മലയാളം

എന്റെ കത്തോലിക്കാ വിശ്വാസം! പഠനസമ്മേളനം എട്ട്

സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം, കാലത്തിന്റെ അന്ത്യം

ഈ പഠനസമ്മേളനത്തിന്റെ പാഠഭാഗം ഡൗൺലോഡ് ചെയ്യുക: PDF – തിരുത്താവുന്ന രൂപം

കൂടിക്കാഴ്ചയ്ക്കുമുമ്പുള്ള ഒരുക്കം
ഈ കൂടിക്കാഴ്ചയ്ക്കുമുമ്പ് എട്ടാം അധ്യായം വായിച്ചുവരാൻ പങ്കെടുക്കുന്നവരോട് ആവശ്യപ്പെടണം. ഇത് എന്റെ കത്തോലിക്കാ വിശ്വാസം! എന്ന പുസ്തകത്തിലെ അധ്യായമാണ്.

5 മിനിറ്റ് – ഒത്തുചേരൽ
ആളുകൾ എത്തിച്ചേരുമ്പോൾ ലഘുഭക്ഷണത്തിനും അനൗപചാരികമായ സൗഹൃദസംഭാഷണത്തിനും സമയം നൽകുക. സമയനിഷ്ഠ പാലിക്കാൻ ശ്രമിക്കുക. നിശ്ചയിച്ച ആരംഭസമയം കഴിഞ്ഞ് 5 മിനിറ്റിനുള്ളിൽ എല്ലാവരെയും ഒരുമിച്ചുകൂട്ടുക.

5-10 മിനിറ്റ് – പ്രാരംഭ പ്രാർഥനയും തിരുവചനവും
എല്ലാവരും നിശ്ശബ്ദരായി ഇരിക്കുമ്പോൾ നേതൃത്വം നൽകുന്ന വ്യക്തി കുരിശടയാളത്തോടെ ആരംഭിക്കുകയും തുടർന്ന് താഴെപ്പറയുന്ന രീതിയിൽ അൽപനേരം നിശ്ശബ്ദത പാലിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു:

നമ്മുടെ മഹത്വപൂർണമായ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള ഈ പഠനം ഒരുമിച്ച് ആരംഭിക്കുമ്പോൾ നമുക്ക് മനസ്സിനെ ശാന്തമാക്കാം. “കർത്താവേ, ഞങ്ങൾ ഇവിടെ ഒരു മിനിറ്റ് നിശ്ശബ്ദരായി ഇരിക്കുമ്പോൾ, ഞങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും ഭയങ്ങളും സന്തോഷങ്ങളും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കാൻ ഞങ്ങളിൽ ഓരോരുത്തരെയും സഹായിക്കണമേ. ഈ നിശ്ശബ്ദനിമിഷത്തിൽ, ഞങ്ങളോടു സംസാരിക്കുകയും ഞങ്ങളെ നയിക്കുകയും കൂടുതൽ ആഴമായ വിശ്വാസത്തിലേക്കു വിളിക്കുകയും ചെയ്യുന്ന അങ്ങയുടെ സൗമ്യസ്വരത്തിനു ശ്രദ്ധകൊടുക്കാൻ ഞങ്ങളെ സഹായിക്കണമേ.”

ഓരോരുത്തർക്കും തങ്ങളുടെ വ്യക്തിപരമായ ഉത്കണ്ഠകളെയും ആശങ്കകളെയും കുറിച്ച് നമ്മുടെ കർത്താവിനോടു സംസാരിക്കാൻ കഴിയേണ്ടതിന്, കണ്ണുകളടച്ച് ഏകദേശം ഒരു മിനിറ്റ് മൗനമായി ചെലവഴിക്കുക.

നേതൃത്വം നൽകുന്ന വ്യക്തി താഴെക്കൊടുത്തിരിക്കുന്ന ക്ഷണം വായിക്കുന്നു:

നമുക്ക് ദൈവവചനം ധ്യാനിക്കാം. താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ നമ്മുടെ സ്വന്തം വിശ്വാസയാത്രയെക്കുറിച്ച് വിചിന്തനം ചെയ്യാം: ഞാൻ വിശ്വസിക്കുന്നുണ്ടോ? എന്റെ വിശ്വാസത്തിന് എത്ര ആഴമുണ്ട്? ദൈവം എന്നോടു സംസാരിക്കുന്നതു സ്വീകരിക്കാൻ ഞാൻ തുറന്ന മനസ്സുള്ളവനാണോ? ദൈവവചനത്തോടു തുറവുള്ളവനും ദൈവത്തിന്റെ സത്യം കൂടുതൽ ആഴത്തിൽ എന്നിൽ പതിയാൻ അനുവദിക്കാൻ സന്നദ്ധനുമാണോ ഞാൻ? ഈ പുതിയ വിശ്വാസം എന്റെ ജീവിതത്തെ മാറ്റാൻ അനുവദിക്കാൻ ഞാൻ സന്നദ്ധനാണോ?

അന്നത്തെ സായാഹ്നസമ്മേളനത്തിന്റെ നേതൃത്വം വഹിക്കുന്ന വ്യക്തി വെളിപാട് പുസ്തകത്തിലെ 21-ാം അധ്യായം മുഴുവനും പ്രാർഥനാപൂർവം വായിക്കുന്നു:

നിങ്ങളുടെ ബൈബിൾ ഉപയോഗിക്കുക അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക: വെളിപാട് 21

തുടർന്ന് പ്രാർത്ഥന നയിക്കുന്ന വ്യക്തി പറയുന്നു: ഈ വചനങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് നമുക്ക് അല്പനേരം നിശ്ശബ്ദരായിരിക്കാം. (ഒരു മിനിറ്റ് നിശ്ശബ്ദത)  

താഴെക്കൊടുത്തിരിക്കുന്ന പ്രാർഥന ചൊല്ലാൻ നേതൃത്വം നൽകുന്നയാൾ എല്ലാവരെയും ക്ഷണിക്കുന്നു:

കർത്താവായ യേശുവേ, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അങ്ങ് ഒരുനാൾ തിരിച്ചുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അന്ന് അങ്ങ് പുതിയതും മഹത്വപൂർണവുമായ അങ്ങയുടെ രാജ്യം സ്ഥാപിക്കും. പ്രതീക്ഷാനിർഭരമായ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ആ ദിവസത്തിനായി കാത്തിരിക്കാൻ ഞങ്ങളെ സഹായിക്കണമേ.

കർത്താവേ, അങ്ങ് നീതിയും അനുകമ്പയും നിറഞ്ഞവനാണ്. അങ്ങയുടെ സമൃദ്ധമായ കരുണയിൽ ആശ്രയിച്ചുകൊണ്ട് എപ്പോഴും നീതിയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. യേശുവേ, ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു!

എല്ലാവരും അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നതോടെ പ്രാർഥനാസമയം സമാപിക്കുന്നു:

ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ സർവശക്തനായ പിതാവായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. അവിടുന്ന് പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ടു, മരിച്ച് അടക്കപ്പെട്ടു. പാതാളങ്ങളിൽ ഇറങ്ങി; മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു; സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവശക്തനായ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരും. പരിശുദ്ധാത്മാവിലും, വിശുദ്ധ കത്തോലിക്കാസഭയിലും, വിശുദ്ധരുടെ കൂട്ടായ്മയിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമേൻ.

45-50 മിനിറ്റ് – ചർച്ചയ്ക്കുള്ള ചോദ്യങ്ങൾ
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളെയും ചർച്ചയ്ക്കു തുടക്കമിടുന്ന വിഷയങ്ങളെയും സംബന്ധിച്ച്, താൽപര്യമുണ്ടെങ്കിൽ എന്തെങ്കിലും പങ്കുവയ്ക്കാനോ ചോദ്യം ചോദിക്കാനോ ഓരോരുത്തരെയും ക്ഷണിക്കണം. ഒരു സമയം ഒരു ചോദ്യം വീതം ചർച്ച ചെയ്യുക; താൽപര്യമുള്ള ഓരോരുത്തർക്കും എന്തെങ്കിലും പറയാൻ അവസരം നൽകുക. ഒന്നോ രണ്ടോ പേർ മാത്രം ചർച്ചയിൽ ആധിപത്യം പുലർത്തുന്നത് ഒഴിവാക്കുക. വട്ടത്തിലിരിക്കുന്ന ഓരോരുത്തർക്കും ഊഴം നൽകുക; പങ്കുവയ്ക്കാൻ ഭയപ്പെടരുത്! നിങ്ങളുടെ ഉൾക്കാഴ്ചകൾ ഈ വിഷയങ്ങൾ മനസ്സിലാക്കാൻ മറ്റൊരാളെ സഹായിച്ചേക്കാം. നിങ്ങളുടെ ചോദ്യം മറ്റൊരാളുടെയും മനസ്സിലുള്ള അതേ ചോദ്യമായിരിക്കാം. താഴെയുള്ള ചില ചോദ്യങ്ങൾ വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളും പങ്കുവയ്ക്കാൻ ക്ഷണിക്കുന്നു; മറ്റു ചോദ്യങ്ങൾ എട്ടാം അധ്യായത്തിൽ വായിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ക്ഷണിക്കുന്നു. വ്യക്തിപരമായി പങ്കുവയ്ക്കുകയും നമ്മുടെ സഭയുടെ വിശ്വാസം വ്യക്തമായി അവതരിപ്പിക്കപ്പെടുന്നുവെന്നും എല്ലാവരും അത് മനസ്സിലാക്കുന്നുവെന്നും ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.

  1. ദൈവകൃപയിൽ ജീവിക്കുന്ന എല്ലാവരും ക്രിസ്തുവിൽ ഒന്നായിരിക്കുന്നു എന്ന യാഥാർഥ്യത്തെയാണ് “വിശുദ്ധരുടെ കൂട്ടായ്മ” സൂചിപ്പിക്കുന്നത്. സ്വർഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തിലും ഉള്ളവർ ഒരേ ഐക്യബന്ധത്തിൽ പങ്കുചേരുന്നു. ഈ ഐക്യത്തെക്കുറിച്ച് ആദ്യം മനസ്സിൽ വരുന്ന ചിന്തകൾ ചുരുക്കമായി പങ്കുവയ്ക്കുക. സ്വർഗത്തിലും ശുദ്ധീകരണസ്ഥലത്തിലും ഉള്ളവരുമായി ഏതെങ്കിലും വിധത്തിൽ ഐക്യപ്പെട്ടിരിക്കുന്നതായി നിങ്ങൾ സ്വയം കാണുന്നുണ്ടോ? വിശദീകരിക്കുക.
  2. ക്രിസ്തുവിനോട് ഐക്യപ്പെട്ട് അവിടുത്തെ കൃപയിൽ ജീവിക്കുന്ന ഭൂമിയിലുള്ളവരെയാണ് “സമരസഭ” പ്രത്യേകമായി സൂചിപ്പിക്കുന്നത്. താഴെപ്പറയുന്ന വിധങ്ങളിൽ നാം ഐക്യപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഈ ഘടകങ്ങളെ, നിങ്ങളുടെ ജീവിതത്തിൽ മറ്റു ക്രൈസ്തവരുമായുള്ള ഐക്യത്തിന്റെ ഉറവിടമായി നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുക:
    1. വിശ്വാസം: നാം പങ്കിടുന്ന ഒരേ വിശ്വാസം നമ്മെ ഒന്നാക്കുന്നു.
    2. കൂദാശകൾ: നമ്മുടെ ലോകത്തിലെ ദൈവസാന്നിധ്യത്തിന്റെ ഈ അമൂല്യദാനങ്ങളാൽ നാം ഓരോരുത്തരും പരിപോഷിപ്പിക്കപ്പെടുന്നു.
    3. ആത്മീയ വരദാനം: സഭയിലെ മറ്റ് അംഗങ്ങളുടെ വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കാനായി ഓരോ വ്യക്തിയെയും തനതായ വരങ്ങൾ ഏൽപിച്ചിരിക്കുന്നു.
    4. പൊതുവായ സമ്പത്ത്: ആദിമസഭയിൽ സമ്പത്ത് പൊതുവായി പങ്കുവച്ചിരുന്നു. ഇന്ന് സഭാംഗങ്ങളായ നാം, നമുക്ക് അനുഗ്രഹമായി ലഭിച്ച സമ്പത്ത് ഉപയോഗിക്കുന്നതിൽ നിരന്തരമായ പരസ്നേഹവും ഉദാരതയും ആവശ്യമാണെന്നു തിരിച്ചറിയുന്നു. ഒന്നാമതും പ്രധാനമായും സഭയുടെ നന്മയ്ക്കായി നാം അവ ഉപയോഗിക്കണം.
    5. പരസ്നേഹം: ഭൗതികവസ്തുക്കൾ പങ്കുവയ്ക്കുന്നതിനുപുറമേ, അതിലും പ്രധാനമായി നാം നമ്മുടെ സ്നേഹം പങ്കുവയ്ക്കുന്നു. ഇതാണ് പരസ്നേഹം; ഇത് നമ്മെ ഐക്യപ്പെടുത്തുന്നു.
  3. ഇപ്പോൾ സ്വർഗത്തിൽ നിത്യജീവനിൽ പങ്കുചേരുന്നവരെയാണ് “വിജയസഭ” സൂചിപ്പിക്കുന്നത്. വിശുദ്ധരെയാണ് ഇതു സൂചിപ്പിക്കുന്നത്! നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനെക്കുറിച്ചോ വിശുദ്ധയെക്കുറിച്ചോ, ആ വിശുദ്ധനെ അല്ലെങ്കിൽ വിശുദ്ധയെ നിങ്ങൾ ഇഷ്ടപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ചോ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. സ്വർഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയും പങ്കുവയ്ക്കുക. ഒരു കുട്ടി ചോദിച്ചാൽ, സ്വർഗത്തെക്കുറിച്ച് നിങ്ങൾ എങ്ങനെ വിവരിക്കും?
  4. ശുദ്ധീകരണസ്ഥലത്തുള്ളവരെയാണ് “സഹനസഭ” സൂചിപ്പിക്കുന്നത്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ വിശ്വാസത്തിലെ ഈ പ്രബോധനം മനസ്സിലാക്കുന്നത് വിശുദ്ധിയിൽ വളരുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ പ്രധാനമാണ്. ഒന്നുകിൽ ഇപ്പോൾത്തന്നെയോ അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്തുവച്ചോ നാം വിശുദ്ധരാകണം (പൂർണരാകണം) എന്നു തിരിച്ചറിയുന്നുവെങ്കിൽ, എന്തുകൊണ്ട് ഇപ്പോൾത്തന്നെ അതിനായി പരിശ്രമിച്ചുകൂടാ? ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ചോദ്യങ്ങളും പങ്കുവയ്ക്കുക. അടുത്ത ജീവിതത്തിൽ ശുദ്ധീകരണം ഒഴിവാക്കുന്നതിനായി ഈ ജീവിതത്തിൽ നിങ്ങൾ സ്വീകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ശുദ്ധീകരണപ്രക്രിയയെക്കുറിച്ചും സംസാരിക്കുക.
  5. നരകം യാഥാർഥ്യമാണ്. ദൈവത്തിൽനിന്നുള്ള ശാശ്വതമായ വേർപാടിന്റെ അവസ്ഥയാണത്. നമ്മുടെ സ്വന്തം സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ ഫലമാണ് നരകം. നരകത്തെക്കുറിച്ചുള്ള വിശ്വാസപ്രബോധനത്തെപ്പറ്റി നിങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കുകയും ഈ യാഥാർഥ്യത്തെക്കുറിച്ച് നിങ്ങൾക്കുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുക. നമുക്ക് അനന്തകരുണയും അനന്തസ്നേഹവുമുള്ള ഒരു ദൈവമുണ്ടെന്ന യാഥാർഥ്യത്തോടൊപ്പം, നരകം എന്നൊരു അസ്തിത്വാവസ്ഥയും ഉണ്ടെന്ന യാഥാർഥ്യത്തെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?
  6. യേശു “ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും വരും” എന്നു നാം പറയുമ്പോൾ അതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അഥവാ, “ശരീരത്തിന്റെ പുനരുത്ഥാനത്തിലും വരാനിരിക്കുന്ന ലോകത്തിലെ ജീവിതത്തിലും” നാം വിശ്വസിക്കുന്നു എന്നു പറയുന്നതിന്റെ അർഥം മനസ്സിലാക്കുന്നുണ്ടോ? നമ്മുടെ സഭ പഠിപ്പിക്കുന്നതും ആരംഭത്തിൽ വായിച്ച വെളിപാട് പുസ്തകത്തിലെ തിരുവചനഭാഗത്ത് വിവരിച്ചതുമായ, വരാനിരിക്കുന്ന പുതിയ യുഗത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കുക.
  7. നമ്മുടെ പരിശുദ്ധ അമ്മ സകലത്തിന്റെയും മാതാവും രാജ്ഞിയുമാണ്. അമ്മയുടെ പങ്കിനെക്കുറിച്ച് മൂന്നു വിധത്തിൽ വിചിന്തനം ചെയ്യുക:
    1. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അമ്മയ്ക്ക് എന്തു സ്ഥാനമാണ് നൽകുന്നത്? നിങ്ങൾ നിങ്ങളെത്തന്നെ പൂർണമായി അമ്മയ്ക്ക് സമർപ്പിച്ചിട്ടുണ്ടോ? ഈ സമർപ്പണത്തിന്റെ അർഥം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
    2. ഇന്നത്തെ സഭാജീവിതത്തിൽ അമ്മയുടെ പങ്കിനെ നിങ്ങൾ എങ്ങനെ കാണുന്നു?
    3. നിത്യത മുഴുവൻ അമ്മയുടെ പങ്ക് എന്തായിരിക്കും?

20 മിനിറ്റ് – സമാപന വിചിന്തനങ്ങളും പങ്കുവയ്ക്കലും
ഓരോരുത്തർക്കും ക്രമമനുസരിച്ച് തങ്ങളുടെ അവസാന ചിന്തകൾകൂടി പങ്കുവയ്ക്കാൻ അവസരം നൽകുക. നിങ്ങളിൽ ഓരോരുത്തരെയും ഏറ്റവും കൂടുതൽ സ്പർശിച്ചത് എന്താണ്? മറ്റുള്ളവരുടെ സഹായത്തോടെ വ്യക്തത വരുത്താവുന്ന എന്തെങ്കിലും ചോദ്യങ്ങളോ ആശയക്കുഴപ്പങ്ങളോ ഇനിയും നിങ്ങൾക്കുണ്ടോ?

5 മിനിറ്റ് – സമാപന പ്രാർഥന
നേതൃത്വം നൽകുന്നയാൾ കുരിശടയാളത്തോടെ ആരംഭിച്ച്, എല്ലാവരോടും കണ്ണുകളടച്ച് ഒരു മിനിറ്റ് നിശ്ശബ്ദരായിരിക്കാൻ ആഹ്വാനം ചെയ്യുന്നു. ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് തന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച കാര്യത്തെക്കുറിച്ച്, ഓരോരുത്തരും വിചിന്തനം ചെയ്യണം.

തുടർന്ന് സംഘനേതാവ് താഴെക്കൊടുത്തിരിക്കുന്ന പ്രാർഥന ചൊല്ലുന്നു:

കർത്താവായ യേശുവേ, അങ്ങയുടെ നന്മയ്ക്കും വിശ്വസ്തതയ്ക്കും ഞങ്ങൾ വീണ്ടും നന്ദി പറയുന്നു. അങ്ങ് മഹത്വപൂർണനായ കർത്താക്കന്മാരുടെ കർത്താവും രാജാക്കന്മാരുടെ രാജാവുമാണ്. പുതിയ ആകാശങ്ങളെയും പുതിയ ഭൂമിയെയും സൃഷ്ടിച്ചുകൊണ്ട് അങ്ങയുടെ മഹത്വപൂർണമായ രാജ്യം സ്ഥാപിക്കാൻ അങ്ങ് ഒരുനാൾ വീണ്ടും വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മറിയമാതാവേ, അമ്മ സകല വിശുദ്ധരുടെയും രാജ്ഞിയും സകലത്തിന്റെയും രാജ്ഞിയുമാണ്. സൃഷ്ടിയുടെ പുതിയതും അന്തിമവുമായ ക്രമത്തിൽ അമ്മ തന്റെ പുത്രനോടൊപ്പം എന്നേക്കും വാഴും. ഞങ്ങൾ അമ്മയുടെ പക്കലേക്കു തിരിഞ്ഞ് അമ്മയുടെ പ്രാർഥനകൾ യാചിച്ചുകൊണ്ട് ഇപ്രകാരം പ്രാർഥിക്കുന്നു:

പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനേ, മാധുര്യമേ, പ്രത്യാശയേ, സ്വസ്തി! നാടുകടത്തപ്പെട്ട ഹവ്വയുടെ ദീനമക്കളായ ഞങ്ങൾ അമ്മയോടു നിലവിളിക്കുന്നു. ഈ കണ്ണീർതാഴ്‌വരയിൽ വിലപിച്ചും കരഞ്ഞും ഞങ്ങളുടെ നെടുവീർപ്പുകൾ അമ്മയുടെ പക്കലേക്ക് ഉയർത്തുന്നു. അതിനാൽ, ഏറ്റവും കൃപയുള്ള മധ്യസ്ഥേ, അമ്മയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അമ്മയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ യേശുവിനെ ഞങ്ങൾക്കു കാണിച്ചുതരണമേ. കരുണയുള്ളവളേ, സ്നേഹമുള്ളവളേ, മാധുര്യമുള്ള കന്യകാമറിയമേ! പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ക്രിസ്തുവിന്റെ വാഗ്ദാനങ്ങൾക്ക് യോഗ്യരാകേണ്ടതിന് ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ!

തുടർന്ന്, സന്നിഹിതരായ എല്ലാവരോടും താഴെപ്പറയുന്ന രീതിയിൽ സ്വന്തം പ്രാർത്ഥനകൾ അർപ്പിക്കാൻ നേതൃത്വം നൽകുന്ന വ്യക്തി ആവശ്യപ്പെടുന്നു (കുറിപ്പ്: ഇത് ഉച്ചത്തിൽ ചെയ്യാം; എന്നാൽ നേതൃത്വം നൽകുന്ന വ്യക്തിയുടെ വിവേചനമനുസരിച്ച് നിശ്ശബ്ദമായി ചെയ്യുന്നതായിരിക്കാം കൂടുതൽ ഉചിതം):

നമ്മുടെ കർത്താവ് നമ്മെ കേൾക്കുന്നുവെന്നും നമ്മുടെ ആവശ്യങ്ങളെല്ലാം അറിയുന്നുവെന്നും വിശ്വസിച്ചുകൊണ്ട്, നമുക്ക് ഓരോരുത്തർക്കും ഇപ്പോൾ നമ്മുടെ വ്യക്തിപരമായ ആശങ്കകൾ അവിടുത്തെ മുമ്പിൽ സമർപ്പിക്കാം.  ഇവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്ന പൂർണ്ണ വിശ്വാസത്തോടെ ഈ പ്രാർത്ഥനകൾ അവിടുത്തെ ഏൽപ്പിക്കാം.

(ഈ രാത്രിയിലെ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കാൻ ഓരോരുത്തർക്കും ഒരു മിനിറ്റ് മൗനം അനുവദിക്കുക).

തുടർന്ന്, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി എന്നീ പ്രാർഥനകൾ ചൊല്ലി സമാപിക്കാൻ പ്രാർഥന നയിക്കുന്നയാൾ എല്ലാവരെയും ക്ഷണിക്കുന്നു.

പഠനസമ്മേളനങ്ങളുടെ ഉള്ളടക്കപ്പട്ടിക