നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ ശനിയാഴ്ച
മറ്റുള്ളവരിൽ നല്ല ഗുണങ്ങളോ സമ്പത്തോ കാണുമ്പോൾ, പ്രത്യേകിച്ച് അവ നമുക്കില്ലെങ്കിൽ, അനുഭവപ്പെടുന്ന ഒരുതരം ദുഃഖമോ മനസ്സിലെ കയ്പോ ആണ് അസൂയ. മറ്റൊരാൾക്കുള്ളത് സ്വന്തമാക്കാനുള്ള സ്വാർഥമായ ആഗ്രഹം അല്ലെങ്കിൽ നമുക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭയം എന്നിങ്ങനെയുള്ള ഈർഷ്യയുമായി അതിന് അടുത്ത ബന്ധമുണ്ട്. ഈ പാപങ്ങൾ അപവാദം പറയുന്നതിനും മറ്റുള്ളവരെ വിധിക്കുന്ന മനോഭാവത്തിനും പരദൂഷണത്തിനും വഴിതെളിക്കുന്നു. അവർ പരാജയപ്പെടുന്നതു കാണുമ്പോഴോ നാം ആഗ്രഹിക്കുന്ന എന്തെങ്കിലും നമുക്കു ലഭിക്കാതിരിക്കുമ്പോഴോ ഇവ ക്രമരഹിതമായ ഒരു ആനന്ദം ഉളവാക്കുന്നു.
ലൗകികമനോഭാവമുള്ളവരും പണത്തോടോ ഭൗതികസമ്പത്തുകളോടോ പദവിയോടോ ഉള്ള സ്നേഹവുമായി മല്ലിടുന്നവരുമായ ആളുകളിൽ, മറ്റൊരാൾ ആസ്വദിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയിൽ അമിതമായി മുഴുകാൻ അസൂയ പലപ്പോഴും ഇടയാക്കും. ഈ രൂപത്തിലുള്ള അസൂയയിൽ ഇരട്ട പാപമുണ്ട്; കാരണം, അവർ അസൂയപ്പെടുന്ന കാര്യങ്ങൾതന്നെ അനാരോഗ്യകരമായ ആസക്തികളാണ്. സ്വന്തം ജീവിതാവസ്ഥയിൽ സംതൃപ്തിയില്ലാത്തതാണ് ഈ ലൗകിക അസൂയയുടെ വേരായി പലപ്പോഴും വർത്തിക്കുന്നത്. കടന്നുപോകുന്ന ഈ ലോകത്തിലെ കാര്യങ്ങൾക്ക് അർഹിക്കാത്ത വില കൽപ്പിക്കുന്നത്, കൂടുതൽ അധമമായ ഈ അസൂയയിലേക്ക് അനിവാര്യമായും നയിക്കും. നമ്മെക്കാൾ കൂടുതൽ സമ്പത്തുള്ളവരോ കൂടുതൽ വിജയം നേടിയവരോ കൂടുതൽ ബഹുമാനിക്കപ്പെടുന്നവരോ ആയ ആരെങ്കിലും എപ്പോഴും ഉണ്ടായിരിക്കും.
ആദ്യം ദൈവരാജ്യവും സ്വർഗത്തിലെ സമ്പത്തുകളും അന്വേഷിച്ചുകൊണ്ട് നമ്മുടെ മുൻഗണനകളെ ശരിയായ ക്രമത്തിലാക്കുന്നതാണ് ഇത്തരത്തിലുള്ള അസൂയയ്ക്കുള്ള പ്രതിവിധി. നാം അസൂയപ്പെടുന്ന പല കാര്യങ്ങളും അസൂയപ്പെടാൻ തക്ക മൂല്യമുള്ളവയല്ല. അനാരോഗ്യകരമായ ആസക്തികളെയും ആഗ്രഹങ്ങളെയും കീഴടക്കുന്നത്, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള അസൂയയിൽനിന്നു മോചിതരാകാൻ നമ്മെ സഹായിക്കും.
ആത്മീയതലത്തിലും അസൂയ ഉണ്ടാകാം. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ തിരുഹിതം നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർ, മറ്റുള്ളവർ തങ്ങളെക്കാൾ വിശുദ്ധരാണെന്നോ ആത്മീയമായി കൂടുതൽ ഫലം പുറപ്പെടുവിക്കുന്നവരാണെന്നോ കരുതിയേക്കാം. മറ്റൊരാളിൽ മനോഹരമായ ഒരു പുണ്യമോ വിജയകരമായ ഒരു പ്രേഷിതപ്രവർത്തനമോ ദൈവം നൽകിയ ഒരു വരദാനമോ അവർ കണ്ടേക്കാം. അതിൽ ആനന്ദിക്കുന്നതിനുപകരം, തങ്ങൾ ചെയ്ത കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതിൽ അവർ നീരസം പുലർത്തുന്നു.
യഥാർഥ ആനന്ദം, ദയ, കൃതജ്ഞത, ഉപവി, ഓരോ വ്യക്തിയോടുമുള്ള ആദരവ് എന്നിവയാണ് ആത്മീയ അസൂയയ്ക്കുള്ള പ്രതിവിധി. മറ്റുള്ളവരുടെ വിശുദ്ധമായ പുണ്യങ്ങൾ കാണുമ്പോൾ നാം ആനന്ദിക്കുകയും ദൈവത്തിനു നന്ദി പറയുകയും വേണം. ആ പുണ്യങ്ങളെ ആദരവോടെ കാണുകയും വിനയത്തോടെ അവ അനുകരിക്കാൻ പരിശ്രമിക്കുകയും വേണം. വിശുദ്ധജീവിതം നയിക്കുന്നവരെ കണ്ടുമുട്ടുമ്പോൾ, ഒരർഥത്തിൽ നാം “ഒരേ സംഘത്തിലുള്ളവരാണ്” എന്നു മനസ്സിലാക്കണം. അസൂയയെ കീഴടക്കുന്നവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവർക്കു നന്ദി പറയാനും അവരുടെ ജീവിതത്തിൽ സജീവമായിരിക്കുന്ന ദൈവകൃപയെപ്രതി ദൈവത്തെ സ്തുതിക്കാനും പ്രത്യേക ശ്രമം നടത്തും. ഒരാൾ പരാജയപ്പെടുമ്പോൾ, നമുക്ക് ആ വ്യക്തിയോടു ഹൃദയപൂർവമായ അനുകമ്പ ഉണ്ടായിരിക്കണം; എടുത്തുചാടി വിധിക്കുന്നതിൽനിന്നു വിട്ടുനിൽക്കുകയും കരുണ കാണിക്കുകയും നമുക്ക് എങ്ങനെ സഹായിക്കാനാകുമെന്നു ചിന്തിക്കുകയും വേണം.
കുരിശിൽനിന്ന് യേശു നല്ല കള്ളനോടു പറഞ്ഞു: “ആമേൻ, ഞാൻ നിന്നോടു പറയുന്നു, ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” (ലൂക്കാ 23:43). അസൂയയെ അതിജീവിക്കുന്നതിനെക്കുറിച്ച് ഈ വാക്കുകൾ ഉൾക്കാഴ്ച നൽകുന്നു. പാപിയായിരുന്ന ഒരാളോടു യേശു കാണിച്ച അത്ഭുതകരമായ ഔദാര്യം, അതേ ആഗ്രഹം നമ്മിലും ഉണ്ടാകാൻ പ്രചോദനമാകണം. ഓരോ ആത്മാവും സ്വർഗത്തിൽ ദൈവത്തോടുകൂടെ എന്നേക്കും ആയിരിക്കണമെന്ന് ആഗ്രഹിക്കാൻ നമുക്കു കഴിയുമെങ്കിൽ, അവരുടെ നന്മ കാണുമ്പോൾ നാം ദുഃഖിക്കുകയോ അസൂയപ്പെടുകയോ ചെയ്യുന്നതിനുപകരം ആശ്വാസം കണ്ടെത്തുകയും ആനന്ദിക്കുകയും ചെയ്യും.
അസൂയ എന്ന വിരൂപമായ പാപത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക; എന്നാൽ സ്വർഗത്തിലെ ആത്മീയസമ്പത്തുകളിലേക്കു കണ്ണുകൾ തിരിച്ചുകൊണ്ടാകട്ടെ അത്. മറ്റുള്ളവരിൽ ആ ആത്മീയസമ്പത്തുകൾ പ്രകടമാകുന്നുണ്ടെങ്കിൽ, ദൈവത്തിന് തന്റെ സമൃദ്ധമായ ദാനങ്ങൾ നിങ്ങൾക്കും നൽകാൻ കഴിയുമെന്ന് അറിയുക. മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുക, അവരിൽനിന്നു പഠിക്കാൻ കഴിയേണ്ടതിനായി പ്രാർഥിക്കുക, അവർ നൽകുന്ന നല്ല സാക്ഷ്യത്തിന് ദൈവത്തിനു നന്ദി പറയുക.
ഔദാര്യവാനായ എന്റെ കർത്താവേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ തിരുഹിതം നിറവേറ്റുകയും ചെയ്യുന്നവരുടെമേൽ അങ്ങ് അളവറ്റ അനുഗ്രഹങ്ങൾ ചൊരിയുന്നുവല്ലോ. എന്റെ ജീവിതത്തിലെ എല്ലാത്തരം അസൂയകളിൽനിന്നും എന്നെ മോചിപ്പിക്കണമേ. മറ്റുള്ളവരിൽ അങ്ങ് സജീവമായിരിക്കുന്ന എല്ലാ രീതികളെയും ആത്മാർഥമായി സ്നേഹിക്കാൻ എനിക്കു കഴിയട്ടെ. മറ്റുള്ളവരുടെ പുണ്യങ്ങൾ കാണുമ്പോൾ, വിശുദ്ധമായ ആനന്ദവും കൃതജ്ഞതയുംകൊണ്ട് എന്നെ നിറയ്ക്കണമേ. അങ്ങനെ, അങ്ങയുടെ ദൈവികദൗത്യം ഒരുമിച്ചു നിറവേറ്റുന്നതിനായി അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിരിക്കുന്നവർക്ക് ഞാൻ പ്രോത്സാഹനമാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: ഇരുപത്തിയെട്ടാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
