വൈദികൻ തന്നെയാണ് നിങ്ങളെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നയാൾ എന്നതിൽ നിങ്ങൾ യഥാർഥത്തിൽ നന്ദിയുള്ളവരായിത്തീരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒന്നു ശ്രമിച്ചുനോക്കൂ. അങ്ങനെ ചെയ്തതിൽ നിങ്ങൾ സന്തോഷിക്കുമെന്നാണ് ഞാൻ കരുതുന്നത്.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
