മലയാളം

ആണ്ടുവട്ടക്കാലത്തിലെ പതിമൂന്നാം വാരം

4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

ഉള്ളടക്കം

നിസ്വാർഥമായ ജീവിതം

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ (വർഷം A)

“തന്റെ ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും; എനിക്കുവേണ്ടി തന്റെ ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും.” മത്തായി 10:39

നിങ്ങളെ ഒരു നിമിഷം നിർത്തി ചിന്തിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു വാക്കുകളിയാണ് ഈ വചനം എന്നതു വ്യക്തമാണ്. നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാനും നിങ്ങൾ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള അത്യന്തം ആഴമേറിയതും അടിസ്ഥാനപരവുമായ ഒരു സത്യം അറിയിക്കാനും യേശു പറഞ്ഞ വിശുദ്ധവും പവിത്രവുമായ ഒരു കടങ്കഥപോലെയാണിത്. സ്വാർഥതയോടെയും സ്വയം കേന്ദ്രീകരിച്ചും ജീവിക്കുന്നവർ തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നില്ല എന്നതാണ് അടിസ്ഥാനപരമായി ഈ വചനം പഠിപ്പിക്കുന്നത്. തങ്ങളെത്തന്നെ ഉയർത്തുക എന്നതാണ് സ്വാർഥരുടെ ലക്ഷ്യം; അതാണു തങ്ങൾക്ക് ഏറ്റവും നല്ലതെന്ന് അവർ കരുതുന്നു. എന്നാൽ, മറ്റുള്ളവരെക്കാൾ മുകളിൽ നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കാൻ ശ്രമിച്ച് സ്വാർഥമായി ജീവിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതു നിങ്ങൾക്കു നഷ്ടമാകുന്നുവെന്ന് യേശു വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ആത്മാവുതന്നെ നിങ്ങൾക്കു നഷ്ടമാകുന്നു. നേരെമറിച്ച്, മറ്റുള്ളവർക്ക് നിങ്ങളെക്കാൾ മുൻഗണന നൽകി നിസ്വാർഥമായി ജീവിക്കുകയാണെങ്കിൽ, ആ പ്രവൃത്തിയിലൂടെയാണ് നിങ്ങൾ യഥാർഥത്തിൽ ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം കണ്ടെത്തുന്നതും ഏറ്റവും ആഴമായ തലത്തിൽ ആത്മസാക്ഷാത്കാരം നേടുന്നതും.

ഉദാഹരണത്തിന്, യേശുവിനെക്കുറിച്ചു ചിന്തിക്കുക. അവിടുന്ന് ദൈവമാണ്; പിതാവിനോടും പരിശുദ്ധാത്മാവിനോടും പൂർണമായ ഐക്യത്തിൽ നിത്യത മുഴുവൻ നിലനിൽക്കുന്ന, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയാണ്. അവിടുത്തെ ആത്മാവ് പരിശുദ്ധമായ സ്നേഹം പ്രസരിപ്പിക്കുന്നു. അതുകൊണ്ടാണ് മനുഷ്യനാകാനും കഠിനമായി സഹിക്കാനും വധിക്കപ്പെടാനും അവിടുന്ന് തിരഞ്ഞെടുത്തത്. അത് നമ്മുടെ കർത്താവിനു പൂർണമായ സംതൃപ്തി നൽകിയോ? തീർച്ചയായും. എന്തുകൊണ്ട്? കാരണം, അവിടുത്തെ ബലി അവിടുന്ന് ആരാണ് എന്നതിന്റെ അന്തഃസത്തയുമായി ബന്ധപ്പെട്ടതായിരുന്നു. അവിടുന്ന് സ്നേഹംതന്നെയാണ്. സ്നേഹമാകട്ടെ, എപ്പോഴും സ്വയം ദാനം ചെയ്യുന്നതാണ്. അത് എപ്പോഴും സംതൃപ്തി നൽകുന്നു. അത് എല്ലായ്പ്പോഴും അപരന്റെ നന്മ തേടുന്നു. സ്നേഹം പരിശുദ്ധവും വിശുദ്ധവും നിസ്വാർഥവും സമ്പൂർണവുമാകുമ്പോൾ, അതു സ്നേഹിക്കുന്ന വ്യക്തിക്കു പൂർണത നൽകുന്നു. കുരിശിലെ യേശുവിന്റെ ബലിമരണം നമ്മെ വീണ്ടെടുക്കുക മാത്രമല്ല ചെയ്തത്; അവിടുത്തെ മരണം പരിശുദ്ധമായ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരുന്നതിനാൽ, ദൈവപുത്രൻ തന്റെ മനുഷ്യസ്വഭാവത്തിൽ അനുഭവിച്ച പരിപൂർണമായ സാക്ഷാത്കാരവും സംതൃപ്തിയും അതു വെളിപ്പെടുത്തുകയും ചെയ്തു.

പാപം നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. പ്രത്യേകിച്ച് സ്വാർഥത നമ്മുടെ ചിന്തയെ മങ്ങലേൽപ്പിക്കുന്നു. തത്ഫലമായി, യേശുവിന്റെ പരിപൂർണ ബലിയെ അനുകരിച്ചും അതിനോടു ചേർന്നും, നമ്മുടെ ജീവിതം പൂർണമായും അചഞ്ചലമായും മറ്റുള്ളവർക്കായി ബലിയർപ്പിക്കുന്നതാണ് ജീവിതത്തിൽ പൂർണത കൈവരിക്കാനുള്ള മാർഗമെന്നു വ്യക്തമായി കാണാൻ പ്രയാസമാകുന്നു. ആദ്യം നമ്മെക്കുറിച്ചുതന്നെ ചിന്തിക്കാൻ പാപം നമ്മെ പ്രേരിപ്പിക്കുന്ന നിമിഷംമുതൽ, നാം ആരാണെന്നും എന്താണ് നമുക്കു യഥാർഥമായ പൂർണത നൽകുന്നതെന്നും തിരിച്ചറിയാനാവാത്തവിധം നാം അന്ധരാകാൻ തുടങ്ങുന്നു.

ക്രിസ്തുവിനുവേണ്ടി, അതായത് യഥാർഥ സ്നേഹത്തിനുവേണ്ടി, നിങ്ങളെത്തന്നെ നഷ്ടപ്പെടുത്താൻ നിങ്ങൾക്കു നൽകപ്പെട്ട ദൈവിക ദൗത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇപ്രകാരം പരിശുദ്ധമായും നിസ്വാർഥമായും ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നതിലൂടെ, നിങ്ങളുടെ യഥാർഥ സ്വത്വത്തിലേക്കും നിങ്ങൾ ആരായിത്തീരാൻ സൃഷ്ടിക്കപ്പെട്ടുവോ ആ വ്യക്തിത്വത്തിലേക്കും നിങ്ങൾ വളരുന്നു. ഈ ലോകത്തിൽ നിങ്ങളെത്തന്നെ നഷ്ടപ്പെടുത്താൻ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെത്തുകയുള്ളൂ. ഈ ആഴമേറിയ രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുക. അതിൽ വിശ്വസിച്ചുകഴിഞ്ഞാൽ, എല്ലാ സംശയങ്ങളും ഉപേക്ഷിച്ച് ത്യാഗപൂർവം ജീവിക്കാൻ പ്രതിജ്ഞാബദ്ധരാകുക; അങ്ങനെ, എല്ലാവരെയും ത്യാഗപൂർവം സ്നേഹിക്കാൻ നിങ്ങൾ ഒരിക്കലും മടിക്കുകയില്ല. കാരണം, നിസ്വാർഥമായ സ്നേഹത്തിന്റെ ആ സമൂലമായ പ്രവൃത്തിയിൽ, നിങ്ങൾ ആരായിത്തീരാൻ സൃഷ്ടിക്കപ്പെട്ടുവോ ആ വ്യക്തിയെ കണ്ടെത്തുകയും ആ വ്യക്തിയായിത്തീരുകയും ചെയ്യും.

സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, അങ്ങ് മാനുഷിക സ്നേഹത്തിന്റെ പരിപൂർണ മാതൃക മാത്രമല്ല; അങ്ങയുടെ ത്യാഗപൂർണമായ സ്നേഹമാണ് മനുഷ്യജീവിതത്തിന്റെ പൂർണതയുടെതന്നെ ഉറവിടം. എല്ലാ മനുഷ്യരെയും പൂർണമായും നിസ്വാർഥമായും സ്നേഹിക്കാനും, ആ പ്രവൃത്തിയിലൂടെ ഞാൻ ആരായിത്തീരാൻ സൃഷ്ടിക്കപ്പെട്ടുവോ ആ വ്യക്തിയെ കണ്ടെത്തി ആ വ്യക്തിയായിത്തീരാനും എനിക്ക് ആവശ്യമായ കൃപ നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ജായ്‌റോസിന്റെ വിശ്വാസം

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ (വർഷം B)

അവൻ കുട്ടിയുടെ കൈപിടിച്ച് അവളോടു പറഞ്ഞു: “താലീഥാ കൂം,” അതായത്, “ബാലികേ, ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്കുക!” പന്ത്രണ്ടു വയസ്സുള്ള ആ പെൺകുട്ടി ഉടനെ എഴുന്നേറ്റു നടക്കാൻ തുടങ്ങി. അതുകണ്ട് അവർ അത്യന്തം വിസ്മയിച്ചു. ഇത് ആരും അറിയരുതെന്ന് അവൻ കർശനമായി ആജ്ഞാപിച്ചു; അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്നും പറഞ്ഞു. മർക്കോസ് 5:41–43

ജായ്‌റോസ് കഫർണാമിലെ സിനഗോഗിന്റെ അധികാരിയായിരുന്നു. ആ സ്ഥാനത്തായിരുന്നതിനാൽ, യേശുവിനെ എതിർക്കാൻ അദ്ദേഹത്തിനുമേൽ സമ്മർദം ഉണ്ടായിരുന്നിരിക്കണം. എന്നാൽ അദ്ദേഹത്തിന്റെ മകൾ രോഗിയായിരുന്നു; അക്കാലത്തെ മറ്റു മതനേതാക്കളുടെ അഭിപ്രായങ്ങളെക്കാൾ അദ്ദേഹത്തിനു പ്രധാനമായിരുന്നത് സ്വന്തം മകളായിരുന്നു. അതുകൊണ്ട് അദ്ദേഹം ഒറ്റയ്ക്ക് വിനയപൂർവം യേശുവിന്റെ അടുക്കൽ വന്ന് അവിടുത്തെ കാൽക്കൽ വീണു, തന്റെ മകളെ സുഖപ്പെടുത്തണമെന്നു യാചിച്ചു.

യേശുവിലുള്ള വിശ്വാസം പ്രകടമാക്കുന്ന രണ്ടു പ്രവൃത്തികൾ ജായ്‌റോസ് ചെയ്യുന്നു. രോഗിയായ തന്റെ മകളെ യേശു സുഖപ്പെടുത്തണമെന്നുള്ള അപേക്ഷയായിരുന്നു ആദ്യത്തേത്. എന്നാൽ രണ്ടാമത്തേതിന് അതിലും വലിയ വിശ്വാസം ആവശ്യമായിരുന്നു. മകളെ കാണാനായി യേശുവിനോടൊപ്പം പോകുന്ന വഴിയിൽ, മകൾ മരിച്ചുപോയെന്ന ദുഃഖവാർത്ത അദ്ദേഹത്തിനു ലഭിച്ചു. അതിനോടുള്ള പ്രതികരണമായി യേശു ജായ്‌റോസിന്റെ നേരെ തിരിഞ്ഞു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക.” സ്നേഹപൂർണമായ ഈ കല്പനയോട് ജായ്‌റോസ് വിശ്വാസത്തോടെ പ്രതികരിക്കുകയും തന്റെ മകളെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻപോലും യേശുവിനു കഴിയുമെന്നു വിശ്വസിക്കുകയും ചെയ്തുവെന്നതു വ്യക്തമാണ്.

ജായ്‌റോസിന്റെ വിശ്വാസത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ, അദ്ദേഹം അനുഭവിച്ചിരിക്കാനിടയുള്ള ഈ ആന്തരിക സംഘർഷത്തെക്കുറിച്ചു ചിന്തിക്കുക. യേശുവിനെ എതിർത്തിരുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും രാഷ്ട്രീയ സമ്മർദത്തിനും കൂട്ടത്തിലുള്ളവരുടെ സമ്മർദത്തിനും വഴങ്ങാനുള്ള പ്രലോഭനം അദ്ദേഹത്തിനുണ്ടായിരുന്നു. മകളുടെ രോഗം കൂടുതൽ വഷളായിക്കൊണ്ടിരുന്നപ്പോൾ നിരാശയ്ക്കു വഴങ്ങാൻ അദ്ദേഹം പ്രലോഭിതനായി. അവൾ മരിച്ചെന്നു കേട്ടപ്പോൾ, യേശു എത്താൻ ഏറെ വൈകിപ്പോയെന്നു തോന്നിച്ച യാഥാർഥ്യത്തെ അഭിമുഖീകരിച്ച അദ്ദേഹത്തിന് നിരാശയ്ക്കു വഴങ്ങാനുള്ള പ്രലോഭനം അതിലും ശക്തമായിരുന്നിരിക്കണം. എന്നാൽ ഈ പ്രലോഭനങ്ങൾക്ക് അദ്ദേഹം വഴങ്ങിയില്ല. പ്രത്യാശയിലും വിശ്വാസത്തിലും അദ്ദേഹം ഉറച്ചുനിന്നു.

യേശു ജായ്റോസിന്റെ വീട്ടിലെത്തിയപ്പോൾ, അവിടെ പലരും “ഉച്ചത്തിൽ കരയുകയും വിലപിക്കുകയും” ചെയ്യുന്നത് കണ്ടു. നിരാശ പ്രകടമാക്കുന്ന അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്തുകൊണ്ട് യേശു അവരോടു പറഞ്ഞു: “കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.” എന്നാൽ ഇതു കേട്ടപ്പോൾ അവർ അവനെ പരിഹസിച്ചു. അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്ക് ജായ്റോസിനുണ്ടായിരുന്ന പ്രത്യാശയും വിശ്വാസവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. അതിനാൽ, ജായ്റോസും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും തമ്മിലുള്ള ഈ വ്യത്യാസത്തെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുന്നതും ഉപകാരപ്രദമാണ്.

യേശു ആ പെൺകുട്ടിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നതോടെയാണ് ഈ വിവരണം അവസാനിക്കുന്നത്. തുടർന്ന്, ഈ അത്ഭുതത്തെക്കുറിച്ച് ആരോടും പറയരുതെന്ന് അവിടെയുണ്ടായിരുന്നവരോട് അവൻ പറഞ്ഞു. പ്രശസ്തി നേടാനല്ല യേശു അവളെ സുഖപ്പെടുത്തിയത്. നിരാശയിലും വിശ്വാസമില്ലായ്മയിലും കഴിഞ്ഞിരുന്നവർ തെറ്റാണെന്ന് അവർക്കു തെളിയിച്ചുകൊടുക്കാനുമല്ല അവൻ അവളെ സുഖപ്പെടുത്തിയത്. മറിച്ച്, ആ പെൺകുട്ടിയുടെ പിതാവ് പ്രകടമാക്കിയ വിശ്വാസമാണ് അവളെ സുഖപ്പെടുത്താൻ അവനെ പ്രധാനമായും പ്രേരിപ്പിച്ചത്.

ഒടുവിൽ, “അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണം” എന്നു യേശു പറയുമ്പോൾ, അവന്റെ മനുഷ്യത്വത്തിലൂടെ പ്രകാശിക്കുന്ന ദൈവികസ്നേഹം വ്യക്തമായി കാണാം. അവിടെയുണ്ടായിരുന്നവരിൽനിന്ന് പ്രശംസ പ്രതീക്ഷിച്ചുകൊണ്ട് യേശു അവിടെ നിന്നില്ല. മറിച്ച്, ഈ കൊച്ചുപെൺകുട്ടിക്ക് വിശക്കുന്നുണ്ടാകുമെന്ന കരുതൽ പ്രകടിപ്പിച്ചപ്പോൾ അവന്റെ സ്നേഹനിറഞ്ഞ അനുകമ്പ പ്രകാശിച്ചു. ഈ ചെറിയ കാര്യവും ശ്രദ്ധിക്കാൻ അവന്റെ സ്നേഹം അവനെ പ്രേരിപ്പിച്ചു.

നിങ്ങൾ ജായ്റോസിന്റെ സ്ഥാനത്തായിരുന്നെങ്കിൽ എങ്ങനെ പ്രവർത്തിക്കുമായിരുന്നുവെന്ന് ഇന്ന് ധ്യാനിക്കുക. ആത്മീയവും ധാർമികവുമായ എതിർപ്പുകൾ നേരിട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? വിശ്വാസത്തോടും ഉറപ്പോടുംകൂടെ നിങ്ങൾ നമ്മുടെ കർത്താവിലേക്കു തിരിയുമായിരുന്നോ? മാനുഷികമായ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നു തോന്നിയപ്പോഴും നമ്മുടെ കർത്താവിലുള്ള ആശ്രയം നിങ്ങൾ നിലനിർത്തുമായിരുന്നോ? ജായ്റോസിന്റെ വിശ്വാസവും പ്രത്യാശയും നിങ്ങൾക്കു പ്രചോദനമാകാൻ പ്രാർഥിക്കുക; അദ്ദേഹത്തിന്റെ വിശുദ്ധമായ മാതൃക പിന്തുടരാൻ സ്വയം സമർപ്പിക്കുക.

അനുകമ്പയുള്ള എന്റെ കർത്താവേ, സ്നേഹനിധിയായ ഈ പിതാവ് ജായ്റോസിന്റെ വിശ്വാസത്തോട് അങ്ങ് കരുണയോടും അനുകമ്പയോടുംകൂടെ പ്രതികരിച്ചു. അങ്ങയിൽ ആശ്രയിക്കാൻ അങ്ങ് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധ ചെലുത്തുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും നിരാശപ്പെടാതെ, എപ്പോഴും അങ്ങയിൽ പ്രത്യാശ നിലനിർത്താൻ എനിക്കും അതുപോലൊരു വിശ്വാസം നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


സഭയ്ക്കുള്ളിലെ ഐക്യം

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ (വർഷം C)

വഴിമധ്യേ, അവനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ അവർ ഒരു സമരിയാക്കാരുടെ ഗ്രാമത്തിൽ പ്രവേശിച്ചു. എന്നാൽ അവന്റെ യാത്രയുടെ ലക്ഷ്യം ജറുസലെം ആയിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോൾ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ചോദിച്ചു: “കർത്താവേ, ഇവരെ ദഹിപ്പിക്കാൻ ആകാശത്തുനിന്ന് അഗ്നി ഇറങ്ങിവരട്ടെ എന്നു ഞങ്ങൾ പറയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ?” യേശു തിരിഞ്ഞ് അവരെ ശാസിച്ചു. തുടർന്ന് അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി. ലൂക്കാ 9:52–56

ലൂക്കായുടെ സുവിശേഷത്തിൽ സാധാരണയായി “ജറുസലെമിലേക്കുള്ള യാത്ര: ലൂക്കായുടെ യാത്രാവിവരണം” (ലൂക്കാ 9:51–19:27) എന്നു വിളിക്കപ്പെടുന്ന ഭാഗം മുകളിലെ വചനഭാഗത്തോടെയാണ് ആരംഭിക്കുന്നത്. ജറുസലെമിലേക്കുള്ള യാത്രയിൽ അവർ ആദ്യം തങ്ങിയ ഈ സ്ഥലത്ത്, യഹൂദരും സമരിയാക്കാരും തമ്മിൽ നിലനിന്നിരുന്ന വിദ്വേഷം കാരണം സമരിയാക്കാർ യേശുവിനും ശിഷ്യന്മാർക്കും ആതിഥ്യം നിഷേധിച്ചു. ഈ ശത്രുത അനുഭവിച്ചപ്പോൾ യാക്കോബും യോഹന്നാനും യേശുവിനോടു ചോദിച്ചു: “കർത്താവേ, ഇവരെ ദഹിപ്പിക്കാൻ ആകാശത്തുനിന്ന് അഗ്നി ഇറങ്ങിവരട്ടെ എന്നു ഞങ്ങൾ പറയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ?” സമരിയാക്കാരുടെ ഈ തിരസ്കരണം തങ്ങൾക്കെതിരായ വ്യക്തിപരമായ അപമാനമായാണ് അവർ എടുത്തതെന്നു വ്യക്തമാണ്. തങ്ങൾക്കുണ്ടായ വേദനയും കോപവും നിമിത്തം അവർ പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു.

ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടിൽ അസീറിയൻ അടിമത്തകാലത്ത് യഹൂദരും വിജാതീയരും തമ്മിൽ നടന്ന മിശ്രവിവാഹങ്ങളിലെ സന്തതികളായിരുന്നു സമരിയാക്കാർ. ഗലീലിക്കും ജറുസലെമിനും ഇടയിലുള്ള പ്രദേശത്താണ് അവർ താമസിച്ചിരുന്നത്. ജറുസലെമിലെ യഹൂദരോട് അവർ പൊതുവേ ശത്രുത പുലർത്തിയിരുന്നു. ബലിയർപ്പിക്കാനുള്ള ഏക സ്ഥലം ജറുസലെമിലെ ദേവാലയമാണെന്ന് യഹൂദർ വിശ്വസിച്ചിരുന്നതും, അതേസമയം സമരിയാക്കാർ ഗെരിസിം മലയിൽ സ്വന്തമായി ഒരു ദേവാലയം പണിതതുമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. യഹൂദരുടെ ആചാരങ്ങൾക്കു വിരുദ്ധമായി, സമരിയാക്കാർ മോശയുടെ നിയമം അനുഷ്ഠിക്കുന്നതിനോടൊപ്പം മറ്റു പല വിശ്വാസങ്ങളും കൂട്ടിക്കലർത്തുകയും ചെയ്തിരുന്നു. അങ്ങനെ, ഇരുകൂട്ടരും ഒരേ ദൈവത്തെ ആരാധിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, അവർക്കിടയിലെ വ്യത്യാസങ്ങൾ പരസ്പരമുള്ള നിരന്തരമായ തിരസ്കരണത്തിനും ശത്രുതയ്ക്കും വഴിവെച്ചു.

ഈ ശത്രുതയിൽ പങ്കുചേരാൻ യേശുവിനെ ക്ഷണിച്ചപ്പോൾ അവൻ അതു നിരസിച്ചു. യഹൂദരുടെ വിശ്വാസമാണ് ശരിയെന്നല്ല യേശു പറഞ്ഞത്; സമരിയാക്കാരാണ് ശരിയെന്നും അവൻ പറഞ്ഞില്ല. മറിച്ച്, അവർക്കിടയിൽ നിലനിന്നിരുന്ന വിദ്വേഷത്തിൽ താൻ പങ്കുചേരുകയില്ല എന്നു മാത്രമാണ് അവൻ പറഞ്ഞത്. യോഹന്നാന്റെ സുവിശേഷത്തിൽ കിണറ്റരികിൽ കണ്ട സ്ത്രീ ഒരു സമരിയാക്കാരിയായിരുന്നുവെന്നും യേശു അവളോട് ഏറെ അനുകമ്പ കാണിച്ചുവെന്നും ഓർക്കുക. ഒടുവിൽ, അവളെയും മറ്റു സമരിയാക്കാരെയും ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവളുടെ ആത്മീയദാഹം ശമിപ്പിക്കാൻ അവൻ അവൾക്ക് “ജീവജലം” നൽകി.

സമരിയാക്കാരോടുള്ള യേശുവിന്റെ പെരുമാറ്റത്തിൽനിന്ന് നമുക്കു പഠിക്കാവുന്ന ഒരു പ്രധാന പാഠമുണ്ട്: മറ്റുള്ളവരോടുള്ള മനഃകയ്പും കോപവും പ്രതികാരമോഹവും അമർഷവും അവിടുത്തെ തിരുഹിതത്തിന് തികച്ചും വിരുദ്ധമാണ്. സഭയ്ക്കുള്ളിൽ ഭിന്നതകൾ നേരിടുമ്പോൾ ഇതു ധ്യാനിക്കുന്നത് പ്രത്യേകിച്ചും ഉപകാരപ്രദമാണ്. ചിലപ്പോഴൊക്കെ സഭയ്ക്കുള്ളിൽ വിവിധ ചേരികൾ ഉണ്ടാകുന്നുവെന്നത് തീർച്ചയായും ദുഃഖകരമായ ഒരു വസ്തുതയാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ തെറ്റുകൾ മൂലമായിരിക്കാം അത്തരം ചില ഭിന്നതകൾ ഉണ്ടാകുന്നത്. എങ്കിലും മനഃകയ്പും ആക്രമണങ്ങളും കോപവും അമർഷവും എല്ലായ്പ്പോഴും ഒഴിവാക്കണം. ഇന്നത്തെ സഭയെ മൊത്തത്തിൽ നോക്കുമ്പോൾ, യാക്കോബും യോഹന്നാനും അകപ്പെട്ട അതേ പ്രലോഭനത്തിൽ പലരും വീഴുന്നുണ്ടെന്നു വ്യക്തമാണ്. മറ്റുള്ളവരെ “ദഹിപ്പിക്കാൻ ആകാശത്തുനിന്ന് തീ ഇറക്കാൻ” ആഗ്രഹിക്കുന്നവർ അനേകരുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ, യാക്കോബും യോഹന്നാനും അതിനു ശ്രമിച്ചപ്പോൾ ലഭിച്ച അതേ പ്രതികരണം തന്നെയായിരിക്കും ഇന്നും സ്വർഗത്തിലുള്ള നമ്മുടെ കർത്താവിൽനിന്ന് ഉണ്ടാവുകയെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. കോപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പക്ഷത്തെ ശാസിക്കുകയായിരിക്കും യേശുവിന്റെ പ്രതികരണം. മറ്റുള്ളവരോടുള്ള, പ്രത്യേകിച്ച് സഭയ്ക്കുള്ളിലുള്ളവരോടുള്ള അമർഷം ദൈവത്തിൽനിന്നുള്ള പ്രചോദനമല്ല. അതിനാൽ, അത്തരമൊരു പ്രലോഭനം വരുമ്പോഴെല്ലാം നാം ഈ ഭോഷത്തത്തിൽനിന്ന് ഒഴിഞ്ഞുമാറണം.

സഭയിലെ മറ്റു അംഗങ്ങളുമായുള്ള ഏതെങ്കിലും സംഘർഷത്തിലേക്ക് നിങ്ങൾ വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇന്നു ചിന്തിക്കുക; കോപം മൂലമുള്ള ഒരു ആന്തരിക സംഘർഷം മാത്രമാണെങ്കിൽപ്പോലും. നിങ്ങൾ ചേരിപിടിക്കുകയും അവരുടെമേൽ സ്വർഗത്തിൽനിന്ന് തീ ഇറങ്ങണമെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, ഈ ശിഷ്യന്മാരെ പഠിപ്പിച്ച പാഠത്തിൽനിന്ന് പഠിക്കുക. വിധി ദൈവത്തിനു വിട്ടുകൊടുക്കുക; അനുകമ്പയും ഉപവിയും മാത്രം പ്രകടിപ്പിക്കാൻ ശ്രമിക്കുക. ഐക്യം ഉളവാക്കുന്ന കരുണ തേടുക. ഐക്യത്തിന്റെ വ്യാജമായ ഒരു പ്രതീതി സൃഷ്ടിക്കാൻ സത്യത്തിൽ നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. അതുപോലെതന്നെ, നമ്മുടെ അഹന്തയ്ക്കേറ്റ മുറിവിന്റെ പേരിൽ മറ്റൊരാളോട് ശത്രുത പുലർത്താനും പാടില്ല. സഭയ്ക്കുള്ളിൽ നിങ്ങൾക്ക് അമർഷം തോന്നുന്ന ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും വിഭാഗം ആളുകളെയോ കുറിച്ചു ചിന്തിക്കുക. നമ്മുടെ കർത്താവ് അവരെ കാണുന്നതുപോലെ കാണാൻ അവിടുത്തെ മനസ്സും ഹൃദയവും നിങ്ങൾക്കു ലഭിക്കണമെന്നു പ്രാർഥിക്കുക.

എന്റെ സ്നേഹനാഥാ, എല്ലാ മനുഷ്യരെയും അങ്ങയോടും അങ്ങയുടെ പിതാവിനോടും അനുരഞ്ജിപ്പിക്കാൻ അങ്ങ് നിരന്തരം പരിശ്രമിച്ചു. വിവേകരഹിതമായ കോപം കൂടുതൽ ഭിന്നതകൾ സൃഷ്ടിക്കാൻ അങ്ങ് ഒരിക്കലും അനുവദിച്ചില്ല. അങ്ങ് ആഗ്രഹിക്കുന്ന ഐക്യത്തിന്റെ ഉപകരണമാകേണ്ടതിന്, അങ്ങയുടെ അനുകമ്പാർദ്രമായ ഹൃദയത്തെ അനുകരിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ദൈവം നിങ്ങളെ എവിടേക്കു നയിച്ചാലും

ആണ്ടുവട്ടക്കാലം പതിമൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച

“ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കും.” യേശു അവനോടു മറുപടി പറഞ്ഞു: “കുറുക്കന്മാർക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്; എന്നാൽ മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല.” മത്തായി 8:19–20

യേശു ഈ നിയമജ്ഞനോട് ഇങ്ങനെ മറുപടി പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഈ ഭാഗം മാത്രം വായിച്ചാൽ വ്യക്തമാകില്ല. ഒറ്റനോട്ടത്തിൽ, നിയമജ്ഞന്റെ വാക്കുകൾ ഏറെ ഭക്തിനിർഭരമായി തോന്നുന്നു: “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കും.” എന്നാൽ യേശുവും നിയമജ്ഞനും തമ്മിലുള്ള ഈ സംഭാഷണത്തെക്കുറിച്ചുള്ള വിചിന്തനങ്ങളിൽ പല സഭാപിതാക്കന്മാരും സഹായകമായ ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്.

ഒന്നാമതായി, തന്റെ അനുയായിയാകാനുള്ള നിയമജ്ഞന്റെ സന്നദ്ധത യേശു സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നില്ലെന്നു ശ്രദ്ധിക്കുക. പകരം, തന്റെ അനുയായിയാകുന്നതിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നതെന്നു വ്യക്തമാക്കുന്ന ഒരു പ്രസ്താവന മാത്രമാണ് യേശു നടത്തുന്നത്. യേശുവിനെ അനുഗമിക്കുന്നതിലൂടെ വലിയ പ്രതിഫലങ്ങൾ ലഭിക്കുമെന്നു കരുതിയതിനാലാണ് ഈ നിയമജ്ഞൻ അതിന് ആഗ്രഹിച്ചതെന്ന് ചില സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നു. യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനായിരുന്നല്ലോ; അവിടുത്തെ ജനപ്രീതി ഏറെ വർധിച്ചുവരികയും ഒരു വലിയ നേതാവാകാനുള്ള കഴിവ് അവിടുന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ, യേശു പോകുന്നിടത്തെല്ലാം അവിടുത്തെ അനുഗമിക്കാൻ ഈ നിയമജ്ഞനെ ഉള്ളിൽ പ്രേരിപ്പിച്ചത് എന്താണെന്നതു സംശയാസ്പദമായിരുന്നു. ഏതെങ്കിലും ലൗകികനേട്ടം ലഭിക്കുമെന്നു കരുതിയാണോ അവൻ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിച്ചത്?

ഈ നിയമജ്ഞനോടുള്ള യേശുവിന്റെ മറുപടി രണ്ടു കാര്യങ്ങൾ ചെയ്യുന്നു. ഒന്നാമതായി, യേശുവിനെ അനുഗമിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും അതു നീക്കുന്നു. നിയമജ്ഞൻ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, സമ്പത്തിലേക്കും സ്വത്തുക്കളിലേക്കുമല്ല, ദാരിദ്ര്യത്തിലേക്കും ഭവനരാഹിത്യത്തിലേക്കും അവിടുത്തെ അനുഗമിക്കാൻ അവൻ തയ്യാറാകണമായിരുന്നു. താൻ എന്താണു തിരഞ്ഞെടുക്കുന്നതെന്ന് നിയമജ്ഞനു വ്യക്തമായി മനസ്സിലാകണമെന്നു യേശു ആഗ്രഹിച്ചു. രണ്ടാമതായി, യേശുവിന്റെ മറുപടി തീർച്ചയായും തന്നെ അനുഗമിക്കാനുള്ള ഒരു ക്ഷണമായിരുന്നു; എന്നാൽ പുതുതായി ലഭിച്ച ഈ അറിവിന്റെ വെളിച്ചത്തിൽ മാത്രമുള്ള ക്ഷണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശു ഇങ്ങനെയാണു പറഞ്ഞത്: “അതെ, വന്ന് എന്നെ അനുഗമിക്കുക. എന്നാൽ അതിന്റെ അർത്ഥം എന്താണെന്നു മനസ്സിലാക്കിയിരിക്കണം. എന്നെ അനുഗമിക്കുന്നതിന്റെ ഫലം ഭൂമിയിലെ സമ്പത്തല്ല, ഭൂമിയിലെ ദാരിദ്ര്യമായിരിക്കും.”

നിങ്ങൾ എന്തിനാണ് യേശുവിനെ അനുഗമിക്കുന്നത്? ഇടയ്ക്കൊക്കെ നിങ്ങളുടെ പ്രേരണകൾ പരിശോധിക്കുന്നതു പ്രധാനമാണ്. ചിലർ യേശുവിനെ അനുഗമിക്കാൻ തീരുമാനിക്കുന്നത്, അങ്ങനെയാണ് തങ്ങൾ വളർത്തപ്പെട്ടത് എന്നതുകൊണ്ടുമാത്രമാണ്. മറ്റുചിലർ അങ്ങനെ ചെയ്യുന്നത്, അതിലൂടെ തങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നുന്നതുകൊണ്ടാണ്. ഇനിയും ചിലർ, അതു പലവിധത്തിൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നു കരുതുന്നതിനാൽ അങ്ങനെ ചെയ്യുന്നു. എന്നാൽ നമ്മുടെ കർത്താവിനെ അനുഗമിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ പ്രേരണ എന്താണ്? പൂർണമായും അചഞ്ചലമായും യേശുവിനെ അനുഗമിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ പ്രേരണ വളരെ ലളിതമാണ്: അവിടുന്ന് ദൈവപുത്രനും ലോകരക്ഷകനുമായതിനാൽ നാം അവിടുത്തെ അനുഗമിക്കുന്നു. നമ്മെ തന്നിലേക്കു വിളിക്കാനാണ് യേശു വന്നത്; വിശ്വാസത്തിലൂടെ അവിടുത്തോടുള്ള ഐക്യത്തിൽ ജീവിക്കാൻ അവിടുന്നു നമ്മെ ക്ഷണിച്ചിരിക്കുന്നു. അതിനാൽ, ചെയ്യേണ്ട ശരിയായ കാര്യം അതാണെന്നതുകൊണ്ടുമാത്രം നാം യേശുവിനെ അനുഗമിക്കുന്നതാണ് ഏറ്റവും ഉത്തമം. നേട്ടങ്ങളെന്നു വിളിക്കപ്പെടുന്നവയ്ക്കുവേണ്ടിയായിരിക്കില്ല നാം അങ്ങനെ ചെയ്യുന്നത്. ഏറ്റവും പരിശുദ്ധമായ സ്നേഹം, അതിൽനിന്ന് നമുക്ക് എന്തു ലഭിക്കുന്നു എന്നതിന്റെ പേരിലല്ല മറ്റൊരാളെ സ്നേഹിക്കുന്നത്. നമ്മുടെ സ്നേഹത്തിന് അർഹരായതിനാൽ മറ്റൊരാൾക്കു നൽകുന്ന ദാനമാണ് പരിശുദ്ധമായ സ്നേഹം. യേശുവിനെ സംബന്ധിച്ചിടത്തോളം, അവിടുന്ന് ആരാണ് എന്നതുകൊണ്ടുമാത്രം അവിടുന്ന് നമ്മുടെ സ്നേഹത്തിനും ആരാധനയ്ക്കും അർഹനാണ്.

ദാരിദ്ര്യത്തിലേക്കും എല്ലാറ്റിൽനിന്നുമുള്ള അനാസക്തിയിലേക്കും ജീവിതലാളിത്യത്തിലേക്കും ഒടുവിൽ നിങ്ങളുടെ ജീവിതം മുഴുവനായുള്ള ബലിയർപ്പണത്തിലേക്കും തന്നെ അനുഗമിക്കാൻ യേശു നിങ്ങളെ ക്ഷണിക്കുന്നതിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ക്രിസ്തുയേശുവിന്റെ അനുയായിയായിരിക്കുക എന്നതിന്റെ അർത്ഥം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? സ്വാർത്ഥകാരണങ്ങളാൽ യേശുവിനെ അനുഗമിക്കാനാവില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നമ്മുടെ കർത്താവിനോട് “അതെ” എന്നു പറയുന്നത് അവിടുത്തെ കുരിശിനോട് “അതെ” എന്നു പറയുന്നതാണെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? യേശുവിന്റെ ജീവിതത്തെക്കുറിച്ചു ധ്യാനിക്കുകയും കുരിശിന്റെ ദാരിദ്ര്യത്തിലേക്ക് അവിടുത്തെ അനുഗമിക്കാൻ നിങ്ങൾ സന്നദ്ധരാണോ എന്നു വിചിന്തനം ചെയ്യുകയും ചെയ്യുക. എന്തിനോടാണ് “അതെ” എന്നു പറയുന്നതെന്നു പൂർണമായി അറിഞ്ഞുകൊണ്ട് നമ്മുടെ കർത്താവിനെ അനുഗമിക്കാൻ നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ, അതിന്റെ അന്തിമഫലം അവിടുത്തെ ഉത്ഥിതജീവിതത്തിലുള്ള മഹത്വപൂർണമായ പങ്കുചേരലുമായിരിക്കും.

മഹത്വപൂർണനായ എന്റെ കർത്താവേ, ദാരിദ്ര്യവും തിരസ്കാരവും സഹനവും ഏറ്റുകൊണ്ട് അങ്ങ് ഈ ലോകത്തിലൂടെ നടന്നു. ഭൂമിയിൽ അങ്ങയ്ക്കു സ്വന്തമായി ഒരു ഭവനവും ഉണ്ടായിരുന്നില്ല; എന്നാൽ ഇപ്പോൾ അങ്ങ് സ്വർഗത്തിന്റെ സമൃദ്ധിയിൽ വസിക്കുന്നു. പ്രിയനാഥാ, ഈ ജീവിതത്തിൽ അങ്ങ് എന്നെ എവിടേക്കു നയിച്ചാലും അങ്ങയെ അനുഗമിക്കാൻ എന്നെ സഹായിക്കണമേ. ലൗകികമായ ദാരിദ്ര്യത്തിലേക്കും സഹനത്തിലേക്കുമാണ് അങ്ങ് എന്നെ നയിക്കുന്നതെങ്കിൽ, ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു. ഞാൻ അങ്ങയ്ക്കു നന്ദി പറയുകയും എന്തു സംഭവിച്ചാലും അങ്ങയെ അനുഗമിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അങ്ങയോടുള്ള സ്നേഹത്തെപ്രതി മാത്രം അങ്ങയെ അനുഗമിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. എന്തെന്നാൽ, അങ്ങ് ദൈവമാണ്; എന്റെ സകല സ്തുതിക്കും ആരാധനയ്ക്കും അങ്ങ് അർഹനുമാണ്. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ!

ആണ്ടുവട്ടക്കാലം പതിമൂന്നാം ആഴ്ചയിലെ ചൊവ്വാഴ്ച

യേശു ഒരു വള്ളത്തിൽ കയറിയപ്പോൾ ശിഷ്യന്മാർ അവിടുത്തെ അനുഗമിച്ചു. പെട്ടെന്ന് കടലിൽ ശക്തമായ കൊടുങ്കാറ്റുണ്ടായി; തിരമാലകൾ വള്ളത്തെ മുക്കിക്കൊണ്ടിരുന്നു. എന്നാൽ അവിടുന്ന് ഉറങ്ങുകയായിരുന്നു. മത്തായി 8:23–24

ഈ അനുഭവം ശിഷ്യന്മാരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. മൂന്നു സമാന്തര സുവിശേഷങ്ങളിലും ഇത് രേഖപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത അതിനു തെളിവാണ്. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയശേഷമുള്ള വിവരണത്തിന്റെ അവസാന വാക്കുകളിലും നാം ഇതു കാണുന്നു: “അവർ വിസ്മയത്തോടെ പറഞ്ഞു: ‘കാറ്റും കടലുംപോലും അനുസരിക്കുന്ന ഇവൻ എങ്ങനെയുള്ള മനുഷ്യനാണ്?’”

പരമ്പരാഗതമായി, ഈ സംഭവത്തെ സഭയെ മുഴുവനായും ഓരോ വ്യക്തിയുടെയും ആത്മാവിനെയും പ്രതിനിധീകരിക്കുന്ന ഒരു ചിത്രമായി വ്യാഖ്യാനിച്ചുപോരുന്നു. ക്രൈസ്തവരായ നാം ഈ ജീവിതത്തിലെ അപകടങ്ങളിലൂടെ സഞ്ചരിക്കുന്ന സഭയുടെ പ്രതീകമാണ് വഞ്ചി. അതിജീവിക്കാൻ നാം സഭയിൽ നിലനിൽക്കണം. വഞ്ചിയിലുള്ള ഓരോ വ്യക്തിയും സഭാംഗങ്ങളായ നമ്മിൽ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്നു. ജീവിതത്തിൽ നാം സഹിക്കുന്ന അനേകം വ്യക്തിപരമായ പോരാട്ടങ്ങളുടെയും, കാലത്തിന്റെ അവസാനംവരെ സഭ സഹിച്ചിട്ടുള്ളതും തുടർന്നും സഹിക്കാനിരിക്കുന്നതുമായ പീഡനങ്ങളുടെയും പ്രതീകമാണ് ആ കൊടുങ്കാറ്റ്.

കൊടുങ്കാറ്റ് വഞ്ചിയെ പിടിച്ചുലച്ചപ്പോൾ ഈശോ ഉറങ്ങുകയായിരുന്നു. എന്നാൽ അവിടുന്ന് ഉറങ്ങിക്കിടന്നതിന് ഒരു കാരണമുണ്ടായിരുന്നു. മനുഷ്യചരിത്രത്തിലേക്ക്, പ്രത്യേകിച്ച് സഭയുടെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ, അസ്വസ്ഥതകളും പീഡനങ്ങളും കഷ്ടതകളും ഉയർന്നുവന്ന പല അവസരങ്ങളിലും ദൈവം സന്നിഹിതനല്ലെന്നോ “ഉറങ്ങുകയാണെന്നോ” തോന്നിയിട്ടുള്ളതായി നാം കാണുന്നു. എല്ലാവർക്കുമില്ലെങ്കിലും, പലർക്കും ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഈ കൊടുങ്കാറ്റിനെ നേരിടുമ്പോൾ, ജീവിതത്തിൽ നിരാശയിലേക്കു വീഴാൻ നാം പ്രലോഭിതരാകുന്ന അവസരങ്ങളിൽ എങ്ങനെ പ്രാർഥിക്കണം എന്നതിന് ശിഷ്യന്മാർ ഉത്തമമായൊരു മാതൃക നമുക്കു നൽകുന്നു. അവർ ഈശോയെ ഉണർത്തി പറയുന്നു: “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ഞങ്ങൾ നശിച്ചുപോകുന്നു!” അവരുടെ വിശ്വാസക്കുറവിനെയും ഭയത്തെയും പ്രതി ഈശോ അവരെ ശാസിക്കുന്നുണ്ടെങ്കിലും, അവിടുന്ന് അവരുടെ യാചനകൾക്ക് ഉത്തരം നൽകുകയും കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ശിഷ്യന്മാർ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? അവർ വിശ്വസിച്ച് ഈശോയെ ഉറങ്ങാൻ അനുവദിക്കണമായിരുന്നോ? വിശ്വാസക്കുറവിന്റെ പേരിൽ നമ്മുടെ കർത്താവ് അവരെ ശാസിച്ചുവെങ്കിലും, ഭയത്തിനു കീഴടങ്ങാൻ നാം പ്രലോഭിതരാകുമ്പോൾ ദൈവം കാണിക്കുന്ന കരുണയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് പ്രധാനമായും ഈ സംഭവം. ചിലപ്പോഴൊക്കെ നാമെല്ലാവരും തളർന്നുപോകുമെന്നും ഇത്തരത്തിൽ പ്രലോഭിതരാകുമെന്നും ദൈവത്തിനറിയാം. നമ്മുടെ വിശ്വാസം പൂർണതയുള്ളതല്ലെന്ന് അവിടുത്തേക്ക് അറിയാം. അതുകൊണ്ടാണ് നമുക്കുവേണ്ടി ഈ മാതൃക നൽകാൻ അവിടുന്ന് തന്റെ ശിഷ്യന്മാരെ അനുവദിച്ചത്. അതിനാൽ, ജീവിതത്തിൽ നാം തളർന്നുപോകുകയും ഭയപ്പെടുകയും ചെയ്യുമ്പോഴെല്ലാം, നമ്മെ രക്ഷിക്കണമേയെന്ന് അവിടുത്തോട് നിലവിളിച്ചു പ്രാർഥിക്കണം. നാം അവിടുത്തെ പക്കലേക്കു തിരിയണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

ശിഷ്യന്മാരുടെ ഈ പ്രാർഥനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ ഏതെങ്കിലും വ്യക്തിപരമായ പ്രതിസന്ധിയെയോ, പരിഹരിക്കപ്പെടാതെ കിടക്കുന്ന ഗുരുതരമായ ഒരു കുടുംബപ്രശ്നത്തെയോ നേരിടുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ സഭയെയോ സമൂഹത്തെ മുഴുവനായോ ബാധിക്കുന്ന മറ്റു സംഘർഷങ്ങളെക്കുറിച്ച് കൂടുതൽ ബോധവാനാകുന്നുണ്ടെങ്കിൽ, ശിഷ്യന്മാരുടെ ഈ പ്രാർഥന അനുകരിക്കാൻ ശ്രമിക്കുക: “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ഞങ്ങൾ നശിച്ചുപോകുന്നു!” ആദ്യമൊക്കെ ഇവ നിരാശയുടെ വാക്കുകളായി തോന്നിയേക്കാമെങ്കിലും, യഥാർഥത്തിൽ ഇവ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വാക്കുകളാണ്. നമ്മുടെ ആത്മാവിലും കുടുംബങ്ങളിലും സഭയിലും ലോകത്തിലും നാം അന്വേഷിക്കുന്ന സമാധാനത്തിന്റെ ഏക ഉറവിടമായ അവിടുത്തിലേക്കാണ് ഇവ നമ്മെ നയിക്കുന്നത്. “നശിച്ചുപോകുന്നു” എന്ന അനുഭവം നിങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങൾ തിരിച്ചറിയുക. നിങ്ങളെയും സഹായം ആവശ്യമുള്ള എല്ലാവരെയും രക്ഷിക്കണമേയെന്ന് പൂർണഹൃദയത്തോടെ നമ്മുടെ കർത്താവിനോട് നിലവിളിച്ചു പ്രാർഥിക്കുക.

മഹാശക്തനായ കർത്താവേ, അങ്ങയുടെ ദിവ്യശക്തിയും അങ്ങയുടെ ജനത്തെ അലട്ടുന്ന കൊടുങ്കാറ്റുകളെ പൂർണമായി ശാന്തമാക്കാനുള്ള കഴിവും എന്നെ വിസ്മയിപ്പിക്കുന്നു. എന്റെ ആവശ്യനേരങ്ങളിൽ അങ്ങയുടെ പക്കലേക്കു തിരിയാനും, മറ്റുള്ളവരുടെ ജീവിതത്തിൽ അങ്ങയുടെ നിരന്തരമായ ഇടപെടലിനായി അങ്ങയോട് നിലവിളിച്ചു പ്രാർഥിക്കാനും ഞാൻ ഒരിക്കലും മടിക്കാതിരിക്കേണ്ടതിന് എന്നെ പ്രത്യാശയും എളിമയുംകൊണ്ട് നിറയ്ക്കണമേ. കർത്താവേ, ഉണർന്ന് അങ്ങയുടെ ജനത്തെ രക്ഷിക്കണമേ; എന്തെന്നാൽ അങ്ങില്ലാതെ ഞങ്ങൾ തീർച്ചയായും നശിച്ചുപോകും! ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുക

ആണ്ടുവട്ടക്കാലം പതിമൂന്നാം ആഴ്ചയിലെ ബുധനാഴ്ച

പന്നികളെ മേയിച്ചിരുന്നവർ ഓടിപ്പോയി; പട്ടണത്തിലെത്തിയപ്പോൾ, പിശാചുബാധിതർക്കു സംഭവിച്ചതടക്കം എല്ലാം അവർ അറിയിച്ചു. അപ്പോൾ പട്ടണം മുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടുവന്നു; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവർ അവനോട് അപേക്ഷിച്ചു. മത്തായി 8:33–34

തങ്ങളുടെ സഹനഗരവാസികളായ രണ്ടുപേരെ യേശു പിശാചുക്കളിൽനിന്നു മോചിപ്പിച്ചതിന്റെ ഫലമായി, തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് “പട്ടണം മുഴുവൻ” അവിടുത്തോട് അപേക്ഷിച്ചത് എന്തുകൊണ്ടായിരിക്കും? ഗലീലി കടലിന്റെ വടക്കുകിഴക്കൻ തീരത്ത്, യഹൂദപശ്ചാത്തലമില്ലാത്ത ഗദറായരുടെ ഒരു പട്ടണത്തിനടുത്താണ് ഈ സംഭവം നടന്നത്. അതുകൊണ്ടാണ് അവിടെ അത്രയും വലിയൊരു പന്നിക്കൂട്ടം ഉണ്ടായിരുന്നത് (യഹൂദർ പന്നിമാംസം ഭക്ഷിച്ചിരുന്നില്ല). ഗദറായരിൽ രണ്ടുപേർ പിശാചുബാധിതരായിരുന്നു. “അവർ അത്ര ഉഗ്രസ്വഭാവികളായിരുന്നതിനാൽ ആ വഴിയിലൂടെ ആർക്കും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല” എന്നു വിശുദ്ധഗ്രന്ഥം പറയുന്നു. യേശു അവരെ ഈ ഭയാനകമായ ദുരവസ്ഥയിൽനിന്നു മോചിപ്പിച്ചപ്പോൾ, നന്ദിയോടെ ആനന്ദിക്കുന്നതിനുപകരം പട്ടണവാസികൾ യേശുവിനോടു സ്ഥലം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

യേശുവിനെപ്പോലെ മഹാനായ ഒരാളുടെ സാന്നിധ്യത്തിൽ ആയിരിക്കാൻ തങ്ങൾ യോഗ്യരല്ലെന്നു കരുതിയതിനാൽ, ആ ജനങ്ങൾ യഥാർത്ഥത്തിൽ എളിമയോടെയായിരിക്കാം പെരുമാറിയതെന്ന് വിശുദ്ധ ജെറോം പറയുന്നു. യേശുവിന്റെ കാൽക്കൽ വീണ്, “കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ പാപിയായ മനുഷ്യനാണ്” (ലൂക്കാ 5:8) എന്നു നിലവിളിച്ച വിശുദ്ധ പത്രോസിനെപ്പോലെ, യേശു തങ്ങൾക്കുവേണ്ടി ചെയ്ത കാര്യത്തിൽ ഈ പട്ടണവാസികളും അത്രമേൽ വിസ്മയഭരിതരായിരിക്കാം; അതിനാൽ അവിടുത്തെ സാന്നിധ്യത്തിനു തങ്ങൾ യോഗ്യരാണെന്ന് അവർ കരുതിയില്ലായിരിക്കാം. എന്നാൽ മറ്റു സഭാപിതാക്കന്മാർ ചൂണ്ടിക്കാണിക്കുന്നത്, പാപജീവിതത്തിൽ കുടുങ്ങിക്കിടക്കുകയും സുവിശേഷത്തെയോ യേശുവിനെത്തന്നെയോ മുഖാമുഖം അഭിമുഖീകരിക്കാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് ഈ പട്ടണവാസികൾ സൂചിപ്പിക്കുന്നത് എന്നതിനാണ് കൂടുതൽ സാധ്യതയെന്നാണ്. സത്യത്തിനു നേരെ ചെവിയടയ്ക്കാനും അജ്ഞതയിലും പാപത്തിലും തുടരാനുമാണ് അവർ ഇഷ്ടപ്പെടുന്നത്.

ആ പട്ടണവാസികളും പിശാചുബാധിതരായ ഈ രണ്ടുപേരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതും ഉപകാരപ്രദമാണ്. തങ്ങളെ പീഡിപ്പിച്ചിരുന്ന പിശാചുക്കളിൽനിന്ന് ഈ രണ്ടുപേരും പൂർണമായി മോചിതരായതു കണ്ടപ്പോൾ, ധൂർത്തപുത്രന്റെ പിതാവ് തന്റെ മകൻ മടങ്ങിവന്നപ്പോൾ ആനന്ദിച്ചതുപോലെ ആ പട്ടണവാസികളും ആനന്ദിക്കേണ്ടതായിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, പിശാചുബാധിതരായിരുന്ന ഈ രണ്ടുപേർക്കും ലഭിച്ച മോചനത്തിൽ അവരുടെ സഹപട്ടണവാസികൾക്ക് കാര്യമായ സന്തോഷമൊന്നും ഉണ്ടായതായി തോന്നുന്നില്ല. ഈ രണ്ടുപേരോടും ആ പട്ടണത്തിലുള്ളവർക്ക് സ്നേഹം തീരെ കുറവായിരുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. ഒരുപക്ഷേ, വർഷങ്ങളായി ഈ രണ്ടുപേരെയും പരിഹസിക്കുന്നതിൽ പട്ടണവാസികളിൽ പലരും വികലമായ ഒരുതരം ആനന്ദം കണ്ടെത്തിയിരുന്നിരിക്കാം; ഇവർ എത്രമാത്രം ഭ്രാന്തന്മാരാണെന്ന കഥകൾ പറയുന്നതും അവർ ആസ്വദിച്ചിരുന്നിരിക്കാം. ഇപ്പോൾ, പൂർണമായി മാറിയ ഈ രണ്ടുപേരെ അവർക്ക് അഭിമുഖീകരിക്കേണ്ടിവന്നു. തങ്ങളുടെ അഹങ്കാരം നിമിത്തം ഇവരെക്കുറിച്ച് നല്ലതു പറയാൻ അവർക്ക് ബുദ്ധിമുട്ട് തോന്നിയിരിക്കാം.

ഈ പട്ടണവാസികൾ നൽകിയ മോശമായ മാതൃക, തങ്ങളുടെ വഴികൾ തിരുത്തി തിന്മയിൽനിന്ന് നന്മയിലേക്കു തിരിഞ്ഞവരെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കുന്നു എന്നും അവരോട് എങ്ങനെ പെരുമാറുന്നു എന്നും വിചിന്തനം ചെയ്യാൻ നമുക്ക് അവസരം നൽകുന്നു. ആത്മാർഥമായി മാറാൻ ശ്രമിച്ച ഒരു കുടുംബാംഗം നിങ്ങൾക്കുണ്ടായിരിക്കാം. അല്ലെങ്കിൽ, നിങ്ങളുടെ ജോലിസ്ഥലത്തുള്ള ഒരാളോ അയൽക്കാരനോ മറ്റേതെങ്കിലും പരിചയക്കാരനോ പാപജീവിതം വിട്ട് പുണ്യം തേടിയുള്ള ജീവിതത്തിലേക്കു വന്നിട്ടുണ്ടാകാം. മറ്റുള്ളവരുടെ നന്മയിലും അവർ തുടർന്നുകൊണ്ടിരിക്കുന്ന മാനസാന്തരത്തിലും വിശുദ്ധിക്കായുള്ള പരിശ്രമത്തിലും നിങ്ങൾ ആനന്ദിക്കുന്നുണ്ടോ, അതോ നിങ്ങൾക്കറിയാവുന്നവർ നന്മയിലേക്കു മാറുന്നതു കാണുമ്പോൾ യഥാർഥമായ സന്തോഷം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ എന്നതാണ് ചിന്തിക്കേണ്ട യഥാർഥ ചോദ്യം. വിമർശിക്കുക പലപ്പോഴും വളരെ എളുപ്പമാണ്; എന്നാൽ മറ്റൊരാളിൽ സംഭവിക്കുന്ന വിശുദ്ധമായ പരിവർത്തനത്തിൽ ആനന്ദിക്കുക അതിലും ഏറെ പ്രയാസമാണ്.

നിങ്ങളുടെ ജീവിതത്തിൽ, നമ്മുടെ കർത്താവിനാൽ ഏതെങ്കിലും വിധത്തിൽ മോചിതരാവുകയും പാപജീവിതത്തിൽനിന്ന് പുണ്യജീവിതത്തിലേക്കു നീങ്ങുകയും ചെയ്തവരെക്കുറിച്ച് ഇന്നു ചിന്തിക്കുക—നിങ്ങളോട് അടുപ്പമുള്ളവരെക്കുറിച്ചും വെറും പരിചയം മാത്രമുള്ളവരെക്കുറിച്ചും. അവരോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? മറ്റുള്ളവരുടെ നന്മയിൽ ആത്മാർഥമായി ആനന്ദിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? അതോ അസൂയ, കോപം, ഈർഷ്യ തുടങ്ങിയവയുമായി മല്ലിടുന്നതായാണോ നിങ്ങൾ കാണുന്നത്? മറ്റുള്ളവരിൽ ദൈവത്തിന്റെ നന്മ പ്രവർത്തിക്കുന്നതു കാണുമ്പോൾ, മുകളിൽ വിശുദ്ധ ജെറോം നിർദേശിച്ച മനോഭാവം സ്വീകരിക്കാൻ ശ്രമിക്കുക. അവരുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തെ വിസ്മയത്തോടെ കാണാൻ മനസ്സു തുറക്കുക. അങ്ങനെ ചെയ്യുമ്പോൾ, രൂപാന്തരപ്പെടുത്തുന്ന ദൈവശക്തിയുടെ മുമ്പിൽ നിങ്ങളെത്തന്നെ എളിമപ്പെടുത്തുക. രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ ശക്തിക്കു സാക്ഷ്യം വഹിക്കാൻ നിങ്ങൾ യോഗ്യരല്ലെന്ന് ഏറ്റുപറയുക; എങ്കിലും നന്ദിയോടെ ആനന്ദിക്കുക.

സർവശക്തനായ എന്റെ കർത്താവേ, അങ്ങ് ദുഷ്ടന്റെ ശക്തിയെ കീഴടക്കുകയും അനേകവർഷങ്ങളായി ഈ പീഡനം സഹിച്ചിരുന്ന ആ രണ്ടു മനുഷ്യരിൽനിന്ന് പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. നമ്മുടെ ലോകത്തിൽ അങ്ങ് പ്രവർത്തിക്കുന്നത് കാണാനും മറ്റുള്ളവരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്ന അങ്ങയുടെ പ്രവർത്തനത്തിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും വേണ്ട കാഴ്ച എനിക്കു നൽകണമേ. അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾക്കു മുമ്പിൽ ഞാൻ എപ്പോഴും എന്നെത്തന്നെ താഴ്ത്തുകയും അങ്ങ് ചെയ്യുന്ന എല്ലാറ്റിനും യഥാർഥ കൃതജ്ഞത പ്രകടിപ്പിക്കാൻ പഠിക്കുകയും ചെയ്യട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


പ്രാർഥനയിലെ മുൻഗണനകൾ

ആണ്ടുവട്ടത്തിലെ പതിമൂന്നാം ആഴ്ചയിലെ വ്യാഴാഴ്ച

യേശു വഞ്ചിയിൽ കയറി മറുകര കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവിടെ ചിലർ കിടക്കയിൽ കിടന്നിരുന്ന ഒരു തളർവാതരോഗിയെ അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: “മകനേ, ധൈര്യമായിരിക്കുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.” മത്തായി 9:1–2

ഈ ഭാഗത്തിനു തൊട്ടുമുമ്പ്, ഗദറേനരുടെ പട്ടണത്തിലെ രണ്ടുപേരിൽനിന്ന് യേശു പിശാചുക്കളെ പുറത്താക്കിയിരുന്നു. തുടർന്ന്, തങ്ങളുടെ പട്ടണം വിട്ടുപോകാൻ പട്ടണവാസികൾ അവിടുത്തോട് ആവശ്യപ്പെട്ടു. അതിനാൽ യേശു വഞ്ചിയിൽ പുറപ്പെട്ട് കഫർണാമിലെത്തി. നസറത്ത് വിട്ടതിനുശേഷം അവിടുന്ന് താമസിച്ചിരുന്നത് അവിടെയായിരുന്നു. വഞ്ചിയിൽനിന്ന് ഇറങ്ങിയപ്പോൾ അവിടുത്തെ കാത്തിരുന്നത് കിടക്കയിൽ കിടന്നിരുന്ന ഒരു തളർവാതരോഗിയുമായുള്ള ഈ കൂടിക്കാഴ്ചയാണ്.

യേശു താൻ വളർന്ന നസറത്തിലേക്കു മടങ്ങിയെത്തിയപ്പോൾ, അവിടെയുള്ളവരുടെ വിശ്വാസക്കുറവുമൂലം അവിടെ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ അവിടുത്തേക്കു കഴിഞ്ഞില്ല എന്നത് ഓർക്കുക. അവിടുത്തെക്കുറിച്ചുള്ള പരിചയം, അവിടുന്ന് അസാധാരണനായ ഒരാളാണെന്നു വിശ്വസിക്കാതിരിക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ ഇപ്പോൾ, അടുത്തിടെ അവിടുന്ന് താമസമാക്കിയ പുതിയ പട്ടണത്തിൽ, ജനങ്ങൾക്ക് പ്രകടമായ വിശ്വാസമുണ്ടായിരുന്നതിനാൽ ശക്തമായ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യേശുവിനു കഴിഞ്ഞു.

മുകളിലെ ഭാഗത്തിൽ വിവരിച്ചിരിക്കുന്ന രംഗത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുക. ഗദറേനർ യേശുവിനെ തള്ളിക്കളഞ്ഞതിനു തൊട്ടുപിന്നാലെ അവിടുന്ന് വഞ്ചിയിൽ കഫർണാമിലെത്തി. വഞ്ചിയിൽനിന്ന് ഇറങ്ങിയ ഉടനെതന്നെ, അവിടുത്തെ കാത്തിരിക്കുകയായിരുന്നുവെന്നു വ്യക്തമായ ഒരു കൂട്ടം ആളുകൾ അവിടുത്തെ കാണാനെത്തി. യേശു തടാകത്തിന്റെ മറുകരയിലായിരുന്നപ്പോൾ അവർ നടത്തിയ സംഭാഷണങ്ങൾ സങ്കൽപ്പിക്കാൻ ശ്രമിക്കുക. അവിടുന്ന് തന്റെ പുതിയ ഭവനത്തിലേക്കു മടങ്ങിവരുമെന്ന് അവർക്കറിയാമായിരുന്നു. തളർവാതരോഗിക്കായി അവർ ഒരു കിടക്ക ഒരുക്കി. തുടർന്ന്, യേശു വന്ന് ആ മനുഷ്യനെ സുഖപ്പെടുത്തുമെന്ന പ്രത്യാശയോടെ അവർ കാത്തിരിക്കുകയും പ്രാർഥിക്കുകയും ചെയ്തു. അവരുടെ വിശ്വാസം യേശുവിന് ഉടനടി തിരിച്ചറിയാൻ കഴിഞ്ഞുവെന്നും അത് അവിടുത്തെ ആഴത്തിൽ സ്പർശിച്ചുവെന്നും വ്യക്തമാണ്. ഈ ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്, ശാരീരികമായ സൗഖ്യത്തിന് “അതെ” എന്നു പറഞ്ഞ് യേശു അവിടെ നിർത്തിയില്ല എന്നതാണ്. മറിച്ച്, തളർവാതരോഗിയോടുള്ള അവിടുത്തെ പ്രതികരണം ആദ്യം അവന്റെ പാപങ്ങൾ ക്ഷമിക്കുക എന്നതായിരുന്നു. ഇതിൽനിന്ന് നമുക്കു പഠിക്കാനുള്ള ഒരു പ്രധാന പാഠമുണ്ട്; ഏറ്റവും ഉചിതമായി എങ്ങനെ പ്രാർഥിക്കണമെന്നു മനസ്സിലാക്കാൻ അത് നമ്മെ സഹായിക്കും.

പലപ്പോഴും നാം പ്രാർഥിക്കുമ്പോൾ, നമ്മുടെ കർത്താവിൽനിന്ന് ഏതെങ്കിലും ഒരു അനുഗ്രഹത്തിനായാണ് പ്രാർഥിക്കുന്നത്. യേശു നമുക്കു നൽകണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങൾക്കുവേണ്ടിയാണ് നാം പ്രാർഥിക്കുന്നത്. എന്നാൽ യേശു നമുക്കുവേണ്ടി ആഗ്രഹിക്കുന്നത് വ്യത്യസ്തമാണെന്ന് ഈ സംഭവം കാണിച്ചുതരുന്നു. ഒന്നാമതായി, നമ്മുടെ പാപങ്ങൾക്കു മാപ്പു നൽകാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതിനാണ് അവിടുന്ന് മുൻഗണന നൽകുന്നത്; നാമും അതിനുതന്നെ മുൻഗണന നൽകണം. ഈ തളർവാതരോഗിയുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടതിനുശേഷം, പാപങ്ങൾ ക്ഷമിക്കാനുള്ള തന്റെ അധികാരത്തിന്റെ തെളിവായി യേശു അയാളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. യേശുവിന്റെ മുൻഗണനകൾക്കനുസരിച്ച് പ്രാർഥനയിലെ നമ്മുടെ മുൻഗണനകൾ ക്രമീകരിക്കാൻ ഈ സംഭവം നമ്മെ സഹായിക്കണം. പാപങ്ങളെക്കുറിച്ചുള്ള അനുതാപത്തിന് നാം ഒന്നാം സ്ഥാനം നൽകിയാൽ, യേശു നമുക്ക് ഉത്തരം നൽകുമെന്ന് ഉറപ്പിക്കാം. അതിനപ്പുറമുള്ള നമ്മുടെ എല്ലാ ആവശ്യങ്ങളും യേശുവിനറിയാം. അവയെല്ലാം അവിടുത്തെ സന്നിധിയിൽ സമർപ്പിക്കാം; എന്നാൽ നമ്മുടെ ഹൃദയത്തിൽ അവിടുന്നുമായി അനുരഞ്ജനപ്പെട്ടതിനുശേഷം മാത്രമേ അങ്ങനെ ചെയ്യാവൂ.

ഓരോ ദിവസവും നിങ്ങൾ പ്രാർഥിക്കുന്ന രീതിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദിവസവും നിങ്ങളുടെ പാപങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദൈനംദിന പ്രാർഥനയുടെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭാഗം ഇതായിത്തീരണം. പലർക്കും പാപത്തിലേക്കു നോക്കാൻ ഇഷ്ടമില്ലെങ്കിലും, പാപത്തെക്കാൾ കൂടുതൽ നിങ്ങൾക്കാവശ്യമായ ക്ഷമയുടെ കരുണയിലും ആത്മീയ സൗഖ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അത് ഏറെ എളുപ്പമാകും. നിങ്ങളുടെ ദൈനംദിന പാപങ്ങളെക്കുറിച്ചുള്ള ബോധ്യം വർധിക്കുന്തോറും നിങ്ങൾക്കു കൂടുതൽ കരുണ ലഭിക്കും. നിങ്ങളുടെ പാപങ്ങളുടെ ക്ഷമയ്ക്കായുള്ള കരുണ നിങ്ങൾക്കു ലഭിക്കുന്തോറും, മറ്റു വിധങ്ങളിലും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കാൻ നമ്മുടെ കർത്താവിനു കൂടുതൽ കഴിയും. ഓരോ ദിവസവും നമ്മുടെ കർത്താവിന്റെ കരുണയും ആ കരുണ നിങ്ങൾക്ക് ആവശ്യമാണ് എന്ന ബോധ്യവും മുൻനിർത്തി എപ്പോഴും ആരംഭിക്കുക; മറ്റെല്ലാം നമ്മുടെ കർത്താവ് നോക്കിക്കൊള്ളും.

കരുണാമയനായ എന്റെ കർത്താവേ, എന്റെ ഹൃദയത്തിന്റെ ഏറ്റവും ആഴങ്ങളിൽ അങ്ങയുമായുള്ള അനുരഞ്ജനം എന്റെ ദൈനംദിന പ്രാർഥനയിൽ പ്രഥമസ്ഥാനത്തായിരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. ഞാൻ അങ്ങയോട് കൂടുതൽ അടുക്കേണ്ടതിന് എനിക്കു ക്ഷമയും സൗഖ്യവും നൽകാൻ അങ്ങ് ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ; ഓരോ ദിവസവും അങ്ങേക്കും മറ്റുള്ളവർക്കുമെതിരെ ഞാൻ ചെയ്യുന്ന പാപങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധയുള്ളവനാകാൻ എന്നെ സഹായിക്കണമേ. ഈ രക്ഷാകരമായ കൃപയ്ക്കും കരുണയ്ക്കും ഞാൻ മുൻകൂട്ടി നന്ദി പറയുന്നു. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


പാപികളോടൊപ്പം ഭക്ഷണമേശയിൽ

ആണ്ടുവട്ടത്തിലെ പതിമൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച

“ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം.  നിങ്ങൾ പോയി ഈ വാക്കുകളുടെ അർഥം പഠിക്കുവിൻ: ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്.  നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്.”  മത്തായി 9:12–13

നിങ്ങൾ സ്വയം “ആരോഗ്യമുള്ള” ഒരാളെന്നാണോ, അതോ “രോഗിയായ” ഒരാളെന്നാണോ വിശേഷിപ്പിക്കുക? നിങ്ങൾ “നീതിമാന്മാരുടെ” കൂട്ടത്തിലാണോ, അതോ “പാപികളുടെ” കൂട്ടത്തിലാണോ? ഈ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ശ്രദ്ധിക്കുക. തീർച്ചയായും, നമ്മുടെ പതിതമായ മനുഷ്യപ്രകൃതിയോടൊപ്പമുള്ള അഹങ്കാരം, നാം “ആരോഗ്യമുള്ളവരും” “നീതിമാന്മാരും” ആണെന്ന് അവകാശപ്പെടാൻ പലപ്പോഴും നമ്മെ പ്രലോഭിപ്പിക്കുന്നു. എന്നാൽ നാം “രോഗികളുടെയും” “പാപികളുടെയും” കൂട്ടത്തിലാണെന്ന സത്യം എളിമ വെളിപ്പെടുത്തിത്തരും.

തന്നെ അനുഗമിക്കാൻ താൻ അപ്പോൾത്തന്നെ വിളിച്ച ചുങ്കക്കാരനായ മത്തായിയുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കുന്നതു കണ്ട ഫരിസേയർക്കുള്ള മറുപടിയാണ് യേശുവിന്റെ ഈ വാക്കുകൾ. മത്തായി യഥാർഥത്തിൽ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു; തുടർന്ന് തന്റെ വീട്ടിൽ യേശുവിനായി ഒരു വിരുന്നൊരുക്കി. ആ വിരുന്നിൽ “അനേകം ചുങ്കക്കാരും പാപികളും” വന്ന് യേശുവിനോടും അവിടുത്തെ ശിഷ്യന്മാരോടുമൊപ്പം ഇരുന്നു. ഇതു കണ്ട ഫരിസേയർ അവരെയെല്ലാം പരിഹസിച്ചു.

യേശുവിന്റെ മറുപടി നാം കേൾക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ളവർക്കും നീതിമാന്മാർക്കും വേണ്ടിയല്ല, രോഗികൾക്കും പാപികൾക്കും വേണ്ടിയാണ് താൻ വന്നതെന്ന് അവിടുന്ന് പറയുമ്പോൾ, അത് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നമ്മെ അറിയിക്കുന്നു. ഒന്നാമതായി, നാമെല്ലാവരും ആത്മീയമായി രോഗികളും പാപികളുമാണെന്ന് അത് നമ്മോടു പറയുന്നു. രണ്ടാമതായി, ആ സത്യം എളിമയോടെ സമ്മതിക്കാൻ കഴിയാതെ, അഹങ്കാരത്തോടെ നാം ആരോഗ്യമുള്ളവരും നീതിമാന്മാരുമാണെന്ന് അവകാശപ്പെടുന്നെങ്കിൽ, ദിവ്യവൈദ്യനായ യേശുവിനെ നമ്മുടെ ജീവിതത്തിൽനിന്ന് നാം ഫലത്തിൽ തള്ളിക്കളയുകയാണെന്ന് അത് നമ്മോടു പറയുന്നു. ഫലത്തിൽ നാം പറയുന്നത് ഇതാണ്: “കർത്താവേ, എനിക്ക് അങ്ങയെ ആവശ്യമില്ല.”

പാപികളോടൊപ്പം തന്നെ മറ്റുള്ളവർ കാണുന്നതിൽ യേശുവിന് ലജ്ജയുണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കുന്നത് സഹായകരമാണ്. അവിടുന്ന് ഒട്ടും മടിച്ചില്ല; വാസ്തവത്തിൽ, അവർക്കുവേണ്ടിയാണ് താൻ വന്നതെന്ന് വ്യക്തമായി പറയുകയും ചെയ്തു. അതുകൊണ്ട്, നാം ആത്മീയമായി രോഗികളായ പാപികളാണെന്നും നമ്മുടെ കർത്താവിനെ നമുക്ക് ആവശ്യമാണെന്നും സമ്മതിക്കാൻ നാം ഭയപ്പെടുകയോ ലജ്ജിക്കുകയോ ചെയ്യരുത്. ആ വസ്തുത നിഷേധിക്കുന്നത് യാഥാർഥ്യത്തെ നിഷേധിക്കുന്നതും, ജീവിതത്തിൽ നമുക്ക് തീർച്ചയായും ആവശ്യമായ തുടർച്ചയായ സൗഖ്യത്തിന്റെ ഉറവിടത്തെത്തന്നെ നിഷേധിക്കുന്നതുമാണ്. യേശുക്രിസ്തുവിനെത്തന്നെ നമുക്ക് ആവശ്യമാണെന്നത് നിഷേധിക്കലാണത്.

നിങ്ങൾക്കു നമ്മുടെ കർത്താവിനെ ആവശ്യമുണ്ടോ? ഓരോ ദിവസവും നിങ്ങൾക്ക് ആന്തരിക ശുദ്ധീകരണവും സൗഖ്യവും ക്ഷമയും ആവശ്യമുണ്ടോ? ആ ചോദ്യത്തിന് “ഉണ്ട്” എന്ന് പൂർണഹൃദയത്തോടെ പറയാൻ നിങ്ങൾക്കു പ്രയാസമാണെങ്കിൽ, നിങ്ങൾ തിരിച്ചറിയുന്നതിനെക്കാൾ അധികമായി ഫരിസേയരുടെ അഹങ്കാരത്തോട് നിങ്ങൾ മല്ലിടുന്നുണ്ടാകാം. നിങ്ങൾ എത്ര വിശുദ്ധരായിത്തീർന്നാലും, എത്ര ആഴത്തിൽ പ്രാർഥിച്ചാലും, എത്ര ഉപവിയുള്ളവരായിരുന്നാലും, ഓരോ ദിവസവും ദിവ്യവൈദ്യന്റെ സൗഖ്യവും ക്ഷമയും നിങ്ങൾക്ക് എപ്പോഴും ആവശ്യമായിരിക്കും.

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പാപക്ഷമ എത്രത്തോളം ആവശ്യമാണെന്ന് വിചിന്തനം ചെയ്യുക. ഏതു പാപത്തോടാണ് നിങ്ങൾ ഏറ്റവുമധികം മല്ലിടുന്നത്? ശ്രദ്ധേയമായ കാര്യമിതാണ്: ഒരാൾ കൂടുതൽ വിശുദ്ധനായിത്തീരുന്തോറും, തന്റെ ദൈനംദിന പാപങ്ങളും ക്ഷമയും സൗഖ്യവും തനിക്ക് ആവശ്യമാണെന്നതും കൂടുതൽ വ്യക്തമായി കാണുന്നു. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ, മനസ്സാക്ഷി പരിശോധിക്കാൻ സമയം ചെലവഴിക്കുക. കൂടുതൽ സമഗ്രമായും സത്യസന്ധമായും അതു ചെയ്യാനുള്ള വഴികൾ അന്വേഷിക്കുക. അങ്ങനെ ചെയ്താൽ, ദിവ്യവൈദ്യനായ നമ്മുടെ കർത്താവ് ഇന്നും എന്നും നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ അതിയായി ആഗ്രഹിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

ക്ഷമിക്കുന്നവനായ എന്റെ കർത്താവേ, ഞങ്ങളുടെ എല്ലാ വ്യാധികൾക്കും ക്ഷമയും സൗഖ്യവും നൽകാൻ വന്ന ദിവ്യവൈദ്യനാണ് അങ്ങ്. എളിമയാൽ നിറയാനും എന്റെ ജീവിതത്തിലെ പാപം വ്യക്തമായി കാണാനും കഴിയേണ്ടതിന് എന്റെ അഹങ്കാരവും സ്വയം നീതിമാനെന്ന ഭാവവും നീക്കണമേ. എന്റെ പാപം കാണുമ്പോൾ, അങ്ങയുടെ പക്കലേക്കു തിരിയാനും അങ്ങയുടെ സമൃദ്ധമായ കരുണയിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങ് വന്നത് പാപികൾക്കുവേണ്ടിയാണ്; അങ്ങയുടെ സഹായം ആവശ്യമുള്ള ആ പാപികളിൽ ഒരാളാണ് ഞാനും. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


കൃപയുടെ പുതുമ

ആണ്ടുവട്ടത്തിലെ പതിമൂന്നാം ആഴ്ചയിലെ ശനിയാഴ്ച

“ആരും പഴയ മേലങ്കിയിൽ ചുരുങ്ങാത്ത തുണിക്കഷണം തുന്നിച്ചേർക്കാറില്ല. കാരണം, തുന്നിച്ചേർത്ത തുണിക്കഷണം മേലങ്കിയിൽനിന്ന് വലിഞ്ഞുമാറുകയും കീറൽ വലുതാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ തോൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തോൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. മറിച്ച്, പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കുന്നു; അങ്ങനെ രണ്ടും സംരക്ഷിക്കപ്പെടുന്നു.” മത്തായി 9:16–17

മോശയിലൂടെയും പ്രവാചകന്മാരിലൂടെയും നൽകപ്പെട്ട യഥാർഥ നിയമം ഒരാൾ വിശ്വസ്തതയോടെ മനസ്സിലാക്കി ജീവിച്ചിരുന്നാൽപ്പോലും, കൃപയെക്കുറിച്ചുള്ള യേശുവിന്റെ പുതിയ പ്രബോധനമായ പുതിയ നിയമം അതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നുവെന്നാണ് മുകളിലെ ഉപമ നമ്മെ പഠിപ്പിക്കുന്നത്. അത് പഴയ നിയമത്തിന്റെ ഒരു മെച്ചപ്പെടുത്തൽ മാത്രമായിരുന്നില്ല; അതിനെ പൂർണമായി മാറ്റിസ്ഥാപിക്കുകയായിരുന്നു. മാത്രമല്ല, ഫരിസേയർ പഠിപ്പിച്ചിരുന്ന പല ആചാരങ്ങളും മോശയുടെ നിയമത്തിന്റെ വിശ്വസ്തമായ ആവിഷ്കാരങ്ങളായിരുന്നില്ല. അവർ നിയമത്തിന്റെ അർഥത്തിൽനിന്ന് വ്യതിചലിക്കുകയും അതിനു പകരം തങ്ങളുടേതായ, അമിതമായ മനഃശങ്കയും തെറ്റിദ്ധാരണകളും നിറഞ്ഞ അനേകം ബാഹ്യാനുഷ്ഠാനങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. അതിനാൽ, യേശുവിന്റെ പുതിയ നിയമത്തിന് ഈ വ്യതിചലനങ്ങളിൽനിന്ന് പൂർണമായി വേർപെടേണ്ടിയിരുന്നു.

ഇന്നത്തെ കാലത്തുനിന്ന് ഒരു ഉദാഹരണം എടുക്കാം. നിങ്ങളുടെ പക്കൽ കാലഹരണപ്പെട്ടതോ പ്രവർത്തനരഹിതമായതോ ആയ ഒരു പഴയ ഫോൺ ഉണ്ടെന്നു കരുതുക. അതു നന്നാക്കാൻ, ഒരു പുതിയ ഫോൺ വാങ്ങി അതിലെ പല ഭാഗങ്ങളും അഴിച്ചെടുത്ത് പഴയ ഫോണിൽ ഘടിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുകയില്ലല്ലോ. പകരം, പഴയ ഫോണിനു പൂർണമായ പകരമായി നിങ്ങൾ പുതിയ ഫോൺ ഉപയോഗിക്കുന്നു.

കൃപയുടെ പുതിയ നിയമത്തിന്റെ ഒരു മുഖ്യസവിശേഷത, അത് തികച്ചും പുതിയതും രൂപാന്തരപ്പെടുത്തുന്നതുമാണ് എന്നതാണ്. അതിനാൽ, ഈ പുതിയ നിയമം സ്വീകരിക്കുന്നതിലൂടെ നാം ക്രിസ്തുവിൽ തികച്ചും പുതിയ സൃഷ്ടികളായിത്തീരുന്നു. നമ്മിലെ ബലഹീനവും പാപപൂർണവുമായ കാര്യങ്ങൾക്ക് ഒരു ഒട്ടുതുണി വയ്ക്കുക മാത്രമല്ല കൃപ ചെയ്യുന്നത്. അത് നമ്മെ രൂപാന്തരപ്പെടുത്തുകയും നമ്മുടെ മനുഷ്യസ്വഭാവത്തെ തികച്ചും പുതിയൊരു അസ്തിത്വത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ഈ പ്രബോധനം ഫരിസേയർ വർഷങ്ങളായി രൂപപ്പെടുത്തിയ വഴിതെറ്റിയ പഠിപ്പിക്കലുകളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല; മനുഷ്യജീവിതത്തെത്തന്നെ ലക്ഷ്യം വച്ചുള്ളതായിരുന്നു. യഹൂദ ആചാരങ്ങൾ മാത്രമല്ല രൂപാന്തരപ്പെടേണ്ടിയിരുന്നത്; മാനവരാശിതന്നെ രൂപാന്തരപ്പെടേണ്ടിയിരുന്നു. ക്രിസ്തുവിൽ എല്ലാം പുതുതാക്കപ്പെടുന്നു.

പുരാതന യഹൂദജനതയ്ക്ക് ബാധകമായിരുന്നതുപോലെതന്നെ ഈ പ്രബോധനം ഇന്ന് നമുക്കും ബാധകമാണ്. ഇന്ന്, മാമ്മോദീസയിൽ നാം കൃപയുടെ പുതുജീവൻ സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്. ദൈവം ആഗ്രഹിക്കുന്ന വ്യക്തികളായി നമ്മെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്താനും കൂടുതൽ ആഴത്തിൽ സ്പർശിക്കാനും കൃപയെ നാം അനുവദിക്കുമ്പോഴെല്ലാം, ഈ പുതുജീവൻ നാം വീണ്ടും സ്വീകരിക്കുകയും നിരന്തരം രൂപാന്തരപ്പെടുത്തുന്ന ഈ നവീകരണത്തിൽ പങ്കുചേരുകയും ചെയ്യുന്നു. “പുതിയ ഒട്ടുതുണിയും” “പുതിയ വീഞ്ഞും” എപ്പോഴും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലുടനീളം ഈ പുതുമയെ നാം പ്രതീക്ഷയോടെ കാത്തിരിക്കണം.

ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന ആനന്ദകരമായ കണ്ടെത്തലിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കൃപയുടെ പുതിയ നിയമം കണ്ടെത്തുകയും ജീവിതത്തിലേക്ക് അതിനെ സ്വീകരിക്കുകയും നിങ്ങളെ രൂപാന്തരപ്പെടുത്താൻ അതിനെ അനുവദിക്കുകയും ചെയ്യുന്നത്, ഒരിക്കലും പഴകാത്ത ഒരു കണ്ടെത്തലിന്റെ പാതയിലേക്ക് നിങ്ങളെ നയിക്കും. ഈ ലോകത്തിനു നൽകാനാകുന്ന എന്തിനെക്കാളും ഏറെ മഹത്തരമായ, നിരന്തരം തുടരുന്ന ഒരു കണ്ടെത്തലാണത്. നമ്മുടെ ജീവിതത്തിൽ സജീവസാന്നിധ്യമായിരിക്കുന്ന ദൈവമെന്ന ദാനത്തോട് യാതൊന്നിനെയും താരതമ്യം ചെയ്യാനാവില്ല. അത് ഒരിക്കലും പഴകുകയില്ല. അത് എപ്പോഴും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കും. അത് എന്നും പുതുമയുള്ളതായിരിക്കും. ദൈവം ഇന്ന് നിങ്ങൾക്കു നൽകുന്ന ഈ ദാനത്തെക്കുറിച്ച് ധ്യാനിക്കുകയും പൂർണഹൃദയത്തോടെ അതിനോട് “അതെ” എന്നു പറയുകയും ചെയ്യുക.

എന്നെ രൂപാന്തരപ്പെടുത്തുന്ന എന്റെ കർത്താവേ, എന്നെ നവീകരിക്കാനും രൂപാന്തരപ്പെടുത്താനും കൃപയുടെ ജീവിതത്തിലേക്ക് ഉയർത്താനും അങ്ങ് നിരന്തരം സന്നദ്ധനാകുന്നു. ഈ ദാനത്തിനായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു; പൂർണഹൃദയത്തോടെ അതിനെ സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നും പുതുമയുള്ള അങ്ങയുടെ കൃപയുടെ ഈ നിധി ഞാൻ കണ്ടെത്തുമ്പോൾ, അങ്ങയോടും എന്നെ കാത്തിരിക്കുന്ന രൂപാന്തരത്തോടും “അതെ” എന്നു പറയാൻ ഞാൻ എപ്പോഴും ഒരുക്കവും സന്നദ്ധതയും ഉള്ളവനായിരിക്കട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം


4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

Amazon – Google Play – iTunes – Barnes and Noble