മലയാളം

ഉയിർപ്പുഞായർ

ഫ്രാൻചെസ്കോ ബുവൊനേരിയുടെ ‘ഉത്ഥാനം’

ഉയിർപ്പുഞായർ—മഹോത്സവം

ഏകദേശം എ.ഡി. 33
ആരാധനാക്രമനിറം: വെള്ള
പതിപ്പ്: പൂർണരൂപം – ഹ്രസ്വരൂപം

പോഡ്കാസ്റ്റ് ചാനലുകൾ:
Apple – Spotify – iHeart – Google – Audible

ഉദ്ധരണി:
ആനന്ദിക്കുവിൻ, സ്വർഗീയ സൈന്യങ്ങൾ ആനന്ദിക്കട്ടെ; ആനന്ദിക്കുവിൻ, ദൈവത്തിന്റെ ശുശ്രൂഷകരായ മാലാഖമാർ ആനന്ദിക്കട്ടെ; നമ്മുടെ ശക്തനായ രാജാവിന്റെ വിജയം വിളംബരം ചെയ്തുകൊണ്ട് രക്ഷയുടെ കാഹളം ഉച്ചത്തിൽ മുഴങ്ങട്ടെ! സന്തോഷിക്കുവിൻ, ഭൂമി സന്തോഷിക്കട്ടെ; മഹത്ത്വം അവളെ നിറയ്ക്കുമ്പോൾ, തന്റെ നിത്യരാജാവിന്റെ പ്രകാശത്താൽ ജ്വലിക്കുന്ന ഭൂമിയുടെ എല്ലാ കോണുകളും സന്തോഷിക്കട്ടെ; അന്ധകാരവും ഇരുളും അവസാനിച്ചുവെന്ന് അവ അറിയട്ടെ. ആഹ്ലാദിക്കുവിൻ, തന്റെ രാജാവിന്റെ മഹത്ത്വത്തിന്റെ മിന്നലൊളി അണിഞ്ഞ് മാതാവായ സഭയും ആഹ്ലാദിക്കട്ടെ; ജനസമൂഹങ്ങളുടെ ഉച്ചത്തിലുള്ള സ്വരങ്ങളാൽ നിറഞ്ഞ് ഈ വിശുദ്ധ മന്ദിരം ആനന്ദത്താൽ പ്രകമ്പനം കൊള്ളട്ടെ… ~ഉയിർപ്പിന്റെ മംഗളഗീതമായ എക്സുൾത്തേത്തിൽനിന്നുള്ള ഭാഗം

വിചിന്തനം: ഇന്നത്തെ മഹത്ത്വപൂർണമായ മഹോത്സവമാണ് എല്ലാ ആനന്ദത്തിന്റെയും പൂർണതയുടെയും സന്തോഷത്തിന്റെയും മഹത്ത്വത്തിന്റെയും പരമമായ കാരണം. മരണത്തെ നശിപ്പിച്ചുകൊണ്ട് യേശു കുരിശിൽ മരിക്കുക മാത്രമേ ചെയ്തിരുന്നുള്ളുവെങ്കിൽ, ഒരു കാര്യം കുറവായിരിക്കുമായിരുന്നു—രൂപാന്തരപ്പെട്ടതും മഹത്ത്വപൂർണവുമായ ജീവിതത്തിലേക്കുള്ള ജീവന്റെ പുനഃസ്ഥാപനം. ഉയിർപ്പുതിരുനാൾ പാപമോചനത്തെക്കുറിച്ചു മാത്രമല്ല; ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ഓരോ മനുഷ്യാത്മാവും ഇഹത്തിലും നിത്യതയിലും മഹത്ത്വീകരിക്കപ്പെടുന്നതിനെക്കുറിച്ചുകൂടിയാണ്. സുവിശേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യേശു പഠിപ്പിച്ച അനേകം പാഠങ്ങളും അവിടുന്ന് നൽകിയ മാതൃകയും പരിഗണിക്കുമ്പോൾ, കുരിശിനെ പ്രയാസമുള്ള സന്ദേശമായും ഉയിർപ്പുതിരുനാളിനെ എളുപ്പമുള്ള സന്ദേശമായും നാം പലപ്പോഴും കാണുന്നു. എന്നാൽ അത് അങ്ങനെയാണോ?

യേശുവിന്റെ പ്രബോധനങ്ങളിലൂടെയും അവിടുത്തെ ജീവിതമാതൃകയിലൂടെയും നമുക്ക് നൽകപ്പെട്ട കുരിശിന്റെ സന്ദേശം തീർച്ചയായും വെല്ലുവിളി നിറഞ്ഞതാണ്. പിതാവിന്റെ തിരുഹിതത്തിന് നമ്മുടെ ജീവിതം അതേ ആഴത്തിലുള്ള നിസ്വാർഥതയോടെ സമർപ്പിക്കാനാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. നാം ഓരോരുത്തരും നമുക്കുതന്നെ പൂർണമായി മരിക്കണം; എല്ലാ പാപത്തിൽനിന്നും പാപത്തോടുള്ള എല്ലാ ആസക്തിയിൽനിന്നും, എല്ലാ ദുശ്ശീലത്തിൽനിന്നും എല്ലാ ലൗകികചിന്തയിൽനിന്നും, ദൈവം മാത്രമല്ലാത്ത എല്ലാറ്റിൽനിന്നും ശുദ്ധീകരിക്കപ്പെടണം. വിശുദ്ധർ മനസ്സിലാക്കിയതുപോലെ, ക്രിസ്തുവിനോടുകൂടെ മരിക്കാനും അവിടുത്തെ കുരിശ് ആശ്ലേഷിക്കാനുമുള്ള നമ്മുടെ വിളി വ്യക്തമായി മനസ്സിലാക്കുമ്പോൾ, ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടെയും മരിക്കുക എന്ന ദൗത്യം അതിദുഷ്കരവും അസാധ്യവുമാണെന്നു തോന്നി ക്രൈസ്തവർ തളർന്നുപോകാൻ സാധ്യതയുണ്ട്.

ഉത്ഥാനത്തിന്റെ കാര്യമാകുമ്പോൾ, അത് നൽകുന്ന സന്ദേശം സ്വീകരിക്കാൻ എളുപ്പമാണെന്ന് പറയാൻ ഒരാൾക്ക് തോന്നിയേക്കാം. ക്രിസ്തുവിലുള്ള പുതുജീവൻ, ആനന്ദത്തിന്റെ പൂർണത, സമ്പൂർണ രൂപാന്തരം, സ്വർഗത്തിലെ നിത്യസൗഭാഗ്യം—ഇവയെല്ലാം സ്വീകരിക്കാൻ എളുപ്പമാണെന്ന് ആദ്യം തോന്നുന്നു. എന്നാൽ ഉയിർപ്പുതിരുനാളിന്റെ അഗാധമായ യാഥാർഥ്യം നമ്മുടെ മുമ്പിൽ ഉയർത്തുന്ന വെല്ലുവിളി ഇതാണ്: ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുചേരുക എന്നതിന്റെ അർഥത്തെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ധാരണ ആ യാഥാർഥ്യത്തിന്റെ ഏറ്റവും മങ്ങിയ നിഴൽ മാത്രമാണെന്ന് നമുക്ക് ഉറപ്പിക്കാം. വാസ്തവത്തിൽ, ഉത്ഥാനം നിമിത്തം നാം വിളിക്കപ്പെട്ടിരിക്കുന്ന മഹത്ത്വം മനസ്സിലാക്കുന്നതിന്റെ അടുത്തെത്തിയവർപോലും ഈ ജീവിതത്തിൽ വളരെ ചുരുക്കമാണ്. ഏതാനും പേരെ പരാമർശിച്ചാൽ, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്, സിയെന്നായിലെ വിശുദ്ധ കത്രീന, കുരിശിന്റെ വിശുദ്ധ യോഹന്നാൻ, ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ എന്നിവർ ഭൂമിയിലായിരിക്കുമ്പോൾത്തന്നെ ഉയിർപ്പുതിരുനാളിന്റെ രഹസ്യത്തിന്റെ ആഴങ്ങളിലേക്കു കടന്നവരിൽ ഉൾപ്പെടുന്നു. അഗാധമായ പ്രാർഥനയും പ്രായശ്ചിത്തവും ഉപവിയും നിറഞ്ഞ ജീവിതത്തിലൂടെ ക്രിസ്തുവിനോടുകൂടെ പൂർണമായി മരിച്ചുകൊണ്ടു മാത്രമാണ് അവർ ഈ ആത്മീയജ്ഞാനം നേടിയത്. അത്തരമൊരു ജീവിതം അവരുടെ ആത്മാക്കളെ പരിശുദ്ധ ത്രിത്വത്തോട് പൂർണമായി ഐക്യപ്പെടുത്തി.

ഉയിർപ്പുതിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയേണ്ട ഒരു പ്രധാന കാര്യമുണ്ട്: ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതെല്ലാം നാം ഇനിയും അറിഞ്ഞിട്ടില്ല എന്നതാണത്. അത്രയെങ്കിലും അറിയാൻ നമുക്കു കഴിഞ്ഞാൽ, നമ്മുടെ ആത്മീയാഭിലാഷങ്ങൾ കൂടുതൽ അറിയാനുള്ള ദാഹം നമ്മിൽ ഉണർത്തും. മിക്കപ്പോഴും, സുവിശേഷത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ അറിവിൽ തൃപ്തരായാണ് ക്രൈസ്തവർ ജീവിതം നയിക്കുന്നത്. ദൈവം മനുഷ്യനായി, തന്റെ ജീവിതം നയിച്ചു, ശിഷ്യരെ ഒരുമിച്ചുകൂട്ടി, പഠിപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു, കുരിശിൽ മരിച്ചു, ഉയിർത്തെഴുന്നേറ്റു, സ്വർഗാരോഹണം ചെയ്തു, പരിശുദ്ധാത്മാവിനെ അയച്ചു എന്നെല്ലാം നമുക്കറിയാം. കൂടാതെ, അവിടുത്തെ കൃപയിൽ നിലനിന്നാൽ മരണശേഷം നാം സ്വർഗത്തിൽ പങ്കുചേരുമെന്ന അവിടുത്തെ വാഗ്ദാനത്തിൽ നമുക്കു പ്രത്യാശയുണ്ട്. എന്നാൽ ഈ ജീവിതത്തിൽ വിശുദ്ധർ ഗ്രഹിച്ച സമ്പൂർണ യാഥാർഥ്യത്തെക്കുറിച്ചുള്ള അങ്ങേയറ്റം അപൂർണമായ ഒരു കാഴ്ചപ്പാടു മാത്രമാണിത്. അവരുടെ ആ ഗ്രാഹ്യമാണ് നമ്മുടെ ആത്മാവിന്റെ സർവശക്തിയോടുംകൂടെ നാം തേടേണ്ടത്.

ക്രിസ്തുവിന്റെ പുതുജീവനിൽ പങ്കുചേരുക എന്നതിന്റെ അർഥമെന്താണ്? ഉത്ഥാനത്തിന്റെ മഹത്ത്വത്തിൽ പങ്കുചേരുക എന്നതിന്റെ അർഥമെന്താണ്? അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രം ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ജീവിതത്തിൽ മഹത്ത്വത്തിന്റെ അത്യുന്നത തലങ്ങളിലേക്കു പ്രവേശിക്കുന്നവർക്ക് സ്വർഗം എങ്ങനെയായിരിക്കും? അന്ത്യവിധിക്കായി യേശു തന്റെ സർവമഹത്ത്വത്തോടുംകൂടെ മടങ്ങിവരുമ്പോൾ പുതിയ ആകാശവും പുതിയ ഭൂമിയും എങ്ങനെയായിരിക്കും? നിങ്ങൾ ഒരിക്കലും ആഴത്തിൽ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടില്ലാത്ത ചോദ്യങ്ങളാണ് ഇവയെങ്കിൽ, നിങ്ങളെ കാത്തിരിക്കുന്ന ഉത്തരങ്ങൾ നിങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവുന്നതിലും മഹത്ത്വപൂർണമാണെന്ന് അറിയുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ശാന്തമായി ഇരുന്ന്, ഏറ്റവും ശ്രേഷ്ഠവും മഹത്ത്വപൂർണവുമായ ജീവിതം സങ്കൽപ്പിക്കാൻ ഒരു ദിവസം മുഴുവൻ ചെലവഴിക്കുകയും, സ്വർഗത്തിലെ സന്തോഷത്തിന്റെയും പരിപൂർണ ആനന്ദത്തിന്റെയും ചിത്രം മനസ്സിൽ വരയ്ക്കാൻ ശ്രമിക്കുകയും ചെയ്താലും, ആ യാഥാർഥ്യത്തെ സങ്കൽപ്പിക്കുന്നതിന്റെ അടുത്തെത്താൻപോലും നിങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പിക്കാം. നമ്മുടെ പരിമിതി വെളിപ്പെടുത്തുന്ന ഈ വസ്തുത നിങ്ങളെ നിരുത്സാഹപ്പെടുത്തരുത്; നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് അറിയാനുള്ള ആഗ്രഹത്താൽ അത് നിങ്ങളുടെ മനസ്സാക്ഷിയെ നിറയ്ക്കണം. അതാണ് ആദ്യപടി.

ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പൂർണമായി പങ്കുചേരുന്നതിന്റെ ആനന്ദത്തെക്കുറിച്ചുള്ള ആഴമേറിയതും വിശാലവുമായ ആത്മീയ അവബോധം, ദൈവംതന്നെ നേരിട്ട് കൃപ പകർന്നുനൽകുന്നതിലൂടെ മാത്രമേ നമുക്കു ലഭിക്കുകയുള്ളൂ. ഇപ്രകാരം പകർന്നുകിട്ടുന്ന ജ്ഞാനം ഒരു ആത്മാവിനു ലഭിക്കുമ്പോൾ, ആ ആത്മാവ് വിസ്മയവും ഭയഭക്തിയുംകൊണ്ട് നിറയുന്നു. ഏറ്റവും ചെറിയ പാപംപോലും ചെയ്യുന്നത് തികഞ്ഞ ഭോഷത്തമാണെന്നും സകലതും നഷ്ടപ്പെടുന്നതിലേക്കുള്ള വഴിയാണെന്നും അപ്പോൾ തിരിച്ചറിയുന്നു. ഈ ലോകം നൽകുന്നതെല്ലാം—എല്ലാ സുഖസൗകര്യങ്ങളും സമ്പത്തും അധികാരവും ബഹുമതിയും—നേടിയാലും, ഉത്ഥാനത്തിൽ പൂർണമായി പങ്കുചേരുന്ന വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ തീർത്തും ദുഃഖിതരായിരിക്കുമെന്ന് അവർ തിരിച്ചറിയുന്നു. സ്വന്തം ജീവിതം ദൈവഹിതത്തിനു സമ്പൂർണമായി സമർപ്പിക്കുന്നതിനും, ക്രിസ്തുവിനുവേണ്ടി എന്തും ഏതും സഹിക്കാൻ സന്നദ്ധരാകുന്നതിനും, ശുശ്രൂഷിക്കപ്പെടുന്നതിനു പകരം ശുശ്രൂഷിക്കുന്നതിനും, എല്ലാവരോടും പൂർണമായി ക്ഷമിക്കുന്നതിനും, തങ്ങളുടെ സത്ത മുഴുവനാലും സ്നേഹിക്കുന്നതിനും, നിരന്തരം പ്രാർഥനാപൂർവം ദൈവസന്നിധിയിൽ മനസ്സിനെ ഏകാഗ്രമാക്കി നിലകൊള്ളുന്നതിനും മാത്രമാണ് യഥാർഥ മൂല്യമുള്ളതെന്ന് അവർ തിരിച്ചറിയുന്നു.

ഇത്തരമൊരു ജീവിതം നയിക്കുന്നത് അസാധ്യമാണെന്നു തോന്നുന്നെങ്കിൽ, അത് അസാധ്യമല്ല. ദൈവവുമായുള്ള ഐക്യത്തിന്റെ പൂർണതയ്ക്കായി പരിശ്രമിക്കുന്നവരെ കാത്തിരിക്കുന്ന സമ്മാനം ഗ്രഹിക്കാൻ നമുക്കു കഴിയാതെ വരുമ്പോൾ മാത്രമാണ് അങ്ങനെ തോന്നുന്നത്. ഉയിർപ്പുതിരുനാളിന്റെ സന്ദേശവും രഹസ്യവും നല്ലവരായും സന്തോഷമുള്ളവരായും ജീവിക്കുന്നതിനെക്കുറിച്ചു മാത്രമല്ല. മരണശേഷം സ്വർഗം ലഭിക്കുമെന്ന പ്രത്യാശയിൽ വിശ്വസിക്കുന്നതിനെക്കുറിച്ചു മാത്രവുമല്ല. ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള ദീർഘവും ദുഷ്കരവുമായ യാത്ര ആരംഭിച്ചാൽ മാത്രമേ ഉയിർപ്പുതിരുനാളിന്റെ സന്ദേശത്തിന്റെയും രഹസ്യത്തിന്റെയും പൂർണത മനസ്സിലാക്കാൻ നമുക്കു കഴിയൂ. അതു തിടുക്കത്തോടെ ആരംഭിക്കുന്നവർക്കു മാത്രമേ അതു പൂർത്തിയാക്കാൻ സാധ്യതയുള്ളൂ. നിങ്ങൾക്ക് അറിയാത്ത എത്രയോ കാര്യങ്ങളുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് ഇന്ന് ആ യാത്ര ആരംഭിക്കുക. ദൈവം നിങ്ങളെ വിളിക്കുന്നതും നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ എത്രയോ ഉണ്ട്. ജീവിതത്തിലെ മറ്റെന്തിനെക്കാളും അധികം ആനന്ദം ക്രിസ്തുവിന്റെ ഉത്ഥാനത്തിലുണ്ട്. ജീവിതത്തിലെ നിസ്സാരവും കടന്നുപോകുന്നതുമായ കാര്യങ്ങൾ ലക്ഷ്യമാക്കരുത്—മഹത്ത്വത്തിന്റെ ഏറ്റവും ഉന്നതമായ ശിഖരങ്ങൾ ലക്ഷ്യമാക്കുക. ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന മഹത്ത്വത്തിന്റെ ഉന്നതമായ തലങ്ങളിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ കഴിയേണ്ടതിന്, ഈ ഉയിർപ്പുതിരുനാളിൽ ഉത്ഥാനത്തെ മനസ്സിലാക്കാൻ പരിശ്രമിക്കുക.

പ്രാർഥന: ഉത്ഥിതനായ എന്റെ കർത്താവേ, അങ്ങ് എന്നെ വിളിച്ചിരിക്കുന്ന മഹത്ത്വം ഗ്രഹിക്കാനുള്ള എന്റെ സ്വാഭാവിക കഴിവിന് അതീതമാണ്. തങ്ങളുടെ ജീവിതം പൂർണമായും ഒന്നും മാറ്റിവയ്ക്കാതെയും അങ്ങേക്കു സമർപ്പിക്കുകയും പിതാവിന്റെ ഹിതത്തിന്റെ എല്ലാ വശങ്ങളും അനുസരിക്കുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്ക് ഒരിക്കലും സങ്കല്പിക്കാൻപോലും കഴിയില്ല. എനിക്ക് അറിയാത്ത എത്രയോ കാര്യങ്ങൾ ഇനിയും ഉണ്ടെന്ന തിരിച്ചറിവിനാൽ എന്നെ നിറയ്ക്കണമേ. ഈ ഭൂമിയിലായിരിക്കുമ്പോഴും സ്വർഗത്തിൽ എന്നേക്കും ഉത്ഥാനത്തിന്റെ മഹത്ത്വങ്ങളിൽ കൂടുതൽ പൂർണമായി പങ്കുചേരേണ്ടതിന്, അങ്ങയെ കൂടുതൽ അറിയാനുള്ള ആ ദാഹം ശമിപ്പിക്കണമെന്ന അഭിലാഷത്താൽ എന്റെ ആത്മാവിനെ ജ്വലിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിചിന്തനം എടുത്തിരിക്കുന്നത്:

ആരാധനാക്രമവത്സരത്തിലെ വിശുദ്ധരും തിരുനാളുകളും
ഒന്നു മുതൽ നാലു വരെ വാല്യങ്ങൾ


ഉയിർപ്പുതിരുനാളിനായുള്ള പ്രാർഥനാധ്യാനം

ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാചരണത്തിനായുള്ള പ്രാർഥനകൾ & വിചിന്തനങ്ങൾ

ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)

ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന

ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാചരണത്തിനായുള്ള മറ്റു പ്രാർഥനകൾ:

വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ

ദൈവകരുണയിൽ ആശ്രയം


ഉയിർപ്പുതിരുനാൾ വാരത്തിലെ എല്ലാ ദൈനംദിന വിചിന്തനങ്ങളും

ദൈവകരുണയെക്കുറിച്ചുള്ള ധ്യാനചിന്തകൾ

ആരാധനാക്രമവത്സരത്തിലെ വിശുദ്ധർ


കൂടുതൽ വായനയ്ക്ക്:

കത്തോലിക്കാ വിശുദ്ധർ & തിരുനാളുകൾ: ശബ്ദരേഖ

USCCB

Hallow

കാത്തലിക് ആൻസേഴ്സ്

കത്തോലിക്കാ വിജ്ഞാനകോശം

നാഷണൽ കാത്തലിക് രജിസ്റ്റർ


(ഹ്രസ്വരൂപം)

ഉയിർപ്പുഞായർ—മഹോത്സവം

എല്ലാ ആനന്ദത്തിന്റെയും പൂർണതയുടെയും മഹത്ത്വത്തിന്റെയും കാരണമാണ് ഉയിർപ്പുതിരുനാൾ. മരണത്തെ നശിപ്പിച്ചുകൊണ്ട് ഈശോ കുരിശിൽ മരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂവെങ്കിൽ, ഒരു കാര്യം കുറവായിരിക്കുമായിരുന്നു—മഹത്ത്വപൂർണമായ അസ്തിത്വത്തിലേക്കുള്ള ജീവന്റെ പുനഃസ്ഥാപനം. പാപമോചനത്തിനപ്പുറം, ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ഓരോ ആത്മാവും ഈ കാലത്തിലും നിത്യതയിലും മഹത്ത്വീകരിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഉയിർപ്പുതിരുനാൾ നമ്മോടു പറയുന്നത്. കുരിശാണോ പ്രയാസമുള്ള സന്ദേശവും ഉയിർപ്പുതിരുനാളാണോ എളുപ്പമുള്ള സന്ദേശവും?

നമ്മുടെ ജീവിതം പിതാവിന്റെ ഹിതത്തിനു സമർപ്പിക്കാൻ കുരിശ് നമ്മെ വിളിക്കുന്നു. എല്ലാ പാപങ്ങളിൽനിന്നും പാപത്തോടുള്ള എല്ലാ ആസക്തികളിൽനിന്നും, എല്ലാ ദുശ്ശീലങ്ങളിൽനിന്നും ലൗകികചിന്തകളിൽനിന്നും, ദൈവവും ദൈവം മാത്രവുമല്ലാത്ത സകലതിൽനിന്നും നാം ശുദ്ധീകരിക്കപ്പെടണം. ക്രിസ്തുവിനോടുകൂടെ മരിക്കാനും അവിടുത്തെ കുരിശിനെ പുൽകാനുമുള്ള നമ്മുടെ വിളി വിശുദ്ധരോടൊപ്പം നാം മനസ്സിലാക്കുമ്പോൾ, ആ ദൗത്യം അസാധ്യമാണെന്നു തോന്നിയേക്കാം.

ക്രിസ്തുവിലുള്ള പുതിയ ജീവിതം, ആനന്ദത്തിന്റെ പൂർണത, സമ്പൂർണ രൂപാന്തരം, സ്വർഗത്തിലെ നിത്യസൗഭാഗ്യം എന്നിവ സ്വീകരിക്കാൻ എളുപ്പമാണെന്നു തോന്നുന്നു. എന്നാൽ, ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുചേരുക എന്നതിന്റെ അർഥത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ യാഥാർഥ്യത്തിന്റെ ഒരു നിഴൽ മാത്രമാണെന്ന് നമുക്ക് ഉറപ്പിക്കാം. ഉത്ഥാനം നമ്മെ വിളിക്കുന്ന മഹത്ത്വം മനസ്സിലാക്കുന്നതിന് അടുത്തെത്തിയവർ വളരെ ചുരുക്കമാണ്. ഭൂമിയിലായിരിക്കുമ്പോൾത്തന്നെ ഉയിർപ്പുതിരുനാളിന്റെ രഹസ്യത്തിന്റെ ആഴങ്ങളിലേക്കു പ്രവേശിച്ചവരിൽ വിശുദ്ധരായ അസ്സീസിയിലെ ഫ്രാൻസിസ്, സിയന്നായിലെ കത്രീന, കുരിശിന്റെ യോഹന്നാൻ, ലിസ്യുവിലെ കൊച്ചുത്രേസ്യ എന്നിവർ ഉൾപ്പെടുന്നു. തങ്ങളുടെ ആത്മാക്കളെ പരിശുദ്ധ ത്രിത്വത്തോടു പൂർണമായി ഐക്യപ്പെടുത്തിയ അഗാധമായ പ്രാർഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ഉപവിസ്നേഹത്തിന്റെയും ജീവിതത്തിലൂടെ ക്രിസ്തുവിനോടുകൂടെ പൂർണമായി മരിച്ചുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.

ഉയിർപ്പുതിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിഞ്ഞിരിക്കണം: ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു വാഗ്ദാനം ചെയ്യുന്നതെല്ലാം നാം ഇനിയും അറിഞ്ഞിട്ടില്ല. ആ അറിവിനുവേണ്ടിയുള്ള വിശപ്പ് നമ്മുടെ ആത്മീയ അഭിലാഷങ്ങൾ നമ്മിൽ ഉണർത്തണം. മിക്കപ്പോഴും, സുവിശേഷത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണയിൽ തൃപ്തരായാണ് ക്രൈസ്തവർ ജീവിതത്തിലൂടെ കടന്നുപോകുന്നത്. ദൈവം മനുഷ്യനായെന്നും പഠിപ്പിച്ചെന്നും അത്ഭുതങ്ങൾ പ്രവർത്തിച്ചെന്നും കുരിശിൽ മരിച്ചെന്നും ഉയിർത്തെഴുന്നേറ്റെന്നും സ്വർഗാരോഹണം ചെയ്തെന്നും പരിശുദ്ധാത്മാവിനെ അയച്ചെന്നും നമുക്കറിയാം. അവിടുത്തെ കൃപയിൽ നിലനിന്നാൽ, മരണശേഷം നാം സ്വർഗത്തിൽ പങ്കുചേരുമെന്ന അവിടുത്തെ വാഗ്ദാനത്തിൽ നാം പ്രത്യാശവയ്ക്കുന്നു. എന്നാൽ വിശുദ്ധർ ഗ്രഹിച്ചതിൽനിന്നും നാം അന്വേഷിക്കേണ്ടതിൽനിന്നും ഇത് ഏറെ അകലെയാണ്.

ക്രിസ്തുവിന്റെ പുതിയ ജീവിതത്തിലും ഉത്ഥാനമഹത്വത്തിലും നാം എങ്ങനെയാണ് പങ്കുചേരുന്നത്? അടിസ്ഥാനകാര്യങ്ങൾ മാത്രം ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ജീവിതത്തിൽത്തന്നെ മഹത്വത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങൾ കൈവരിക്കുന്നവർക്ക് സ്വർഗം എങ്ങനെയായിരിക്കും? അന്ത്യവിധിക്കായി യേശു മടങ്ങിവരുമ്പോൾ പുതിയ ആകാശവും പുതിയ ഭൂമിയും എങ്ങനെയായിരിക്കും? ഈ ചോദ്യങ്ങളെക്കുറിച്ച് നിങ്ങൾ ഒരിക്കലും ആഴത്തിൽ ചിന്തിച്ചിട്ടില്ലെങ്കിൽ, മഹത്വപൂർണമായ ഉത്തരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുവെന്ന് അറിയുക.

ദൈവം കൃപ നേരിട്ട് പകർന്നുതരുന്നതിലൂടെ മാത്രമേ ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പൂർണമായി പങ്കുചേരുന്നതിന്റെ ആനന്ദം നമുക്ക് ഗ്രഹിക്കാനാകൂ. ഇപ്രകാരം പകർന്നുകിട്ടുന്ന അറിവ് ഒരു ആത്മാവ് സ്വീകരിക്കുമ്പോൾ, ഏറ്റവും ചെറിയ പാപംപോലും ചെയ്യുന്നത് ഭോഷത്തമാണെന്നും സമ്പൂർണമായ നഷ്ടത്തിലേക്കുള്ള വഴിയാണെന്നും അത് തിരിച്ചറിയുന്നു. ഉത്ഥാനത്തിൽ പൂർണമായി പങ്കുചേരുന്നതിനോടു താരതമ്യം ചെയ്യുമ്പോൾ, ഭൗമികമായ എല്ലാ സുഖസൗകര്യങ്ങളും ബഹുമതികളും നേടുന്നത് ദയനീയമാണെന്ന് അത് തിരിച്ചറിയുന്നു. സ്വന്തം ജീവിതം ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുക, ക്രിസ്തുവിനുവേണ്ടി എന്തും ഏതും സഹിക്കാൻ സന്നദ്ധമാകുക, പൂർണഹൃദയത്തോടെ ശുശ്രൂഷിക്കുക, എല്ലാവരോടും പൂർണമായി ക്ഷമിക്കുക, തന്റെ സത്ത മുഴുവനാലും സ്നേഹിക്കുക, പ്രാർഥനാപൂർവം ദൈവസാന്നിധ്യത്തിൽ മനസ്സിനെ ഏകാഗ്രമാക്കി നിലകൊള്ളുക എന്നിവ മാത്രമാണ് മൂല്യവത്തായ ജീവിതലക്ഷ്യമെന്ന് അത് തിരിച്ചറിയുന്നു.

ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള ദീർഘവും ദുഷ്കരവുമായ യാത്ര ആരംഭിച്ചാൽ മാത്രമേ ഈസ്റ്ററിന്റെ സന്ദേശവും രഹസ്യവും നമുക്ക് മനസ്സിലാക്കാനാകൂ. താമസംവിനാ ആ യാത്ര ആരംഭിക്കുന്നവർക്കു മാത്രമേ അതു പൂർത്തിയാക്കാൻ സാധ്യതയുള്ളൂ. ദൈവം നിങ്ങളെ വിളിക്കുന്നതും നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ഏറെയുണ്ട്. ജീവിതത്തിലെ നിസ്സാരവും കടന്നുപോകുന്നതുമായ കാര്യങ്ങളെ ലക്ഷ്യമാക്കരുത്; മഹത്വത്തിന്റെ ഏറ്റവും ഉന്നതമായ ഉയരങ്ങളെ ലക്ഷ്യമാക്കുക. ഈ ഈസ്റ്ററിൽ ഉത്ഥാനത്തെ മനസ്സിലാക്കാൻ പരിശ്രമിക്കുക. അങ്ങനെ, ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന മഹത്വത്തിന്റെ ഉന്നത തലങ്ങളിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ നിങ്ങൾക്കു കഴിയും.

ഉത്ഥിതനായ എന്റെ കർത്താവേ, അങ്ങ് എന്നെ വിളിച്ചിരിക്കുന്ന മഹത്വം എന്റെ ഗ്രഹണശക്തിക്ക് അതീതമാണ്. ഈ ഭൂമിയിലായിരിക്കുമ്പോഴും സ്വർഗത്തിൽ എന്നേക്കും ഉത്ഥാനത്തിന്റെ മഹത്വങ്ങളിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ കഴിയേണ്ടതിന്, അങ്ങയെ കൂടുതൽ അറിയാനുള്ള ആഗ്രഹത്താൽ എന്റെ ആത്മാവിനെ ജ്വലിപ്പിക്കണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പൂർണ്ണരൂപത്തിലേക്കു മടങ്ങുക