മലയാളം

അധ്യായം നാല്: നിങ്ങളുടെ മനസ്സാക്ഷിയുടെ പരിശോധന

ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലുള്ള മൂന്ന് മനസ്സാക്ഷിപരിശോധനകളുടെ ലക്ഷ്യം ആന്തരികശുദ്ധീകരണത്തിനുള്ള അതിമനോഹരമായ അവസരം നിങ്ങൾക്ക് നൽകുക എന്നതാണ്. നിങ്ങളുടെ പാപങ്ങൾ തിരിച്ചറിയുമ്പോൾ ഈ പ്രക്രിയ ആത്മീയമായി അൽപ്പം “വേദനാജനകമായേക്കാം”. എന്നാൽ നിങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള “വേദനാജനകമായ തിരിച്ചറിവ്” നല്ലതാണ്. വാസ്തവത്തിൽ, അത് വളരെ നല്ലതാണ്. ആദ്യമത് സുഖകരമാണെന്ന് തോന്നണമെന്നില്ല. എന്നാൽ വേദനാജനകമായ ഈ തിരിച്ചറിവിലൂടെ കടന്നുപോയി ഒടുവിൽ ശുദ്ധീകരിക്കപ്പെടുമ്പോൾ അത് സുഖകരമായി അനുഭവപ്പെടും. ഈ വേദനയ്ക്ക് കാരണം മനസ്സാക്ഷിപരിശോധനയല്ല, പാപമാണ്. അതിനാൽ നിങ്ങളുടെ പാപങ്ങളെക്കുറിച്ച് “വേദനാജനകമായ ഒരു തിരിച്ചറിവ്” ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക; അപ്പോൾ അതിനെ നേരിടാൻ നിങ്ങൾ കൂടുതൽ സജ്ജരായിരിക്കും.

വിശുദ്ധ ഇഗ്നേഷ്യസ് വിശദമായ ഒരു മനസ്സാക്ഷിപരിശോധന നമുക്ക് നൽകിയിട്ടില്ലെങ്കിലും, ഏഴ് മുഖ്യപാപങ്ങളിലേക്കും പത്തു കൽപനകളിലേക്കും അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിച്ചു. അതിനാൽ ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിൽ നൽകിയിരിക്കുന്ന ആദ്യത്തെ രണ്ടു മനസ്സാക്ഷിപരിശോധനകളും ഏഴ് മുഖ്യപാപങ്ങളെയും പത്തു കൽപനകളെയും അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത പരിശോധനാരീതിയാണ് സ്വീകരിക്കുന്നത്.

ഈ മനസ്സാക്ഷിപരിശോധനകൾ ശ്രദ്ധയോടെയും സത്യസന്ധമായും നടത്തുമ്പോൾ തിടുക്കം കൂട്ടരുത്. ഏതെങ്കിലും ഒരു പാപം നിങ്ങളുടെ ശ്രദ്ധയിൽ വ്യക്തമായി തെളിഞ്ഞുവരുമ്പോൾ, കുറച്ചുനേരം അതിനെക്കുറിച്ച് ചിന്തിക്കുക. നിരാശപ്പെടരുത്; പകരം, നിങ്ങൾ സത്യം കാണുകയാണെന്ന് സ്വയം ഓർമിപ്പിക്കാൻ ശ്രമിക്കുക. ആ തിരിച്ചറിവിൽ ആശ്വാസം കണ്ടെത്തുക. കുറ്റബോധം സഹായകമാകാം; എന്നാൽ ദൈവത്തിന്റെ കരുണയിൽ ഉടനടി അടിയുറപ്പിക്കുന്ന കുറ്റബോധം മാത്രമേ ഉപകാരപ്രദമാകൂ. കുറ്റബോധത്തിനുവേണ്ടി മാത്രം കുറ്റബോധം അനുഭവിക്കുന്നത് അനാരോഗ്യകരമായ ദുഃഖം, പാപത്തെക്കുറിച്ചുള്ള അതിരുകടന്ന ആശങ്കകൾ, നിഷേധം, ആശയക്കുഴപ്പം തുടങ്ങിയവയിലേക്ക് നയിക്കും. എന്നാൽ ദൈവത്തിന്റെ കരുണയെക്കുറിച്ചും എല്ലാ പാപങ്ങളിൽനിന്നും നിങ്ങളെ ശുദ്ധീകരിക്കാനുള്ള അവിടുത്തെ ആഗ്രഹത്തെക്കുറിച്ചും ഉടനടി ബോധ്യമുള്ള ആരോഗ്യകരമായ കുറ്റബോധമാണ് ലക്ഷ്യം. താങ്ങാനാവാത്തവിധം മനസ്സ് ഭാരപ്പെടുന്നുവെങ്കിൽ, അവിടെ നിർത്തി മറ്റു പ്രാർഥനാരീതികളിലേക്കു മടങ്ങുക. എങ്കിലും സന്തോഷത്തോടും സ്വാതന്ത്ര്യബോധത്തോടുംകൂടെ ശ്രദ്ധയോടെയും സത്യസന്ധമായും സമഗ്രമായും ഈ മനസ്സാക്ഷിപരിശോധനകൾ നടത്താൻ കഴിയുന്നതുവരെ അവയിലേക്കു മടങ്ങിവരുന്നത് അവസാനിപ്പിക്കരുത്. തന്റെ സ്നേഹം കൂടുതൽ ആഴത്തിൽ അനുഭവിക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്ന കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് കരുണാമയനായ നമ്മുടെ ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.

മൂന്നാം ഭാഗത്തിലെ മൂന്നാമത്തെ മനസ്സാക്ഷിപരിശോധന വിശ്വാസം, ശരണം, ഉപവി എന്നീ പുണ്യങ്ങളിലെ അപൂർണതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പുള്ള പരിശോധനകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിനുശേഷം മാത്രമേ ഈ പരിശോധന നടത്താവൂ. വിശ്വാസം, ശരണം, ഉപവി എന്നിവയെക്കുറിച്ചുള്ള ഈ മനസ്സാക്ഷിപരിശോധന ഗൗരവമായ പാപങ്ങളിലല്ല, മറിച്ച് നിങ്ങളിലുള്ള അപൂർണതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പാപത്തെ പൊതുവായി മൂന്നു തലങ്ങളായി തരംതിരിക്കാം: 1) മാരകപാപം, 2) ചെയ്ത പ്രവൃത്തികളിലൂടെയുള്ള ലഘുപാപങ്ങൾ, 3) ആത്മീയ അപൂർണതകൾ (അഥവാ ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതിലൂടെയുള്ള ലഘുപാപങ്ങൾ). “അതിനാൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കണം” (മത്തായി 5:48, RSV-CE) എന്ന തിരുവചനവാക്യം ഓർക്കുക. ജീവിതത്തിൽ യഥാർഥ വിശുദ്ധി ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ പൂർണതയ്ക്കായി പരിശ്രമിക്കണം. പുണ്യങ്ങളുടെ പൂർണതയിൽ വന്നിട്ടുള്ള ഓരോ കുറവും തിരിച്ചറിഞ്ഞ് മറികടക്കുന്നതും അതിൽ ഉൾപ്പെടുന്നു.

മനസ്സു തളരരുത്. സ്വന്തം പാപങ്ങളെ അഭിമുഖീകരിക്കുമ്പോൾ എളുപ്പത്തിൽ മനസ്സു തളർന്നുപോകാം. നിങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്നും ഒരിക്കലും പാപത്തെ ജയിക്കില്ലെന്നും ശ്രമം ഉപേക്ഷിക്കണമെന്നുമൊക്കെ നിങ്ങളോടു പറയുന്ന ദുഷ്ടന്റെ മറ്റൊരു നുണയാണിത്. അതെല്ലാം നുണയാണ്. പൂർണത തേടുക എന്നത് ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന ഒന്നാണെന്നും അതിന് വലിയ ത്യാഗവും സത്യസന്ധതയും ദൈവത്തോടുള്ള സമർപ്പണവും ആവശ്യമാണെന്നുമാണ് സത്യം. എന്നാൽ അത് സാധ്യമാണ്; അതിനായി പരിശ്രമിക്കുന്നത് തികച്ചും മൂല്യവത്തുമാണ്. മനസ്സു തളരുന്നതിന്റെ വിപരീതമാണ് പ്രത്യാശ. ശ്രദ്ധയോടെയും വ്യക്തമായ ലക്ഷ്യത്തോടെയും മനഃപൂർവമായും പൂർണഹൃദയത്തോടെയും നിങ്ങൾ ഇതു ചെയ്യുന്നുവെങ്കിൽ, വിശ്വസിച്ചാലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾക്ക് വിശുദ്ധരാകാൻ കഴിയും എന്ന പ്രത്യാശയും ആത്മവിശ്വാസവും ഉണ്ടായിരിക്കട്ടെ. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ഇതുതന്നെയാണെന്ന് തീരുമാനിക്കുകയേ വേണ്ടൂ; ആ വഴിയിൽ നടക്കാൻ തുടങ്ങുന്നതിന് ദൈവകൃപയിൽ, പ്രത്യേകിച്ച് കുമ്പസാരത്തിൽ ലഭിക്കുന്ന കൃപയിൽ, പൂർണമായി ആശ്രയിക്കുകയും വേണം.

 

ജീവിതകാല കുമ്പസാരം

ആദ്യത്തെ രണ്ടു മനസ്സാക്ഷിപരിശോധനകളെങ്കിലും (ഏഴ് മുഖ്യപാപങ്ങളെയും പത്തു കൽപനകളെയും കുറിച്ചുള്ളവ) ശ്രദ്ധാപൂർവം പൂർത്തിയാക്കിക്കഴിയുമ്പോൾ, ജീവിതകാല കുമ്പസാരത്തിനായി ഒരുങ്ങാൻ നിങ്ങൾ സജ്ജരാണ്. ഒന്നാം ആഴ്ചയുടെ സമാപനത്തിൽ ഇത്തരമൊരു കുമ്പസാരം നടത്താൻ വിശുദ്ധ ഇഗ്നേഷ്യസ് ശുപാർശ ചെയ്യുന്നു. ജീവിതകാല കുമ്പസാരത്തിന് ഗണ്യമായ സമയം വേണ്ടിവന്നേക്കാം; അതിനാൽ ഒരു വൈദികനുമായി മുൻകൂട്ടി സമയം നിശ്ചയിച്ച് നടത്തുന്നതാണ് ഏറ്റവും ഉചിതം. കഴിഞ്ഞകാലത്തെ എല്ലാ പാപങ്ങളെക്കുറിച്ചും ഉപദേശം തേടുകയല്ല ലക്ഷ്യം; മറിച്ച്, അവ ഏറ്റുപറയുക, ഇതുവരെ കുമ്പസാരിക്കാത്ത പാപങ്ങളെല്ലാം ഇറക്കിവയ്ക്കുക, നിങ്ങളുടെ കഴിഞ്ഞകാലത്തെ ഗൗരവമായ ഓരോ പാപവും ഒരിക്കൽക്കൂടി വാക്കുകളാൽ ഏറ്റുപറയുക എന്നിവ മാത്രമാണ് ലക്ഷ്യം.

പ്രായോഗികമായി പറഞ്ഞാൽ, ഒരു പട്ടിക തയ്യാറാക്കുന്നത് ഉപകാരപ്പെട്ടേക്കാം—നീണ്ട ഒരു പട്ടിക. നിങ്ങളുടെ ജീവിതകാലം മുഴുവനിലെയും എല്ലാ പാപങ്ങളും സമഗ്രമായി പരിശോധിച്ച് ഒരൊറ്റ കുമ്പസാരത്തിൽ അവ ഏറ്റുപറയുക എന്നതാണ് ലളിതമായ ലക്ഷ്യം. ഓരോ പാപവും ഓർത്തെടുത്ത് ഏറ്റുപറയുക അസാധ്യമാണെങ്കിലും, കഴിഞ്ഞകാലത്തെ ഗൗരവമായ എല്ലാ പാപങ്ങളും ഇപ്പോൾ നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന ചെറിയ പാപങ്ങളും ഓർമിച്ചെടുത്ത് ഏറ്റുപറയുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഇതു ചെയ്യുന്നതിന് ശരിയെന്നോ തെറ്റെന്നോ പറയാവുന്ന ഒരു രീതിയില്ല. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പാപങ്ങളിലേക്കും ദൈവത്തിന്റെ കൃപയും കരുണയും ക്ഷണിച്ചുകൊണ്ട് നിങ്ങളാൽ കഴിയുന്നത്ര നന്നായി ചെയ്യുക.

ഒരു വൈദികനെ സമീപിച്ച് ജീവിതകാല കുമ്പസാരം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും അതിന് അദ്ദേഹം സന്നദ്ധനാണോ എന്ന് ചോദിക്കുകയും ചെയ്യുക. സന്നദ്ധനാണെങ്കിൽ, അതിനായി സമയം കണ്ടെത്തി കഴിയുന്നത്ര വേഗം അതു നടത്തുക. ആ കുമ്പസാരം പൂർത്തിയായശേഷം, ആശ്വാസവും സ്വാതന്ത്ര്യവും അനുഭവിക്കാൻ നിങ്ങളെത്തന്നെ അനുവദിക്കുക.

 

നിരന്തരമായ മനസ്സാക്ഷിപരിശോധനയുടെ അഭ്യാസം

നിങ്ങളുടെ സമഗ്ര കുമ്പസാരം പൂർത്തിയായിക്കഴിഞ്ഞാൽ, കഴിഞ്ഞകാല പാപങ്ങൾ ഓർക്കേണ്ടതിന്റെ ഏക കാരണം ദൈവത്തിന്റെ കരുണയ്ക്കു നന്ദി അർപ്പിക്കുക എന്നതാണ്. എന്നാൽ, ആത്മീയ ശുദ്ധീകരണത്തിനായുള്ള ഇത്രയും വലിയൊരു പരിശ്രമത്തിന്, ഒരർഥത്തിൽ പറഞ്ഞാൽ, “തുടർച്ചയായ പരിപാലനം” ആവശ്യമാണെന്നും ഓർക്കുക. അതിനാൽ, ഏഴ് മുഖ്യപാപങ്ങളെയോ പത്തു കല്പനകളെയോ അടിസ്ഥാനമാക്കിയുള്ള മനഃസാക്ഷിപരിശോധന പതിവായി നടത്തേണ്ടത് ആവശ്യമാണ്; കഴിയുമെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അങ്ങനെ ചെയ്യണം. കൂടാതെ, ലഘുപാപങ്ങൾ ചെയ്താലുടൻ അവ പരിഹരിക്കാൻ കഴിയേണ്ടതിന്, ദിവസവും പൊതുവായ രീതിയിൽ നിങ്ങളുടെ മനഃസാക്ഷി പരിശോധിക്കുന്നതും പ്രധാനമാണ്. ഒരു ലഘുപാപം പരിഹരിക്കപ്പെടാതെ എത്രകാലം തുടരുന്നുവോ, അത്രയുംകാലം നിങ്ങളെ പിടികൂടാനും വഴിതെറ്റിക്കാനും അതിന് അവസരം ലഭിക്കുന്നു. അതിനാൽ, ഓരോ ദിവസവും അന്നു ചെയ്ത പാപങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് മൂന്നാം ഭാഗത്തിൽ ശുപാർശ ചെയ്യുന്ന സന്ധ്യാപ്രാർഥനയിൽ ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

മനഃസാക്ഷിപരിശോധനാ പട്ടിക

അധ്യായം അഞ്ച്: ആത്മാക്കളുടെ വിവേചനം—ഭാഗം ഒന്ന്