ചോദ്യം: ആദവും ഹവ്വയും ആ പഴം ഭക്ഷിച്ചിരുന്നില്ലെങ്കിൽ, അപ്പോഴും യേശു കുരിശിൽ മരിക്കുമായിരുന്നോ?
ഉത്തരം: ഇല്ല. നമ്മുടെ പാപം നിമിത്തമാണ് യേശു മരിച്ചത്. പാപം ഒരിക്കലും ലോകത്തിൽ പ്രവേശിച്ചിരുന്നില്ലെങ്കിൽ, യേശുവിന് മരിക്കേണ്ടിവരുമായിരുന്നില്ല. എന്നാൽ, ആദവും ഹവ്വയും നമ്മളെല്ലാവരെയും പോലെ പാപം ചെയ്തതിനാൽ, ഈ ചോദ്യത്തിന് സൈദ്ധാന്തികമായി മാത്രമേ ഉത്തരം നൽകാനാകൂ. കൂടുതൽ വിശദമായ വിവരണത്തിനായി, “എന്റെ കത്തോലിക്കാ വിശ്വാസം” എന്ന ഗ്രന്ഥത്തിലെ 4-ാം അധ്യായം വായിക്കാം: ഇവിടെ.
ഈ ചോദ്യത്തിന് ചുരുക്കിയും ലളിതമായും ഉത്തരം നൽകുക ബുദ്ധിമുട്ടാണെങ്കിലും, നമുക്ക് ഒരു ഉപമ പരിഗണിക്കാം. നിങ്ങളുടെ മാതാപിതാക്കൾ വിഷം കഴിച്ചുവെന്നു കരുതുക. ഈ വിഷത്തിന്റെ ഫലം മരണമാണ്. വിഷബാധയേൽക്കാത്ത ഒരാളിൽനിന്ന് പുതിയതും ആരോഗ്യകരവുമായ രക്തം സ്വീകരിക്കുക എന്നതാണ് ഈ വിഷബാധയ്ക്കുള്ള ഏക ചികിത്സ. ഈ ഉപമയുടെ വെളിച്ചത്തിൽ, പാപത്തിന്റെ വിഷബാധയേറ്റ ആദത്തിനും ഹവ്വയ്ക്കും അവരുടെ എല്ലാ സന്തതികൾക്കും ദൈവികമായ “രക്തപ്പകർച്ച” നൽകാൻ കഴിയേണ്ടതിനാണ് ഈ “വിഷ”ത്തിന്റെ യാതൊരു ബാധയുമില്ലാതെ യേശു ലോകത്തിലേക്കു വന്നതെന്നു പറയാം. അങ്ങനെ, കുരിശിലെ ബലിയിൽനിന്ന് ഒഴുകിയ അവിടുത്തെ രക്തം നാം സ്വീകരിക്കുമ്പോൾ, യേശുവിന്റെ രക്തമാണ് നമ്മെ സുഖപ്പെടുത്തുന്നത്. അവിടുത്തെ നമ്മുടെ ജീവിതത്തിലേക്കു സ്വീകരിക്കുന്നതിലൂടെ, പ്രത്യേകിച്ച് കൂദാശകളിലൂടെയും വിശ്വാസത്തിലൂടെയും, അവിടുത്തെ രക്ഷാകരമായ രക്തം നാം സ്വീകരിക്കുന്നു.
എന്നാൽ, ഈ ചോദ്യം കൂടുതൽ താൽപ്പര്യജനകമായ മറ്റൊരു ചോദ്യത്തിലേക്കു നയിക്കുന്നു. ആദവും ഹവ്വയും (അവരിൽനിന്നു ജനിച്ച നമ്മളെല്ലാവരും) ഒരിക്കലും പാപം ചെയ്തിരുന്നില്ലെങ്കിൽ, പുത്രനായ ദൈവം മനുഷ്യനാകുമായിരുന്നോ? കന്യകാമറിയത്തിലൂടെയുള്ള മനുഷ്യാവതാരത്തിൽ അവിടുന്ന് മനുഷ്യശരീരം സ്വീകരിക്കുമായിരുന്നോ?
യേശുവിന്റെ മരണം നമ്മുടെ പാപം നിമിത്തമായിരുന്നെങ്കിലും, അവിടുത്തെ മനുഷ്യാവതാരം (മനുഷ്യനായിത്തീരൽ) നമ്മുടെ പാപത്തിനുവേണ്ടി മരിക്കാൻ മാത്രമായിരുന്നില്ല. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിശദീകരിക്കുന്നതനുസരിച്ച്, അവിടുത്തെ മനുഷ്യാവതാരത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് “നമ്മെ ദൈവവുമായി അനുരഞ്ജിപ്പിച്ച് രക്ഷിക്കുക” എന്നതായിരുന്നു. മതബോധനഗ്രന്ഥം മറ്റു മൂന്നു കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നു: “അങ്ങനെ നാം ദൈവത്തിന്റെ സ്നേഹം അറിയേണ്ടതിന്;” “വിശുദ്ധിയിൽ നമുക്ക് മാതൃകയാകാൻ:” “നമ്മെ ‘ദൈവികസ്വഭാവത്തിൽ പങ്കുകാരാക്കാൻ’” (കാണുക CCC #457-460).
പാപം ഇല്ലായിരുന്നെങ്കിൽപ്പോലും, മനുഷ്യാവതാരത്തിന്റെ ഈ മറ്റു ഫലങ്ങൾ സാക്ഷാത്കരിക്കാൻ ദൈവം മനുഷ്യശരീരം സ്വീകരിക്കുമായിരുന്നുവെന്ന് ചിലർ അനുമാനിക്കുന്നു. ഒരുപക്ഷേ ഇത് അൽപ്പം ആഴമേറിയ വിഷയമായിരിക്കാം; ഇതൊരു അനുമാനം മാത്രവുമാണ്. എങ്കിലും, ഇതിനെക്കുറിച്ച് ധ്യാനിക്കുന്നത് മനോഹരമായൊരു അനുഭവമാണ്!
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
