4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
നീതിയുടെ പൂർണത
ആണ്ടുവട്ടത്തിലെ ആറാം ഞായർ (വർഷം A)
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ, നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.” മത്തായി 5:20–22
നിയമജ്ഞരും ഫരിസേയരും പഴയ നിയമസംഹിതയിൽ പ്രാവീണ്യമുള്ളവരായിരുന്നു. മിശിഹാ വന്നെത്തിയിട്ടും, തങ്ങൾ പലപ്പോഴും തെറ്റായി അവതരിപ്പിച്ചിരുന്ന പഴയനിയമ പഠനങ്ങളുടെ ആഴങ്ങളിലേക്കു കടക്കാനും അവയ്ക്കപ്പുറത്തേക്കു മുന്നേറാനും അവർ തയ്യാറായില്ല. നൂറ്റാണ്ടുകളായി തങ്ങൾ പിന്തുടർന്നുവന്ന, എല്ലാറ്റിനെയും ശരിയെന്നോ തെറ്റെന്നോ മാത്രം വേർതിരിച്ചുകാണുന്ന ധാർമിക സമീപനമാണ് അവർ ഇഷ്ടപ്പെട്ടത്. യേശുവിന്റെ പുതിയതും ഉന്നതവുമായ വിളി തങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മാറ്റത്തിനു വിധേയരാകാൻ അവർ ആഗ്രഹിച്ചില്ല.
സുവിശേഷഭാഗ്യങ്ങളോടെ ആരംഭിച്ച യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷം. യേശുവിന്റെ പ്രഭാഷണത്തിലെ ഇന്നത്തെ ഭാഗത്ത് കോപം, വ്യഭിചാരം, ആണയിടൽ എന്നിവയെക്കുറിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്. ഓരോ കാര്യത്തിലും, പഴയനിയമത്തിൽ പഠിപ്പിക്കപ്പെട്ട നിയമത്തെ യേശു പരാമർശിക്കുകയും തുടർന്ന് അതിനെ തികച്ചും പുതിയൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. മുകളിൽ ഉദ്ധരിച്ച വാക്യം വ്യക്തമാക്കുന്നത്, യേശുവിന്റെ ഈ പുതിയ പഠനങ്ങൾ സ്വീകരിക്കാനുള്ള ഏക മാർഗം നിയമജ്ഞരുടെയും ഫരിസേയരുടെയും “നീതിയെ” അതിശയിക്കുക എന്നതായിരുന്നു എന്നാണ്. അവരുടെ നീതിയെ അതിശയിക്കാതിരിക്കുന്നതിന്റെ ഗുരുതരമായ പരിണതഫലം സ്വർഗരാജ്യത്തിന്റെ നഷ്ടമായിരുന്നു.
“നീ കൊല്ലരുത്” എന്ന പഴയനിയമ കൽപന ഓർമിപ്പിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. എന്നാൽ തുടർന്ന്, “തന്റെ സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്കു വിധേയനാകും” എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് ആ കൽപനയെ കൂടുതൽ ആഴത്തിലേക്കു കൊണ്ടുപോകുന്നു. തീർച്ചയായും, കൊലപാതകം ഗൗരവമേറിയ പാപമായിത്തന്നെ തുടരുന്നു. എന്നാൽ ഇപ്പോൾ യേശു വിശദീകരിക്കുന്നത്, കോപം പ്രവൃത്തിയായി പ്രകടമാകുന്നില്ലെങ്കിലും, ആന്തരികമായ ആ മനോഭാവം പാപമാണെന്നാണ്. തുടർന്ന് വ്യഭിചാരത്തെക്കുറിച്ചും ആണയിടുന്നതിനെക്കുറിച്ചും സമാനമായ പാഠം അവിടുന്ന് പഠിപ്പിക്കുന്നു.
പഴയനിയമത്തോടു നിയമജ്ഞരും ഫരിസേയരും സ്വീകരിച്ച സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പുതിയ പഠനങ്ങളെ മനസ്സിലാക്കുന്നത് സഹായകരമാണ്. അതിനെക്കുറിച്ച് യേശു പറയുന്നു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്.” അതിനാൽ, നിയമജ്ഞരുടെയും ഫരിസേയരുടെയും പ്രധാന പ്രശ്നം പഴയനിയമത്തിലെ നിയമസംഹിത ശരിയായി പഠിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നതല്ല. മിശിഹാ വന്നെത്തുകയും പൂർത്തീകരണത്തിന്റെയും നീതിയുടെയും ഒരു പുതിയ കാലത്തിനു തുടക്കമിടുകയും ചെയ്തിട്ടും, കൂടുതൽ ആഴത്തിലേക്കു കടക്കാനും ദൈവനിയമത്തിന്റെ പൂർത്തീകരണം സ്വീകരിക്കാനും അവർ തയ്യാറായില്ല എന്നതാണ് പ്രധാന പ്രശ്നം. വിശുദ്ധിയിൽ വളരാനും അതുവരെ പഠിപ്പിക്കപ്പെട്ടിരുന്ന എല്ലാറ്റിന്റെയും പൂർത്തീകരണം സ്വീകരിക്കാനും അവർ സന്നദ്ധരല്ല.
നമ്മുടെ കർത്താവിന്റെ പുതിയതും മഹത്വപൂർണവുമായ പഠനങ്ങളിലൂടെ നിങ്ങൾക്കു ലഭിച്ച വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവിന്റെ സുവിശേഷം യഥാർഥത്തിൽ സ്വീകരിക്കാനും അവിടുത്തെ കൃപയുടെ പുതിയ നിയമത്തിൽ ജീവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആഴങ്ങളിലേക്കു കടക്കാനും വിശ്വാസത്തിൽ തികച്ചും സമൂലമായ പ്രതിബദ്ധത കൈവരിക്കാനും നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കാനും നിങ്ങൾ തയ്യാറാകണം. സ്നേഹം, കരുണ, ആത്മസമർപ്പണം, തീക്ഷ്ണത, മാനസാന്തരം, രൂപാന്തരം എന്നിവയുടെ പൂർണതയുടേതാണ് പുതിയ നിയമം. നിയമജ്ഞരുടെയും ഫരിസേയരുടെയും പഴയതും പരിമിതവുമായ നീതിയെ അതിശയിക്കാൻ സ്വയം സമർപ്പിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ ജീവിതത്തിൽ മഹത്വപൂർണമായ കാര്യങ്ങൾ ചെയ്യും.
സകല കൃപകളുടെയും നാഥാ, അങ്ങ് വന്ന് വിശുദ്ധിയുടെ ഉന്നതികളെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുക മാത്രമല്ല, അത് ജീവിച്ചുകാണിക്കുകയും അങ്ങയുടെ ഓരോ സദ്ഗുണവും അനുകരിക്കാൻ ഞങ്ങൾക്കാവശ്യമായതെല്ലാം നൽകുകയും ചെയ്തു. സ്നേഹത്തിന്റെ പൂർണതയുടേതായ ഒരു പുതിയ നീതിയിൽ ജീവിക്കാൻ കഴിയേണ്ടതിന് അങ്ങയുടെ കരുണയും ശക്തിയുംകൊണ്ട് എന്നെ നിറയ്ക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പുനഃസ്ഥാപനം
ആണ്ടുവട്ടത്തിലെ ആറാം ഞായർ (വർഷം B)
ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്ന് മുട്ടുകുത്തി അപേക്ഷിച്ചു: “അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” അനുകമ്പ തോന്നി യേശു കൈ നീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: “എനിക്കു മനസ്സുണ്ട്. നീ ശുദ്ധനാകട്ടെ.” മർക്കോസ് 1:40–41
പഴയനിയമത്തിൽ, ലേവ്യർ 14-ൽ, കുഷ്ഠരോഗം സുഖപ്പെട്ടവർക്കായി അനുഷ്ഠിക്കേണ്ട ഒരു ശുദ്ധീകരണകർമം ദൈവം മോശയ്ക്കു നൽകി. പല ദിവസങ്ങൾ നീണ്ടുനിന്നിരുന്ന ഈ വിശദമായ കർമം, കുഷ്ഠരോഗത്തിൽനിന്നു സുഖം പ്രാപിച്ച ഒരാളെ സമൂഹത്തിലേക്ക് തിരികെ ചേർക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തിൽ യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തിയശേഷം, “പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുക; നിന്റെ ശുദ്ധീകരണത്തിനായി മോശ നിർദേശിച്ചതു സമർപ്പിക്കുക; അത് അവർക്ക് ഒരു തെളിവായിരിക്കും” എന്ന് അവനോടു കൽപിച്ചു. അങ്ങനെ, യേശു ആ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, സമൂഹത്തിലേക്ക് തിരികെ സ്വീകരിക്കപ്പെടാൻ അവൻ സജ്ജനായിരിക്കുന്നുവെന്ന് അവനെ അറിയിക്കുകയും ചെയ്തു.
അക്കാലത്ത് കുഷ്ഠരോഗം ഭയാനകമായ ഒരു രോഗമായിരുന്നു. അതിന്റെ ശാരീരിക പ്രത്യാഘാതങ്ങൾ മാത്രമായിരുന്നില്ല കാരണം; കുഷ്ഠരോഗിക്ക് സമൂഹത്തിന്റെ ഭാഗമായി ജീവിക്കാൻ അനുവാദമുണ്ടായിരുന്നില്ല എന്നതും അതിന് കാരണമായിരുന്നു. കുഷ്ഠരോഗം വളരെ പകർച്ചയുള്ളതായിരുന്നതിനാലാണ് ഇങ്ങനെ ചെയ്തിരുന്നത്. രോഗബാധിതരെ വേർതിരിച്ചു പാർപ്പിച്ചതിനാൽ രോഗം മറ്റുള്ളവരിലേക്ക് അത്ര എളുപ്പത്തിൽ പടർന്നിരുന്നില്ല.
ഈ രോഗശാന്തിയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, കുഷ്ഠരോഗം അയാൾക്കുണ്ടാക്കിയ വേദന മാത്രമല്ല, പ്രത്യേകിച്ച് ഒറ്റപ്പെടൽ അയാൾക്കുണ്ടാക്കിയ വേദനയും സങ്കൽപ്പിക്കാൻ ശ്രമിക്കുക. തീർച്ചയായും, അക്കാലത്ത് ഫോണുകളോ വീഡിയോയിലൂടെ സംസാരിക്കാനുള്ള സൗകര്യമോ ദൂരെയിരുന്ന് ആശയവിനിമയം നടത്താനുള്ള മാർഗങ്ങളോ ഉണ്ടായിരുന്നില്ല. അതിനാൽ, ഈ ഒറ്റപ്പെടൽ അയാൾക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുന്നതായിരുന്നു. അതോടൊപ്പം, അയാളുടെ മുൻകാല ഉപജീവനമാർഗവും വീടും ജീവിതത്തിന്റെ ഭാഗമായിരുന്ന സകലതും നഷ്ടപ്പെടുന്നതുമായിരുന്നു.
ആത്മീയതലത്തിൽ, യേശു സുഖപ്പെടുത്തിയ വിവിധ രോഗങ്ങളെ ഒരു പരിധിവരെ പാപത്തിന്റെ പ്രതീകങ്ങളായി കാണണം. കുഷ്ഠരോഗത്തിന്റെ കാര്യത്തിൽ, ഈ രോഗത്തെ മാരകപാപത്തിന്റെ ഫലങ്ങളുടെ പ്രതീകമായി നാം കാണണം. ദൈവത്തിന്റെ പാപമോചനത്താൽ സൗഖ്യം ലഭിക്കാത്തപക്ഷം, മാരകപാപം ഒരു വ്യക്തിയെ കൃപയുടെ ജീവിതത്തിൽനിന്ന് പൂർണമായി ഒറ്റപ്പെടുത്തുന്നു. ദൈവവുമായുള്ള ബന്ധത്തിൽനിന്നും ക്രിസ്തുവിൽ കേന്ദ്രീകൃതമായ മറ്റെല്ലാ ബന്ധങ്ങളിൽനിന്നും ആ വ്യക്തി വിച്ഛേദിക്കപ്പെടുന്നു. ഒരാൾ മാരകപാപം ചെയ്ത് അതിൽ തുടരുമ്പോൾ, അയാളുടെ ജീവിതത്തിൽനിന്ന് കൃപ മുഴുവനും നഷ്ടപ്പെട്ടിരിക്കുന്നതിനാൽ യഥാർഥമായി സ്നേഹിക്കാൻ അയാൾക്ക് കഴിയുന്നില്ല. അതിനാൽ, അയാളുടെ ബന്ധങ്ങൾ സ്വാർഥകേന്ദ്രീകൃതവും നിർബന്ധപൂർവം ആവശ്യങ്ങൾ ഉന്നയിക്കുന്നവയും വിശുദ്ധിയില്ലാത്തവയുമായി മാറുന്നു.
മാരകപാപത്തിൽ വീണുപോയവർക്ക് അതിൽനിന്നുള്ള മോചനമാർഗത്തിന്റെ പ്രതീകമാണ് ഈ കുഷ്ഠരോഗി. ആദ്യം അയാൾ യേശുവിന്റെ അടുത്തുവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി. തന്റെ രോഗത്തിനുള്ള ഉത്തരം യേശുവാണെന്ന് അംഗീകരിച്ചുകൊണ്ട് അയാൾ നമ്മുടെ കർത്താവിന്റെ മുമ്പിൽ സ്വയം എളിമപ്പെടുത്തി. തുടർന്ന് അയാൾ യേശുവിനോട് സഹായം യാചിച്ചു. എന്നാൽ, അയാൾ യേശുവിനോട് യാചിച്ച രീതിയും അർഥവത്താണ്: രോഗശാന്തി വേണമെന്ന് അയാൾ നിർബന്ധിച്ചില്ല; പകരം, തന്നെ സുഖപ്പെടുത്താൻ യേശുവിനു കഴിയുമെന്ന തന്റെ വിശ്വാസം ലളിതമായി ഏറ്റുപറഞ്ഞു. എന്നിട്ട് വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ അവിടെ മുട്ടുകുത്തി നിന്നു. ഗൗരവമുള്ള പാപത്തോട് നാം പോരാടുമ്പോൾ നമ്മുടെ കർത്താവിനെ സമീപിക്കേണ്ട ഏറ്റവും ഉത്തമമായ വഴി ഈ കുഷ്ഠരോഗി നമ്മെ പഠിപ്പിക്കുന്നു.
ഇന്ന് ഈ കുഷ്ഠരോഗിയെക്കുറിച്ച് ധ്യാനിക്കുക. അയാളുടെ ഒറ്റപ്പെടലും നഷ്ടങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. അയാളുടെ എളിമയും വിശ്വാസവും മനസ്സിലാക്കാൻ ശ്രമിക്കുക. നമ്മുടെ കർത്താവിന്റെ അടുത്തേക്ക് അയാൾ വരുന്ന രീതി അനുകരിക്കാൻ പരിശ്രമിക്കുക. നിങ്ങളുടെ പാപങ്ങളും മറ്റു ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ദൈവത്തിന്റെ മുമ്പിൽ സ്വയം എളിമപ്പെടുത്താൻ ഭയപ്പെടരുത്. അവിടുത്തെ സർവശക്തിയിലും സ്നേഹത്തിലുമുള്ള നിങ്ങളുടെ വിശ്വാസം ഏറ്റുപറയുക; കരുണാർദ്രമായ അവിടുത്തെ സ്നേഹകരങ്ങളിൽ നിങ്ങളെത്തന്നെ സമർപ്പിക്കുക. അവിടുന്ന് നിങ്ങളെ കൈവിടുകയില്ല.
അത്യന്തം കരുണയുള്ള കർത്താവേ, അങ്ങയോടും അങ്ങയുടെ ജനത്തോടുമുള്ള കൂട്ടായ്മയിൽനിന്ന് അകറ്റിനിർത്തുന്ന അനേകം പാപങ്ങളിൽനിന്ന് അങ്ങയുടെ എല്ലാ മക്കളും സൗഖ്യം പ്രാപിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. ഞാൻ അതിയായി ആഗ്രഹിക്കുന്നതുപോലെ അങ്ങയുടെ കൃപയിലേക്ക് പുനഃസ്ഥാപിക്കപ്പെടാൻ, അങ്ങയുടെ മുമ്പിൽ എപ്പോഴും എന്നെത്തന്നെ എളിമപ്പെടുത്തുവാൻ ആവശ്യമായ വിശ്വാസവും ശരണവും എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സുവിശേഷഭാഗ്യങ്ങളും ദുരിതപ്രഖ്യാപനങ്ങളും
ആണ്ടുവട്ടത്തിലെ ആറാം ഞായർ (വർഷം C)
“എന്നാൽ സമ്പന്നരായ നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ തൃപ്തരായിരിക്കുന്ന നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്ന നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ ദുഃഖിക്കുകയും കരയുകയും ചെയ്യും. എല്ലാവരും നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, അവരുടെ പൂർവികർ വ്യാജപ്രവാചകന്മാരോടും ഇങ്ങനെതന്നെയാണു പെരുമാറിയത്.” ലൂക്കാ 6:24–26
മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന ഗിരിപ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം ലൂക്കാ 6:20–49 നമുക്കു നൽകുന്നു. ലൂക്കായുടെ വിവരണത്തിൽ ഈ പ്രഭാഷണം നടക്കുന്നത് ഒരു സമതലത്തിൽ, “നിരപ്പായ ഒരു സ്ഥലത്ത്” ആണ്. ദൈർഘ്യത്തിൽ വ്യത്യാസമുണ്ടെങ്കിലും, രണ്ടു സുവിശേഷങ്ങളിലെയും പ്രബോധനങ്ങൾ വളരെ സമാനമാണ്. സുവിശേഷഭാഗ്യങ്ങളെക്കുറിച്ചുള്ള ലൂക്കായുടെ പ്രബോധനത്തിൽ, മുകളിൽ ഉദ്ധരിച്ചിരിക്കുന്ന “നിങ്ങൾക്കു ദുരിതം” എന്ന പ്രഖ്യാപനങ്ങൾകൂടി ചേർത്തിരിക്കുന്നു. ഇവ മത്തായിയുടെ വിവരണത്തിൽ കാണുന്നില്ല.
ആദ്യകാല സഭാപിതാവായ വിശുദ്ധ ബീഡ് അഭിപ്രായപ്പെടുന്നത്, വിശുദ്ധ ലൂക്കായുടെ വിവരണത്തിലെ “ദുരിതപ്രഖ്യാപനങ്ങൾ” “പ്രബോധനം ലഭിച്ചിട്ടില്ലാത്ത ശ്രോതാക്കൾക്കു” വേണ്ടിയുള്ളവയാണ് എന്നാണ്. കാരണം, “ആദ്യം അവരെ ഭീതിയിലൂടെ സൽപ്രവൃത്തികളിലേക്കു നയിക്കേണ്ടതുണ്ട്.” സുവിശേഷഭാഗ്യങ്ങളുടെ ആദ്യഭാഗമായ “ഭാഗ്യപ്രഖ്യാപനങ്ങൾ” “പൂർണത പ്രാപിച്ചവർക്കു” വേണ്ടിയുള്ളവയാണെന്ന് അദ്ദേഹം തുടർന്നു പറയുന്നു. കാരണം, ശിക്ഷയെക്കുറിച്ചുള്ള ഭയത്തിനു പകരം, “പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്ത് അവരെ ക്ഷണിച്ചാൽ മാത്രം മതി.” പാപിക്കും വിശുദ്ധനും വേണ്ടിയുള്ള പ്രബോധനം വിശുദ്ധ ലൂക്കാ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന വസ്തുത, ഈ രണ്ടു സമീപനങ്ങളും നമ്മുടെ ആത്മീയജീവിതത്തിനു പ്രയോജനപ്പെടുമെന്ന നിഗമനത്തിലേക്കു നമ്മെ നയിക്കണം.
നിങ്ങളുടെ ആത്മീയജീവിതം ശക്തമായിരിക്കുകയും നിങ്ങൾ സ്ഥിരമായി ഗൗരവമുള്ള പാപം ഒഴിവാക്കുകയും ചെയ്യുമ്പോൾ, സുവിശേഷഭാഗ്യങ്ങളിൽ കാണുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പതിവായി ധ്യാനിക്കുന്നത് കൂടുതൽ സഹായകരമായേക്കാം. വിശുദ്ധിയുടെ പ്രതിഫലത്തിനായുള്ള ആഗ്രഹം നിങ്ങളുടെ പ്രത്യാശയുടെ ലക്ഷ്യമായി മാറുമ്പോൾ, ഈ ധ്യാനം നിങ്ങളെ കൂടുതൽ പൂർണതയിലേക്കു നയിക്കും.
നിങ്ങളുടെ ആത്മീയജീവിതം ദുർബലമായിരിക്കുകയും കൂടുതൽ ഗൗരവമുള്ള പാപത്തോട് നിങ്ങൾ പതിവായി പോരാടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ, സുവിശേഷഭാഗ്യങ്ങളോടൊപ്പമുള്ള ദുരിതപ്രഖ്യാപനങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് കൂടുതൽ സഹായകരമായേക്കാം. ആ പാപങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയംമൂലം, നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന പാപത്തിന്റെ ആവർത്തനചക്രത്തിൽനിന്ന് പിന്തിരിയാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.
ആത്യന്തികമായി, സുവിശേഷഭാഗ്യങ്ങളും അവയെ തുടർന്നുള്ള ദുരിതപ്രഖ്യാപനങ്ങളും നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളിലേക്ക് ആന്തരികമായി നമ്മുടെ ശ്രദ്ധ തിരിക്കാനുള്ളവയാണ്. നമ്മുടെ ചിന്തകളിലും ആഗ്രഹങ്ങളിലും നിറഞ്ഞുനിൽക്കുന്നത് എന്താണെന്ന് നാം കൂടുതൽ കൂടുതൽ തിരിച്ചറിയണം. ആത്യന്തികമായി, സമ്പത്തോ ദാരിദ്ര്യമോ, വിശപ്പോ സംതൃപ്തിയോ, ലോകത്തിന്റെ പ്രശംസയോ പീഡനമോ അല്ല പ്രധാനമായത്. ജീവിതത്തിൽ നാം ഏതു സാഹചര്യത്തിലായിരുന്നാലും, ദൈവത്തെയും അവിടുത്തെ വിശുദ്ധ ഹിതത്തെയും മാത്രം കൂടുതൽ പൂർണമായി ആഗ്രഹിക്കത്തക്കവിധം, ഈ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടിയ ആഗ്രഹങ്ങളോടുള്ള ആസക്തിയിൽനിന്ന് നമ്മുടെ ഹൃദയങ്ങൾ സ്വതന്ത്രമാകുക എന്നതാണ് പ്രധാനം.
ഇന്ന് നിങ്ങളുടെ സ്വന്തം ആത്മീയവും ധാർമ്മികവുമായ ജീവിതത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. വിശുദ്ധരെ കൂടുതൽ അനുകരിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള അനുഗ്രഹം നിങ്ങൾക്കുണ്ടോ, അതോ പാപിയുടെ ഗുരുതരമായ പോരാട്ടങ്ങളാണോ നിങ്ങളിൽ കൂടുതൽ പ്രകടമാകുന്നത് എന്ന് ആദ്യം പരിഗണിക്കുക. അതിന്റെ അടിസ്ഥാനത്തിൽ, ഏതു രീതിയിലുള്ള പ്രബോധനമാണ് നിങ്ങൾക്ക് ഏറ്റവും ആവശ്യമെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. വിശുദ്ധിയിൽ കൂടുതൽ ആഴപ്പെടാൻ, ജീവിതത്തിൽ അതിലും വലിയ സുവിശേഷസൗഭാഗ്യം തേടുന്നതിന്റെ പ്രതിഫലങ്ങളെക്കുറിച്ച് നിങ്ങൾ ധ്യാനിക്കേണ്ടതുണ്ടോ? അതോ നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന പാപചക്രത്തിൽനിന്ന് മോചിതരാകാൻ യേശുവിന്റെ വ്യക്തമായ ശാസനങ്ങളാണോ നിങ്ങൾക്ക് ആവശ്യം? നിങ്ങളുടെ ആത്മീയജീവിതത്തിൽ ഇപ്പോൾ ഏറ്റവും സഹായകമാകുന്നത് എന്താണെന്ന് വിനയത്തോടെ തിരിച്ചറിയുക. സ്വർഗരാജ്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങളെ സഹായിക്കാൻ യേശുവിന്റെ ഈ പ്രഭാഷണത്തെ മുഴുവനായി അനുവദിക്കുക.
വിശുദ്ധിയുടെ നാഥാ, അങ്ങയെ അനുഗമിക്കാനും യഥാർത്ഥത്തിൽ വിശുദ്ധനാകാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ പാപങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അങ്ങനെ ആ പാപങ്ങളുടെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ എനിക്കു കഴിയുമല്ലോ. വിശുദ്ധിയുടെ ഔന്നത്യങ്ങളും ആഗ്രഹിക്കാൻ എന്നെ സഹായിക്കണമേ; അങ്ങനെ സ്വർഗത്തിലെ വിശുദ്ധർക്ക് അങ്ങ് വാഗ്ദാനം ചെയ്ത മഹത്തായ പ്രതിഫലങ്ങൾ എനിക്കും ലഭിക്കുമല്ലോ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉള്ളിന്റെ ആഴങ്ങളിൽനിന്ന്
ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ തിങ്കളാഴ്ച
ഫരിസേയർ മുന്നോട്ടുവന്ന് യേശുവുമായി തർക്കിക്കാൻ തുടങ്ങി. അവനെ പരീക്ഷിക്കാനായി അവർ അവനോട് സ്വർഗത്തിൽനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. അവൻ ആത്മാവിന്റെ ആഴങ്ങളിൽനിന്ന് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു: “എന്തുകൊണ്ടാണ് ഈ തലമുറ ഒരു അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഈ തലമുറയ്ക്ക് ഒരു അടയാളവും നൽകപ്പെടുകയില്ല.” മർക്കോസ് 8:11–12
യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു. അവൻ രോഗികളെ സുഖപ്പെടുത്തി, അന്ധർക്ക് കാഴ്ചയും ബധിരർക്ക് കേൾവിയും തിരികെ നൽകി; ഏതാനും മീനുകളും അപ്പങ്ങളും മാത്രംകൊണ്ട് ആയിരങ്ങളെ പോഷിപ്പിച്ചു. എന്നാൽ ഇതെല്ലാം കഴിഞ്ഞിട്ടും ഫരിസേയർ യേശുവുമായി തർക്കിക്കാൻ വന്നു; സ്വർഗത്തിൽനിന്ന് ഒരു അടയാളം വേണമെന്ന് അവർ നിർബന്ധിച്ചു.
യേശുവിന്റെ പ്രതികരണം തികച്ചും സവിശേഷമാണ്. “അവൻ ആത്മാവിന്റെ ആഴങ്ങളിൽനിന്ന് നെടുവീർപ്പിട്ടു…” ഫരിസേയരുടെ ഹൃദയകാഠിന്യത്തെക്കുറിച്ചുള്ള അവന്റെ വിശുദ്ധമായ ദുഃഖത്തിന്റെ പ്രകടനമായിരുന്നു ഈ നെടുവീർപ്പ്. അവർക്ക് വിശ്വാസത്തിന്റെ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ, വീണ്ടുമൊരു അത്ഭുതത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. യേശു അവർക്കായി “സ്വർഗത്തിൽനിന്ന് ഒരു അടയാളം” പ്രവർത്തിച്ചിരുന്നെങ്കിൽപ്പോലും അതും അവർക്ക് ഉപകരിക്കുമായിരുന്നില്ല. അതിനാൽ, തനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം യേശു ചെയ്യുന്നു—അവൻ നെടുവീർപ്പിട്ടു.
ചിലപ്പോൾ ഇത്തരമൊരു പ്രതികരണം മാത്രമായിരിക്കും ഉചിതമായത്. മറ്റുള്ളവർ പരുഷതയോടും പിടിവാശിയോടുംകൂടി നമ്മെ നേരിടുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ നമുക്കെല്ലാവർക്കും ഉണ്ടായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, അവരുമായി തർക്കിക്കാനും അവരെ കുറ്റം വിധിക്കാനും നമ്മളാണ് ശരിയെന്ന് അവരെ ബോധ്യപ്പെടുത്താനുമൊക്കെ നമുക്ക് പ്രലോഭനമുണ്ടാകും. എന്നാൽ ചിലപ്പോൾ മറ്റൊരാളുടെ ഹൃദയകാഠിന്യത്തോട് നമുക്ക് പുലർത്താവുന്ന ഏറ്റവും വിശുദ്ധമായ പ്രതികരണങ്ങളിലൊന്ന് ആഴമേറിയതും വിശുദ്ധവുമായ ദുഃഖം അനുഭവിക്കുക എന്നതാണ്. നാമും നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽനിന്ന് “നെടുവീർപ്പിടണം.”
ഒരാളുടെ ഹൃദയം കഠിനമാകുമ്പോൾ, യുക്തിപൂർവമായ സംസാരവും വാദപ്രതിവാദവും കാര്യമായി ഫലം ചെയ്യുകയില്ല. ഹൃദയകാഠിന്യത്തെയാണ് പരമ്പരാഗതമായി നാം “പരിശുദ്ധാത്മാവിനെതിരായ പാപം” എന്നും വിളിക്കുന്നത്. ദുശ്ശാഠ്യത്തിന്റെയും പിടിവാശിയുടെയും പാപമാണത്. ആ അവസ്ഥയിൽ, സത്യത്തോടുള്ള തുറവി വളരെ കുറവായിരിക്കും, അല്ലെങ്കിൽ ഒട്ടും ഉണ്ടായിരിക്കുകയില്ല. മറ്റൊരാളുടെ ജീവിതത്തിൽ നിങ്ങൾ ഇത് കാണുമ്പോൾ, മൗനവും ദുഃഖാർത്തമായ ഹൃദയവുമാണ് പലപ്പോഴും ഏറ്റവും ഉചിതമായ പ്രതികരണം. അവരുടെ ഹൃദയം മൃദുവാകേണ്ടതുണ്ട്. അനുകമ്പയോടെ പങ്കുവയ്ക്കുന്ന നിങ്ങളുടെ ആഴമേറിയ ദുഃഖം, ഒരു മാറ്റം വരുത്താൻ സഹായിക്കുന്ന അപൂർവം പ്രതികരണങ്ങളിൽ ഒന്നായിരിക്കാം.
നിങ്ങൾ പതിവായി തർക്കിക്കുന്ന, പ്രത്യേകിച്ച് വിശ്വാസകാര്യങ്ങളെക്കുറിച്ച് തർക്കിക്കുന്ന, നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും വ്യക്തിയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ സമീപനം പരിശോധിക്കുകയും അവരോട് ഇടപെടുന്ന രീതി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുക. അവരുടെ യുക്തിരഹിതമായ വാദങ്ങൾ തള്ളിക്കളയുക. വിശുദ്ധമായ ഒരു നെടുവീർപ്പിലൂടെ തന്റെ ദിവ്യഹൃദയം പ്രകാശിക്കാൻ യേശു അനുവദിച്ചതുപോലെ, നിങ്ങളുടെ ഹൃദയം അവർ കാണാൻ ഇടയാക്കുക. അവർക്കുവേണ്ടി പ്രാർഥിക്കുക, പ്രത്യാശ പുലർത്തുക, ഏറ്റവും പിടിവാശിയുള്ള ഹൃദയങ്ങളെപ്പോലും അലിയിക്കാൻ നിങ്ങളുടെ ദുഃഖം സഹായിക്കട്ടെ.
കരുണാമയനായ എന്റെ യേശുവേ, അങ്ങയുടെ ഹൃദയം ഫരിസേയരോടുള്ള അത്യഗാധമായ അനുകമ്പയാൽ നിറഞ്ഞിരുന്നു. അവരുടെ ദുശ്ശാഠ്യത്തെക്കുറിച്ച് വിശുദ്ധമായ ദുഃഖം പ്രകടിപ്പിക്കാൻ ആ അനുകമ്പ അങ്ങയെ പ്രേരിപ്പിച്ചു. പ്രിയ നാഥാ, അങ്ങയുടെ അതേ ഹൃദയം എനിക്കും നൽകണമേ. മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ചു മാത്രമല്ല, എന്റെ സ്വന്തം പാപങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ഞാൻ ഹൃദയകാഠിന്യം കാണിക്കുമ്പോൾ, ദുഃഖിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ നാഥാ, എന്റെ ഹൃദയം അലിയിക്കണമേ. ഈ കൃപ ആവശ്യമുള്ളവർക്ക് അങ്ങയുടെ വിശുദ്ധമായ ദുഃഖം പകർന്നുനൽകുന്ന ഒരു ഉപകരണമാകാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സ്വർഗത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കുക
ആണ്ടുവട്ടക്കാലത്തിലെ ആറാം ആഴ്ചയിലെ ചൊവ്വാഴ്ച
“നിങ്ങൾ ഇനിയും മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങൾ കഠിനമായിരിക്കുന്നുവോ? നിങ്ങൾക്കു കണ്ണുകളുണ്ടായിട്ടും കാണുന്നില്ലേ, ചെവികളുണ്ടായിട്ടും കേൾക്കുന്നില്ലേ?” മർക്കോസ് 8:17–18
യേശു തന്റെ ശിഷ്യരോടു ചോദിച്ച ഈ ചോദ്യങ്ങൾ നിങ്ങളോടാണ് ചോദിച്ചിരുന്നതെങ്കിൽ, നിങ്ങൾ എങ്ങനെ മറുപടി പറയുമായിരുന്നു? നിങ്ങൾ ഇനിയും മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും, നിങ്ങളുടെ ഹൃദയം യഥാർഥത്തിൽ കഠിനമായിരിക്കുന്നുവെന്നും, ദൈവം വെളിപ്പെടുത്തിയതെല്ലാം കാണാനും കേൾക്കാനും നിങ്ങൾക്കു കഴിയുന്നില്ലെന്നും സമ്മതിക്കാൻ വിനയം ആവശ്യമാണ്. തീർച്ചയായും ഈ പോരാട്ടങ്ങൾക്ക് വിവിധ തലങ്ങളുണ്ട്; അതിനാൽ നിങ്ങൾ ഇവയുമായി അതീവ ഗുരുതരമായ തോതിൽ മല്ലിടുന്നില്ലെന്നു പ്രത്യാശിക്കാം. എന്നാൽ ഒരു പരിധിവരെ ഇവയുമായി നിങ്ങൾ മല്ലിടുന്നുണ്ടെന്ന് വിനയപൂർവം ഏറ്റുപറയാൻ കഴിയുമെങ്കിൽ, ആ വിനയവും സത്യസന്ധതയും നിങ്ങൾക്ക് ധാരാളം കൃപ നേടിത്തരും.
ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിമാവിനെക്കുറിച്ചുള്ള ചർച്ചയുടെ വിശാലമായ പശ്ചാത്തലത്തിലാണ് യേശു തന്റെ ശിഷ്യരോട് ഈ ചോദ്യങ്ങൾ ചോദിച്ചത്. ഈ നേതാക്കളുടെ “പുളിമാവ്” മറ്റുള്ളവരെ ദുഷിപ്പിക്കുന്ന ഒരു പുളിപ്പിക്കുന്ന ഘടകംപോലെയാണെന്ന് അവന് അറിയാമായിരുന്നു. അവരുടെ സത്യസന്ധതയില്ലായ്മ, അഹങ്കാരം, ബഹുമതികൾക്കായുള്ള ആഗ്രഹം തുടങ്ങിയവ മറ്റുള്ളവരുടെ വിശ്വാസത്തെ ഗുരുതരമായി ദോഷകരമായി ബാധിച്ചിരുന്നു. അതിനാൽ, മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ഈ ദുഷിച്ച പുളിമാവ് തിരിച്ചറിയാനും അതിനെ നിരസിക്കാനും യേശു തന്റെ ശിഷ്യരെ വെല്ലുവിളിച്ചു.
സംശയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും വിത്തുകൾ നമുക്കു ചുറ്റുമുണ്ട്. ലൗകിക ലോകം പ്രോത്സാഹിപ്പിക്കുന്ന മിക്കവാറും എല്ലാം ഏതെങ്കിലും വിധത്തിൽ ദൈവരാജ്യത്തിനു വിരുദ്ധമാണെന്നാണ് ഇക്കാലത്ത് തോന്നുന്നത്. എന്നിട്ടും, ഫരിസേയരുടെയും ഹേറോദേസിന്റെയും ദുഷിച്ച പുളിമാവ് തിരിച്ചറിയാൻ ശിഷ്യർക്കു കഴിയാതിരുന്നതുപോലെ, നമ്മുടെ സമൂഹത്തിനുള്ളിലെ ദുഷിച്ച പുളിമാവ് തിരിച്ചറിയുന്നതിൽ നാമും പലപ്പോഴും പരാജയപ്പെടുന്നു. പകരം, അനേകം തെറ്റുകൾ നമ്മെ ആശയക്കുഴപ്പത്തിലാക്കാനും ലൗകികവാദത്തിന്റെ പാതയിലൂടെ നയിക്കാനും നാം അനുവദിക്കുന്നു.
ഇതിൽനിന്ന് നാം പഠിക്കേണ്ട ഒരു കാര്യം ഇതാണ്: സമൂഹത്തിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരമോ ശക്തിയോ ഉണ്ടെന്നതുകൊണ്ടുമാത്രം അയാൾ സത്യസന്ധനും വിശുദ്ധനുമായ ഒരു നേതാവാണെന്ന് അർഥമില്ല. മറ്റൊരാളുടെ ഹൃദയത്തെ വിധിക്കാൻ നമുക്ക് ഒരിക്കലും അവകാശമില്ലെങ്കിലും, നമ്മുടെ ലോകത്തിൽ നല്ലതെന്ന പേരിൽ ഉയർത്തിക്കാട്ടപ്പെടുന്ന അനേകം തെറ്റുകളെ തിരിച്ചറിയാൻ നമുക്ക് തീർച്ചയായും “കേൾക്കാൻ ചെവികളും” “കാണാൻ കണ്ണുകളും” ഉണ്ടായിരിക്കണം. ദൈവത്തിന്റെ നിയമങ്ങളെ “മനസ്സിലാക്കാനും ഗ്രഹിക്കാനും” നാം നിരന്തരം പരിശ്രമിക്കുകയും ലോകത്തിലെ അസത്യങ്ങളെ ചെറുക്കാനുള്ള വഴികാട്ടിയായി അവയെ ഉപയോഗിക്കുകയും വേണം. ഇത് നന്നായി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഒരു പ്രധാന മാർഗം, സത്യത്തോടു നമ്മുടെ ഹൃദയങ്ങൾ ഒരിക്കലും കഠിനമാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്.
ഇന്ന്, നമ്മുടെ കർത്താവിന്റെ ഈ ചോദ്യങ്ങളെക്കുറിച്ച് ധ്യാനിക്കുക; പ്രത്യേകിച്ച്, സമൂഹത്തെ മൊത്തത്തിൽ കാണുന്ന വിശാലമായ പശ്ചാത്തലത്തിൽ അവയെ പരിശോധിക്കുക. നമ്മുടെ ലോകവും അധികാരസ്ഥാനങ്ങളിലുള്ള അനേകരും പഠിപ്പിക്കുന്ന വ്യാജമായ “പുളിമാവിനെ” കുറിച്ച് ചിന്തിക്കുക. ഈ തെറ്റുകളെ നിരസിക്കുകയും സ്വർഗത്തിലെ വിശുദ്ധ രഹസ്യങ്ങളെ പൂർണമായി സ്വീകരിക്കാൻ വീണ്ടും സ്വയം സമർപ്പിക്കുകയും ചെയ്യുക. അങ്ങനെ ആ സത്യങ്ങളും ആ സത്യങ്ങൾ മാത്രവും നിങ്ങളുടെ അനുദിന വഴികാട്ടിയാകട്ടെ.
മഹത്വപൂർണനായ എന്റെ നാഥാ, അങ്ങ് സകല സത്യത്തിന്റെയും നാഥനായിരിക്കുന്നതിനാൽ ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എനിക്കു ചുറ്റുമുള്ള തിന്മയുടെ പുളിമാവ് കാണാൻ കഴിയേണ്ടതിന്, ദിവസവും എന്റെ കണ്ണുകളും കാതുകളും ആ സത്യത്തിലേക്കു തിരിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ നാഥാ, അങ്ങയുടെ വിശുദ്ധ ജീവിതത്തിന്റെ രഹസ്യങ്ങളിൽ ആഴ്ന്നിറങ്ങാൻ കഴിയേണ്ടതിന്, എനിക്കു ജ്ഞാനവും വിവേചനവരവും നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ സർവശക്തി
ആണ്ടുവട്ടത്തിലെ ആറാം വാരത്തിലെ ബുധനാഴ്ച
യേശുവും ശിഷ്യന്മാരും ബേത്സയ്ദായിൽ എത്തിയപ്പോൾ, ആളുകൾ ഒരു അന്ധനെ അവിടുത്തെ അടുക്കൽ കൊണ്ടുവന്ന് അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അന്ധന്റെ കൈപിടിച്ച് അവനെ ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയി. മർക്കോസ് 8:22–23
യേശു പ്രസംഗിച്ച പട്ടണങ്ങളിൽ ഒന്നായിരുന്നു ഗലീലിയാ കടലിന് തൊട്ടു വടക്കുള്ള ബേത്സയ്ദാ. പിന്നീട്, തന്റെ പരസ്യശുശ്രൂഷാകാലത്ത്, മാനസാന്തരപ്പെടാതിരുന്നതിന്റെ പേരിൽ യേശു ബേത്സയ്ദാ പട്ടണത്തെ ശാസിക്കുന്നു. “ബേത്സയ്ദാ, നിനക്കു ദുരിതം! എന്തെന്നാൽ, നിന്റെ മധ്യേ നടന്ന ശക്തമായ പ്രവൃത്തികൾ ടയിറിലും സീദോനിലും നടന്നിരുന്നെങ്കിൽ, അവർ പണ്ടേ ചാക്കുടുത്തും ചാരം പൂശിയും അനുതപിക്കുമായിരുന്നു” (മത്തായി 11:21).
അവരുടെ വിശ്വാസമില്ലായ്മയും അധാർമ്മിക ജീവിതവും കാരണമായിരിക്കാം അന്ധനെ സുഖപ്പെടുത്തുന്നതിനു മുമ്പ് യേശു അവനെ പട്ടണത്തിനു പുറത്തേക്കു കൊണ്ടുപോയത്. അന്ധനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവർ തങ്ങളുടെ ആഴമായ വിശ്വാസംകൊണ്ടല്ല, കൗതുകംകൊണ്ടാണ് അവനെ കൊണ്ടുവന്നതെന്നും തോന്നുന്നു. ആ മനുഷ്യനെ സുഖപ്പെടുത്തിയശേഷം, “ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത്” എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചതിന്റെ കാരണവും ഇതായിരിക്കാം. അങ്ങനെ, ഈ അത്ഭുതം ബേത്സയ്ദായിൽ ജീവിക്കുന്നവരുടെ ഹൃദയങ്ങളിൽ വിശ്വാസം ഉളവാക്കുകയില്ലെന്ന് യേശുവിന് അറിയാമായിരുന്നു. അതിനാൽ അവിടേക്കു മടങ്ങിപ്പോകരുതെന്ന് യേശു ആ മനുഷ്യനോട് നിർദേശിച്ചു.
ദൈവം സർവശക്തനാണ്; അവിടുന്ന് ഇച്ഛിക്കുന്നതെന്തും, ഇച്ഛിക്കുന്ന ഏതു സമയത്തും ചെയ്യാൻ അവിടുത്തേക്കു കഴിയുമെന്നത് വ്യക്തമാണ്. എന്നാൽ, ഇതിനകം വിശ്വസിക്കുന്നവരുടെ സാന്നിധ്യത്തിൽ മാത്രം, അല്ലെങ്കിൽ ചുരുങ്ങിയത് തന്നെ ഇതുവരെ നിരസിച്ചിട്ടില്ലാത്തവരുടെ സാന്നിധ്യത്തിൽ മാത്രം, തന്റെ സർവശക്തി പ്രയോഗിക്കാനാണ് അവിടുന്ന് പലപ്പോഴും തീരുമാനിക്കുന്നത്. തന്റെ പ്രസംഗം കേട്ടിട്ടും വിശ്വാസത്തിലേക്കു വരാത്തവരെ കണ്ടുമുട്ടുമ്പോൾ, അവരുടെ സാന്നിധ്യത്തിൽ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ യേശു വിസമ്മതിക്കുന്നു.
വിശ്വാസമാണ് ആദ്യം വരേണ്ടത് എന്നാണ് ഇത് നമ്മോടു പറയുന്നത്; അതിനുശേഷം ദൈവത്തിന്റെ സർവശക്തി നിർബാധം പ്രവഹിക്കുന്നു. തീർച്ചയായും, ദൈവവചനത്തിന്റെ കൃപ എല്ലായ്പോഴും എല്ലാവർക്കും നൽകപ്പെടുന്നു. ദൈവത്തിന്റെ വിശുദ്ധ വചനത്തിന്റെ വിത്ത് എല്ലായ്പോഴും എല്ലാവർക്കും ലഭ്യമാണ്. എന്നാൽ, അവിടുന്ന് സുവിശേഷത്തിന്റെ വിശുദ്ധ വചനം പുറപ്പെടുവിക്കുന്നതും രൂപാന്തരപ്പെടുത്തുന്ന തന്റെ സർവശക്തി പുറപ്പെടുവിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. രണ്ടാമത്തേത് സ്വീകരിക്കാനുള്ള ഏകമാർഗം ആദ്യത്തേത് ആദ്യം സ്വീകരിക്കുക എന്നതാണ്. നാം അവിടുത്തെ വചനം കേൾക്കുകയും സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നില്ലെങ്കിൽ, രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ ശക്തിയുടെ കൃപ നമുക്കു ലഭിക്കുകയില്ല.
ഇതോടൊപ്പം, ദൈവത്തിന്റെ “സർവശക്തി”യെ അത്ഭുതങ്ങളിൽ മാത്രമായി ഒതുക്കാനാവില്ലെന്നും മനസ്സിലാക്കണം. യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തെപ്പോലെ ശാരീരിക അത്ഭുതങ്ങൾ ഇന്ന് അത്ര വ്യാപകമല്ലെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അവിടുത്തെ സർവശക്തി ഇന്നും പ്രവർത്തിക്കുന്നുണ്ട്; യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തേക്കാൾ മഹത്തായ രീതിയിലാണ് അത് പ്രവർത്തിക്കുന്നത്. കൃപയുടെ പൂർണതയിലൂടെയും പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയും നമ്മെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്ന ശക്തിയാണ് ഇന്ന് അവിടുത്തെ ശക്തി. ദൈവവചനം കേൾക്കുകയും യഥാർഥ വിശ്വാസത്തോടെ അതിനോടു പ്രതികരിക്കുകയും ചെയ്യുമ്പോൾ നാം എപ്പോഴും അന്വേഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യേണ്ട യഥാർഥ അത്ഭുതം അതാണ്.
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപാന്തരപ്പെടുത്തുന്ന ശക്തിയുടെ ആവശ്യകതയെക്കുറിച്ചും ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ഉള്ളിൽ വിശ്വാസം സജീവമായി നിലനിൽക്കുന്നതായി കാണുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തിയും പരിശുദ്ധാത്മാവ് നൽകുന്ന രൂപാന്തരവും നിങ്ങൾ തീർച്ചയായും അനുഭവിക്കും. കൃപയുടെ ഈ ശക്തിയും ആന്തരിക രൂപാന്തരവും പ്രവർത്തിക്കുന്നതായി നിങ്ങൾ കാണുന്നില്ലെങ്കിൽ, തന്റെ ശക്തി പ്രയോഗിക്കാനായി അന്ധനെ നഗരത്തിനു പുറത്തേക്കു നയിക്കുന്ന യേശുവിന്റെ ചിത്രം ധ്യാനിക്കുക. ആദ്യം വിശ്വാസം നേടാൻ പരിശ്രമിക്കുക. കാരണം, നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ, നമ്മുടെ കർത്താവിന് നിങ്ങളുടെ അടുത്തു നിലകൊള്ളാനും നിങ്ങളുടെ ആത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനും കഴിയും.
സർവശക്തനായ കർത്താവേ, അങ്ങ് അയച്ച സുവിശേഷം സ്വീകരിച്ച് അങ്ങിൽ വിശ്വസിക്കാൻ തുടങ്ങിയവരുടെമേൽ അങ്ങയുടെ സർവശക്തി ചൊരിയാൻ അങ്ങ് തിരുമനസ്സാകുന്നുവല്ലോ. മാനസാന്തരപ്പെടാനും വിശ്വസിക്കാനും ഞാൻ തീരുമാനിക്കുകയും അങ്ങനെ അങ്ങയുടെ സമൃദ്ധമായ കൃപയാൽ രൂപാന്തരപ്പെടാൻ സന്നദ്ധനാകുകയും ചെയ്യേണ്ടതിന്, കേൾക്കാനായി എന്റെ കാതുകൾ തുറക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മനസ്സിലാക്കുക, അംഗീകരിക്കുക, ഹൃദയപൂർവം സ്വീകരിക്കുക
ആണ്ടുവട്ടത്തിലെ ആറാം വാരത്തിലെ വ്യാഴാഴ്ച
യേശുവും ശിഷ്യന്മാരും കേസറിയാ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിയിൽവച്ച് അവിടുന്ന് ശിഷ്യന്മാരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണ് ആളുകൾ പറയുന്നത്?” മർക്കോസ് 8:27
ഈ ചോദ്യത്തിന് മറുപടിയായി, ചിലർ അവിടുന്ന് “സ്നാപകയോഹന്നാൻ എന്നും മറ്റുചിലർ ഏലിയാ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും” കരുതുന്നതായി ശിഷ്യന്മാർ യേശുവിനെ അറിയിച്ചു. എന്നാൽ, താൻ ആരാണെന്നാണ് അവർ കരുതുന്നതെന്ന് യേശു ശിഷ്യന്മാരോടു ചോദിച്ചു. “അങ്ങാണ് ക്രിസ്തു” എന്നു മറുപടി പറഞ്ഞത് പത്രോസായിരുന്നു.
യേശുവും ശിഷ്യന്മാരും തമ്മിലുള്ള ഈ സംഭാഷണം ധ്യാനിക്കുമ്പോൾ, നമ്മുടെ കർത്താവ് അതേ ചോദ്യം നിങ്ങളോടു ചോദിക്കുന്നതു കേൾക്കാൻ ശ്രമിക്കുക. “എന്നാൽ, ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ബൗദ്ധികതലത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത് മിക്കവാറും നിങ്ങൾക്ക് എളുപ്പമായിരിക്കുമെങ്കിലും, തിടുക്കത്തിൽ ഉത്തരം പറയരുത്. അതിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ, യേശുവിനെക്കുറിച്ച് നിങ്ങൾ എന്താണു വിശ്വസിക്കുന്നത്?
പത്രോസിന്റെ ഉത്തരം ശരിയായിരുന്നെങ്കിലും, അതിന്റെ യഥാർഥ അർഥം എന്താണെന്നു ധ്യാനിക്കേണ്ടത് പ്രധാനമാണ്. ക്രിസ്തുവെന്ന നിലയിലുള്ള തന്റെ ദൗത്യം യേശു വിശദീകരിക്കാൻ തുടങ്ങിയ ഉടനെ പത്രോസിന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്ന വസ്തുതയിൽനിന്ന് ഇത് പ്രത്യേകിച്ചും വ്യക്തമാകുന്നു. ക്രിസ്തുവെന്ന നിലയിൽ താൻ “വളരെയധികം സഹിക്കുകയും ജനപ്രമാണികളാലും പ്രധാനപുരോഹിതന്മാരാലും നിയമജ്ഞരാലും തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കുകയും” ചെയ്യുമെന്ന് യേശു പത്രോസിനും മറ്റു ശിഷ്യന്മാർക്കും വിശദീകരിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ദൗത്യത്തിന്റെ സാരാംശം ശിഷ്യന്മാർ മനസ്സിലാക്കണമെന്ന് യേശു ആഗ്രഹിച്ചു. ബലിയർപ്പിക്കപ്പെടുന്ന ദൈവത്തിന്റെ കുഞ്ഞാടായിത്തീർന്ന് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുക എന്നതായിരുന്നു അവിടുത്തെ ദൗത്യം. എന്നാൽ, ഉടനടി മനസ്സിലാക്കാനും അംഗീകരിക്കാനും നന്ദിയോടെ ഹൃദയപൂർവം സ്വീകരിക്കാനും ശിഷ്യന്മാർക്കു കഴിയുന്നതിലപ്പുറമായിരുന്നു ഇത്.
യേശുവിന്റെ ഈ മുഖ്യദൗത്യം നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഹൃദയപൂർവം സ്വീകരിക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങൾ വ്യക്തിപരമായി ചെയ്ത പാപങ്ങൾ നിമിത്തം നിങ്ങൾക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നു മനസ്സിലാക്കുന്നുണ്ടോ? നിങ്ങളുടെ പാപങ്ങളുടെ അനന്തരഫലം മരണമാണെന്നു മനസ്സിലാക്കുന്നുണ്ടോ? നിത്യമരണമാണെന്ന്? സകല പാപവും മരണവും നശിപ്പിക്കപ്പെടുന്നത് യേശുവിന്റെ മരണത്തിലൂടെ മാത്രമാണെന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
നാം എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുന്ന, പ്രചോദനം നൽകുന്ന ഒരു വ്യക്തി മാത്രമാണ് യേശു എന്ന തെറ്റായ ധാരണയിലേക്കു ചിലപ്പോൾ നാം വഴുതിവീഴാം. അത് സത്യമാണെങ്കിലും, യേശു അതിനെക്കാൾ എത്രയോ വലിയവനാണ്. സ്വർഗത്തിലേക്കുള്ള ഒരേയൊരു വഴി അവിടുന്നാണ്. അവിടുത്തെ മരണവും ഉത്ഥാനവും കൂടാതെ നമുക്കു സ്വർഗം പ്രാപിക്കാനാവില്ല. അവിടുന്നാണ് ഏക രക്ഷകൻ. നമ്മുടെ പാപങ്ങൾക്കുവേണ്ടി വധിക്കപ്പെട്ട കുഞ്ഞാട്. നിത്യവീണ്ടെടുപ്പിന്റെ ഒരേയൊരു ഉറവിടം. സ്വർഗത്തിനും മനുഷ്യകുലത്തിനും ഇടയിലുള്ള ഏക പാലം. ബൗദ്ധികമായി ഒരു പരിധിവരെ നിങ്ങൾ ഇത് മനസ്സിലാക്കിയേക്കാമെങ്കിലും, ഈ സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ആത്മാവിൽ ആഴത്തിൽ പതിയണം. അങ്ങനെ നിങ്ങൾക്ക് ഇത് വിശ്വസിക്കാനും അവിടുത്തെ നിത്യരക്ഷയുടെ ദാനം നിങ്ങളുടെ അസ്തിത്വത്തിന്റെ ഏറ്റവും ആഴത്തിൽ ഹൃദയപൂർവം സ്വീകരിക്കാനും കഴിയും. യേശുവിന്റെ ജീവൻ എന്ന ദാനം യഥാർഥമായി സ്വീകരിക്കണമെങ്കിൽ, ഇതിനെ അതിന്റെ വേരോളം മനസ്സിലാക്കുകയും അംഗീകരിക്കുകയും ഹൃദയപൂർവം സ്വീകരിക്കുകയും വേണം.
നമ്മുടെ കർത്താവിന്റെ ഈ ചോദ്യത്തിന് നിങ്ങൾ എങ്ങനെ മറുപടി പറയുമെന്ന് ഇന്ന് ധ്യാനിക്കുക. “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ഇതിനു ശരിയായി മറുപടി പറയണമെങ്കിൽ, നമ്മുടെ കർത്താവിന്റെ രക്ഷാകരദൗത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയും അതിനോടുള്ള അംഗീകാരവും അതിനെ പൂർണമായി ഹൃദയപൂർവം സ്വീകരിക്കുന്നതും നിങ്ങൾ നിരന്തരം ആഴപ്പെടുത്തണം. ഇത് ജീവിതകാലം മുഴുവൻ നീളുന്ന ഒരു പ്രക്രിയയാണെങ്കിലും, ഈ ദൈവികരഹസ്യത്തിലേക്കും ദാനത്തിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്നത് നാം ഒരിക്കലും നിർത്തരുത്. അങ്ങനെ, ദൈവത്തിന്റെ ക്രിസ്തുവായവന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവയാൽ നാം പൂർണമായി രൂപാന്തരപ്പെടും.
രക്ഷകനായ കർത്താവേ, ഇന്നും എന്റെ ജീവിതത്തിലെ എല്ലാ ദിവസവും എന്റെ മനസ്സും ഹൃദയവും അങ്ങേക്കായി കൂടുതൽ ആഴത്തിൽ തുറക്കണമേ. അങ്ങയിലും അങ്ങയുടെ ദൈവികമായ രക്ഷാദൗത്യത്തിലുമുള്ള വിശ്വാസത്തിലും അവയെക്കുറിച്ചുള്ള അറിവിലും ഞാൻ നിരന്തരം കൂടുതൽ ആഴപ്പെടട്ടെ. അങ്ങനെ ചെയ്യുമ്പോൾ, അങ്ങ് എനിക്കു നൽകാൻ വന്നതെല്ലാം സ്വീകരിക്കാൻ ഞാൻ കൂടുതൽ പൂർണമായി സന്നദ്ധനാകേണ്ടതിന് എന്നെ കൂടുതൽ കൂടുതൽ രൂപാന്തരപ്പെടുത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
യഥാർഥ സാഫല്യം
ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ വെള്ളിയാഴ്ച
“ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?” മർക്കോസ് 8:36
ഹ്രസ്വവും നേരിട്ടുള്ളതുമായ ഈ ചോദ്യം ഏറെ ധ്യാനിക്കേണ്ടതാണ്. മർക്കോസിന്റെ സുവിശേഷത്തിൽ, തന്റെ ശിഷ്യനായിരിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ച് യേശു പഠിപ്പിക്കുന്ന സന്ദർഭത്തിലാണ് ഈ വാക്യം വരുന്നത്. ക്രിസ്തുവെന്ന നിലയിൽ താൻ പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുമെന്ന് യേശു വ്യക്തമായി പഠിപ്പിക്കാൻ തുടങ്ങിയതിനുശേഷമാണ് ഇതു വരുന്നത്.
മുകളിലെ ചോദ്യത്തിന്റെ ആദ്യഭാഗത്തിൽനിന്ന് ആരംഭിച്ച് അതിനെക്കുറിച്ചു ചിന്തിക്കുക. “ഒരുവൻ ലോകം മുഴുവൻ നേടിയാൽ അവന് എന്തു പ്രയോജനം…” ലോകം മുഴുവൻ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മിക്കവർക്കും അത്തരമൊരു സാധ്യത വളരെ ആകർഷകമാണ്. “ലോകം മുഴുവൻ നേടുക” എന്നാൽ ഈ ലോകത്തിനു നൽകാനുള്ളതെല്ലാം നേടുക എന്നാണ്. ഈ ലോകത്തിൽ അളവറ്റ സമ്പത്ത് നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെടുന്നതായി സങ്കൽപ്പിക്കുക. ഏതൊരു ഭാഗ്യക്കുറിയും ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ സമ്മാനത്തുകയും അതിലധികവും നിങ്ങൾക്കു ലഭിച്ചാലോ? ലോകമെമ്പാടും മനോഹരമായ കൊട്ടാരസദൃശ ഭവനങ്ങൾ, സ്വന്തമായി ഒരു സ്വകാര്യ വിമാനം, എല്ലാ ആധുനിക സൗകര്യങ്ങളും, ഏറ്റവും വിലയേറിയ കാറുകൾ എന്നിവ സ്വന്തമാക്കാനും, ശേഷിക്കുന്ന ജീവിതകാലം മുഴുവൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും കഴിഞ്ഞാലോ? ഇത് ആകർഷകമാണോ? ഉപരിപ്ലവമായ തലത്തിൽ തീർച്ചയായും അതെ. എന്നാൽ ഇത് ഏറെ വഞ്ചനാപരമായ ഒരു പ്രലോഭനംകൂടിയാണ്. കാരണം, ഇതെല്ലാം ലഭിച്ചാലും ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ സന്തോഷമോ സംതൃപ്തിയോ നിങ്ങൾക്കു നൽകാൻ അവയ്ക്കു കഴിയില്ല.
ഈ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഉത്തരം നൽകുന്നതും എളുപ്പമാണ്. നിങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായും ഇല്ല. അങ്ങനെ, യേശു ഒരൊറ്റ വാക്യത്തിൽ പരസ്പരവിരുദ്ധമായ രണ്ടു കാര്യങ്ങൾ അവതരിപ്പിക്കുന്നു. മിക്കവരും ലോകം മുഴുവൻ നേടാൻ ആഗ്രഹിക്കും; എന്നാൽ തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. മറ്റേതുകൂടി തിരഞ്ഞെടുക്കാതെ ഒന്നിനെ ആഗ്രഹിക്കാൻ നമുക്കു കഴിയില്ലെന്ന് വളരെ വ്യക്തമായി പറയാനാണ് യേശു ഈ വൈരുധ്യം അവതരിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ലോകത്തിന്റെ സമ്പത്തുകളാണ് നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹമെങ്കിൽ, ആ ആഗ്രഹത്തിനു വഴങ്ങുന്നിടത്തോളം നിങ്ങളുടെ സ്വന്തം ജീവൻതന്നെയാണ് നിങ്ങൾ യഥാർഥത്തിൽ നഷ്ടപ്പെടുത്തുന്നത്. മറിച്ച്, നിങ്ങളുടെ ആത്മാവിന്റെ രക്ഷയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, ഈ ലോകത്തിന്റെ സമ്പത്തുകളോടും പ്രലോഭനങ്ങളോടുമുള്ള ആഗ്രഹം നിങ്ങൾ ഉപേക്ഷിക്കണം. രണ്ടും ഒരുമിച്ച് ആഗ്രഹിക്കാനും തിരഞ്ഞെടുക്കാനും നിങ്ങൾക്കു കഴിയില്ല.
എന്നിരുന്നാലും, ഈ ലോകത്തിൽ അനേകം വസ്തുക്കൾ സ്വന്തമായുണ്ടെങ്കിലും അവയോട് യാതൊരു മമതയുമില്ലാത്ത അത്യപൂർവം ചിലർ ഉണ്ടായേക്കാം. ഈ ലോകത്തിലെ വസ്തുക്കളോടുള്ള മമതയിൽനിന്ന് പൂർണമായി വിട്ടുനിന്നുകൊണ്ട്, ദൈവത്തിലും അവിടുത്തെ വിശുദ്ധ തിരുഹിതത്തിലും മാത്രം യഥാർഥ സംതൃപ്തി കണ്ടെത്തി, തങ്ങൾക്കുള്ള ഭൗതികവസ്തുക്കളോടൊന്നും മമതയില്ലാത്തവരായി അവർ ജീവിക്കുന്നു. തീർച്ചയായും, ഏറെ സമ്പത്ത് സ്വരൂപിച്ചിട്ടുള്ള ഒരാൾക്ക് ഇത്തരമൊരു ആന്തരിക മനോഭാവത്തിൽ എത്തിച്ചേരുക വളരെ പ്രയാസമാണ്.
മറുവശത്ത്, വളരെ കുറച്ചുമാത്രം സ്വന്തമായുള്ളവരും ഈ ലോകത്തിലുണ്ട്. വാക്കിന്റെ അക്ഷരാർഥത്തിൽ അവർ യഥാർഥ ദരിദ്രരാണ്. എങ്കിലും, സമ്പത്തിനെക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ട് അവർ ദിവസങ്ങൾ ചെലവഴിക്കുന്നു; തങ്ങൾക്കില്ലാത്തതെല്ലാം സ്വന്തമാക്കാൻ മോഹിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, സമ്പത്തിനെ ജീവിതത്തിന്റെ ലക്ഷ്യവും കേന്ദ്രവുമാക്കിയ ഒരാളെപ്പോലെതന്നെ ഈ ദരിദ്ര വ്യക്തിയും യഥാർഥത്തിൽ ഭൗതികവസ്തുക്കളോടുള്ള മമതയിൽ ബന്ധിതനാണ്. ആ ആന്തരിക മമത വലിയ ആത്മീയനാശം വരുത്തുകയും ചെയ്യും.
യേശുവിന്റെ ഈ ചോദ്യത്തെക്കുറിച്ച് ഇന്നു വിചിന്തനം ചെയ്യുക: “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?” പ്രാർഥനയ്ക്കും ധ്യാനത്തിനും ആത്മപരിശോധനയ്ക്കും അടിസ്ഥാനമായി ഈ ചോദ്യം സ്വീകരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് സത്യസന്ധരായിരിക്കാൻ ശ്രമിക്കുക. സമ്പത്തിനെക്കുറിച്ച് ദിവാസ്വപ്നം കാണാൻ ഏറെ സമയം ചെലവഴിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ, ഈ ചോദ്യത്തിനു പ്രത്യേക ശ്രദ്ധ നൽകുക. ആ ആഗ്രഹങ്ങളിലൂടെയോ അവയുടെ പൂർത്തീകരണത്തിലൂടെയോ ജീവിതം അതിന്റെ പൂർണതയിൽ ഒരിക്കലും ലഭിക്കുകയില്ല. ദൈവം, ദൈവം മാത്രമാണ് പൂർണ സംതൃപ്തി നൽകുന്നത്. മറ്റെല്ലാറ്റിനും ഉപരിയായി ദൈവത്തെ അന്വേഷിക്കുക. അപ്പോൾ, ഈ ലോകത്തിനു നൽകാനുള്ള ഒന്നും ദൈവരാജ്യത്തിന്റെ സമ്പത്തുകൾക്ക് അടുത്തുപോലും എത്തുന്നില്ലെന്നു നിങ്ങൾ കണ്ടെത്തും.
കർത്താവേ, അങ്ങ്, അങ്ങു മാത്രമാണ് ജീവിതത്തിലെ പൂർണ സംതൃപ്തിയുടെ ഉറവിടം. ആത്യന്തികമായി അങ്ങയെയും അങ്ങയുടെ വിശുദ്ധ തിരുഹിതത്തെയും മാത്രം ഞാൻ ആഗ്രഹിക്കേണ്ടതിന് എന്റെ ആഗ്രഹങ്ങളെ ശുദ്ധീകരിക്കണമേ. അങ്ങയിൽ മാത്രം ഞാൻ സംതൃപ്തി കണ്ടെത്തേണ്ടതിന് ജീവിതത്തിലെ എല്ലാ വഞ്ചനകളിൽനിന്നും വ്യാജപ്രലോഭനങ്ങളിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അവനെ ശ്രവിക്കുവിൻ
ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ ശനിയാഴ്ച
യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട്, അവരെ മാത്രം വേർതിരിച്ച് ഒരു ഉയർന്ന മലയിലേക്കു നയിച്ചു. അവിടുന്ന് അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു. അവിടുത്തെ വസ്ത്രങ്ങൾ ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാനാവാത്തവിധം തിളങ്ങുന്ന വെണ്മയുള്ളവയായി. മർക്കോസ് 9:2–3
രൂപാന്തരീകരണത്തിന്റെ സന്ദേശം നമുക്കോരോരുത്തർക്കും ജീവിതത്തിലുടനീളം ഏറ്റവും ആഴമായ പ്രത്യാശ പകരുന്ന ഒരു സന്ദേശമായി മാറണം. ഈ സംഭവത്തിലൂടെ ദൈവമഹത്വം വെളിപ്പെട്ടു, മോശയുടെയും പ്രവാചകന്മാരുടെയും പ്രബോധനങ്ങൾ സ്ഥിരീകരിക്കപ്പെട്ടു, നാം മനസ്സിലാക്കേണ്ട ഒരേയൊരു സന്ദേശം പിതാവ് നൽകി: “ഇവൻ എന്റെ പ്രിയപുത്രൻ. അവനെ ശ്രവിക്കുവിൻ.” ഈ സത്യം മനസ്സിലാക്കാനും ഈ കല്പന അനുസരിക്കാനും നമുക്കു കഴിയുമെങ്കിൽ, രൂപാന്തരീകരണത്തിൽ വെളിപ്പെട്ട മഹത്വങ്ങളിൽ നാം നിത്യമായി പങ്കുചേരും.
ആദ്യം, യേശുവിന്റെ മനുഷ്യശരീരമാകുന്ന തിരശ്ശീല നീക്കപ്പെട്ട ഈ വെളിപ്പെടുത്തൽ പത്രോസിനെയും മറ്റു ശിഷ്യന്മാരെയും വിശുദ്ധമായ വിസ്മയഭരിതാവസ്ഥയിലാക്കി എന്ന കാര്യം പരിചിന്തിക്കുക. രൂപാന്തരപ്പെട്ട തന്റെ കർത്താവിനോടൊപ്പം മലയിൽ എന്നേക്കും കഴിയാൻ പത്രോസ് ആഗ്രഹിച്ചു. എന്നാൽ യേശു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഓടിപ്പോകാനും പിന്നീട് യേശുവിനെ അറിയുകപോലുമില്ലെന്നു നിഷേധിക്കാനും അദ്ദേഹം തീരുമാനിച്ചു. ഈ രണ്ടു പ്രതികരണങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. യേശുവിന്റെ ത്യാഗബലി ആരംഭിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം ഓടിയൊളിച്ചു. എന്നാൽ ഇവിടെ, യേശുവിന്റെ മഹത്ത്വം കാണുമ്പോൾ, അവിടുത്തോടൊപ്പം എന്നേക്കും കഴിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
ത്യാഗത്തെക്കാൾ മഹത്ത്വത്തെ സ്വീകരിക്കുന്നതാണ് ഏറെ എളുപ്പം എന്നതാണ് ഈ ഭാഗത്തുനിന്ന് നമുക്കു പഠിക്കാവുന്ന ആദ്യപാഠം. ഭയത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കുന്നതിനെക്കാൾ ആശ്വാസം നൽകുന്നതു തിരഞ്ഞെടുക്കുന്നതാണ് ഏറെ എളുപ്പം. പതിതമായ മനുഷ്യപ്രകൃതിയുടെ കാഴ്ചപ്പാടിൽ ഇത് മനസ്സിലാക്കാവുന്നതാണെങ്കിലും, പത്രോസ് ഒടുവിൽ തന്റെ ജീവിതത്തിൽ തിരുത്തിയതുപോലെ, നമ്മുടെ ആത്മീയജീവിതത്തിലും ഇതു തിരുത്താൻ നാം തീർച്ചയായും പരിശ്രമിക്കണം.
ത്യാഗത്തിന്റെ ഒരു ജീവിതം സ്വീകരിക്കാൻ പിതാവ് ഈ ശിഷ്യന്മാരെ ക്ഷണിക്കുമ്പോൾ, മുന്നോട്ടുള്ള യാത്രയിൽ അവരെ സഹായിക്കുക എന്നതും അവർക്ക് രൂപാന്തരീകരണദർശനം നൽകപ്പെട്ടതിന്റെ ഒരു ലക്ഷ്യമായിരുന്നു. കാലക്രമേണ അവർ സ്വന്തം കുരിശുകളെ അഭിമുഖീകരിക്കേണ്ടിവരും; സ്നേഹത്തെപ്രതി ആ കുരിശുകൾ സ്വീകരിക്കുമോ എന്ന കാര്യത്തിൽ അവർ തീരുമാനമെടുക്കേണ്ടതുമുണ്ട്. ത്യാഗം എന്നതിന്റെ അർഥം അതുതന്നെയാണ്: സ്നേഹത്തെപ്രതി സഹനത്തെ സ്വീകരിക്കുക. ത്യാഗപൂർണമായ സ്നേഹം തിരഞ്ഞെടുക്കാൻ ഒരാളെ സഹായിക്കുന്ന ഒരു കാര്യം, ആ ത്യാഗം എന്തു ഫലം നൽകുന്നു എന്ന അറിവാണ്. രൂപാന്തരീകരണം നൽകിയത് ആ അറിവാണ്. രൂപാന്തരപ്പെട്ട യേശുവിന്റെ മഹത്ത്വം കണ്ടതിലൂടെ, യേശു മുൻകൂട്ടി അറിയിച്ച ത്യാഗബലി ഒടുവിൽ നിത്യമായ മഹത്ത്വത്തിൽ അവസാനിക്കുമെന്ന് മനസ്സിലും ഹൃദയത്തിലും തിരിച്ചറിയാൻ പത്രോസിനും യാക്കോബിനും യോഹന്നാനും കാലക്രമേണ കഴിഞ്ഞു.
രൂപാന്തരപ്പെട്ട യേശുവിന്റെ മഹത്ത്വം സ്വന്തം കണ്ണുകളാൽ കാണുന്ന അനുഭവം നിങ്ങൾക്ക് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ലെങ്കിലും, ജീവിതത്തിലെ പല അവസരങ്ങളിലും അനേകർക്ക് ആത്മീയ ആശ്വാസങ്ങൾ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ, ആ ആശ്വാസങ്ങൾ നിലനിൽക്കണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാൽ അവ അപൂർവമായേ നിലനിൽക്കാറുള്ളൂ. പകരം, ദൈവം തന്റെ മഹത്ത്വത്തിന്റെ ഒരു ക്ഷണദർശനം മാത്രം നമുക്കു നൽകുന്നു; ആ ഓർമ മുറുകെപ്പിടിക്കാനും ഏറ്റവും ആവശ്യമുള്ളപ്പോൾ അതു പ്രയോജനപ്പെടുത്താനും വേണ്ടിയാണത്. പിതാവിന്റെ സ്വരം ശ്രവിച്ച് അനുസരിക്കുമ്പോൾ അത്തരം സമയങ്ങൾ വന്നുചേരും. “ഇവൻ എന്റെ പ്രിയപുത്രനാണ്. ഇവനെ ശ്രവിക്കുവിൻ.”
ഇപ്പോൾ മഹത്ത്വത്തിൽ വാഴുന്ന യേശു ഈ ഭൂമിയിൽ നടന്ന അതേ യേശുവാണെന്ന സത്യം ഇന്ന് ധ്യാനിക്കുക. വിശുദ്ധഗ്രന്ഥത്തിൽ പ്രബോധനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന അതേ യേശുവാണ് അവിടുന്ന്. അനീതി സഹിച്ച അതേ യേശു. വിജയശ്രീലാളിതനായി ഉയിർത്തെഴുന്നേറ്റ അതേ യേശു. യേശുവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതവും അനേകം അനുഭവങ്ങൾ നിറഞ്ഞതാണ്. അതിനാൽ, ജീവിതത്തിലെ നമ്മുടെ എല്ലാ അനുഭവങ്ങളെയും ഒരുമിപ്പിക്കാനുള്ള ഏകമാർഗം പിതാവിന്റെ കല്പന അനുസരിക്കുകയാണ്. “ഇവനെ ശ്രവിക്കുവിൻ.” രക്ഷകന്റെ സ്വരം ശ്രവിക്കുക. ആശ്വാസത്തിന്റെ മലയിലേക്ക് അവിടുത്തെ അനുഗമിക്കുക. ഓരോ സഹനത്തിലും കുരിശിലും അവിടുത്തോടൊപ്പം നിലനിൽക്കുക. അവിടുന്ന് പഠിപ്പിക്കുന്നതെല്ലാം ശ്രവിക്കുക. അങ്ങനെ ചെയ്താൽ, ഒരു ദിവസം അവിടുത്തോടൊപ്പം മഹത്ത്വത്തിൽ എന്നേക്കും കഴിയാൻ നിങ്ങൾ തീർച്ചയായും ക്ഷണിക്കപ്പെടും.
രൂപാന്തരപ്പെട്ട കർത്താവേ, പത്രോസിനോടൊപ്പം ഞാനും അങ്ങയോടുകൂടെ എന്നേക്കും കഴിയാൻ ആഗ്രഹിക്കുന്നു. അങ്ങ് എവിടേക്കു നയിച്ചാലും, എപ്പോഴും അങ്ങയോടൊപ്പം നിലനിൽക്കാൻ എനിക്ക് ആവശ്യമായ കൃപ നൽകണമേ. അർപ്പിക്കാൻ എന്നോട് ആവശ്യപ്പെടുന്ന ഓരോ ത്യാഗത്തിലും, ഞാൻ സഹിക്കുന്ന ഓരോ സഹനത്തിലും, എന്റെ ആത്മാവിനെ അനുഗ്രഹിക്കുന്ന ഓരോ ആശ്വാസത്തിലും അങ്ങയോടൊപ്പം നിലനിൽക്കാൻ എനിക്കു കഴിയുമാറാകണമേ. എപ്പോഴും അങ്ങയെ ശ്രവിക്കാനും അങ്ങയുടെ വിശുദ്ധ വചനം അനുസരിക്കാനും എനിക്കു കഴിയുമാറാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
Amazon – Google Play – iTunes – Barnes and Noble

