ഉള്ളടക്കപ്പട്ടികയിലേക്കു മടങ്ങുക
കാലങ്ങളായി മനുഷ്യർ പല വിശ്വാസങ്ങളും പുലർത്തിപ്പോന്നിട്ടുണ്ട്. എന്നാൽ എല്ലാ കാലഘട്ടങ്ങളിലും സംസ്കാരങ്ങളിലും ഉള്ള മനുഷ്യർക്ക് പൊതുവായുള്ളത് സത്യത്തിനായുള്ള ദാഹമാണ്. നമുക്ക് അറിയണം! നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്, നാം എന്തിനാണ് ഈ ഭൂമിയിൽ ആയിരിക്കുന്നത്, നാം എവിടെനിന്നു വന്നു, ദൈവമുണ്ടോ, ഈ ദൈവം ആരാണ്, മരണാനന്തരജീവിതമുണ്ടോ എന്നിങ്ങനെ എത്രയോ കാര്യങ്ങൾ നമുക്ക് അറിയണം!
ഏറ്റവും അടിസ്ഥാനപരവും മൗലികവുമായ ഈ ചോദ്യങ്ങൾ നമ്മുടെ ചിന്തകളിൽ മുൻസ്ഥാനത്തുണ്ടാകുമെന്നു പ്രത്യാശിക്കാം. അങ്ങനെയല്ലെങ്കിൽ, അതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല! ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം താഴെ കൊടുത്തിരിക്കുന്നു. അതാണ് നമ്മുടെ വിശ്വാസപ്രമാണം. ആദ്യമൊക്കെ വിശ്വാസപ്രമാണം വിരസവും ആകർഷകത്വമില്ലാത്തതുമായി തോന്നിയേക്കാം. ആശയക്കുഴപ്പമുണ്ടാക്കുന്നതും അമിതമായി പാണ്ഡിത്യപരവുമാണെന്നുപോലും തോന്നാം. എന്നാൽ ശരിയായി മനസ്സിലാക്കുമ്പോൾ, നാം അത്രയേറെ ആഴത്തിൽ ഉത്തരം തേടുന്ന ചോദ്യങ്ങൾക്കുള്ള മറുപടി വിശ്വാസപ്രമാണത്തിൽ അടങ്ങിയിരിക്കുന്നതായി കാണാം.
നിഖ്യാ വിശ്വാസപ്രമാണം എഴുതപ്പെട്ടത് 1,500-ലേറെ വർഷങ്ങൾക്കു മുമ്പാണ്. അന്നുമുതൽ എണ്ണമറ്റ ക്രൈസ്തവരും ദൈവത്തിന്റെ വിശുദ്ധരും അത് ഏറ്റുപറയുകയും ജീവിതത്തിൽ പകർത്തുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ അടിസ്ഥാന വിശ്വാസസത്യങ്ങളുടെ സംഗ്രഹമാണത്; നൂറ്റാണ്ടുകളിലായി അനേകർ അവയ്ക്കുവേണ്ടി സ്വന്തം രക്തംപോലും ചിന്തിയിട്ടുണ്ട്. ശരിയായി മനസ്സിലാക്കുമ്പോൾ, അത് ആഴമേറിയതും ഗഹനവും വ്യക്തവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമാണ്.
ലോകമെമ്പാടുമുള്ള ഓരോ കത്തോലിക്കാ വിശുദ്ധ കുർബാനയിലും എല്ലാ ഞായറാഴ്ചയും ഈ വിശ്വാസപ്രമാണം ഏറ്റുപറയുന്നു. മറ്റെല്ലാ കത്തോലിക്കരോടും ചേർന്ന് ഒരേ സ്വരത്തിലാണ് ഇത് ചൊല്ലുന്നത്. എന്നാൽ വിശ്വാസം ഏറ്റുപറയുന്ന ഓരോരുത്തരും വ്യക്തിപരമായും ഇതു ചൊല്ലുന്നു. ഈ വിശ്വാസം നാം ഓരോരുത്തരും വ്യക്തിപരമായി ഏറ്റുപറയുന്നതാണ് നമ്മെ പരസ്പരവും ത്രിയേകദൈവത്തോടും ഒന്നിപ്പിക്കുന്നത്.
പലപ്പോഴും നാം എഴുന്നേറ്റുനിന്ന് ഈ വിശ്വാസപ്രമാണം ഏറ്റുപറയുമ്പോൾ നമ്മുടെ മനസ്സ് മറ്റു കാര്യങ്ങളിലേക്കു വഴുതിപ്പോകുന്നു. ഇന്നലത്തെ കാര്യങ്ങളെക്കുറിച്ചോ അന്നു പിന്നീട് എന്തു ചെയ്യുമെന്നതിനെക്കുറിച്ചോ നാം ചിന്തിക്കുന്നു. നാം നേരിടുന്ന പ്രത്യേക പോരാട്ടങ്ങളെയോ മനസ്സിലെ മുറിവുകളെയോ കുറിച്ചു ചിന്തിക്കുന്നു. അല്ലെങ്കിൽ വിശ്വാസപ്രമാണത്തിലെ വാക്കുകൾ ഉരുവിടുമ്പോൾ നാം വെറുതെ പലതും ദിവാസ്വപ്നം കാണുന്നതായിപ്പോലും വന്നേക്കാം. വിശ്വാസപ്രമാണം ഏറ്റുപറയുമ്പോൾ ഇത്ര എളുപ്പത്തിൽ ശ്രദ്ധ പതറിപ്പോകുന്നതിനും യാന്ത്രികമായി അതു ചൊല്ലുന്നതിനും പ്രധാന കാരണം നമുക്ക് അത് മനസ്സിലാകുന്നില്ല എന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും, അതിലെ അടിസ്ഥാനപരമായ ഭാഗങ്ങൾ നമുക്കു മനസ്സിലാകുന്നുണ്ടാകാം. എന്നാൽ മിക്ക കത്തോലിക്കരും വിശ്വാസപ്രമാണത്തിന്റെ ആഴവും മഹിമയും യഥാർഥത്തിൽ മനസ്സിലാക്കുന്നില്ല. അതിനാൽ, മിക്ക കത്തോലിക്കരും തങ്ങളുടെ സ്വന്തം കത്തോലിക്കാ വിശ്വാസത്തിന്റെ ആഴവും മഹിമയും മനസ്സിലാക്കുന്നില്ല!
ചെറിയൊരു അളവിലെങ്കിലും നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ, കത്തോലിക്കാ സഭയുടെ വിശ്വാസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ വിചിന്തനം ചെയ്യാൻ സ്വയം സമർപ്പിക്കുക. “ഞാൻ വിശ്വസിക്കുന്നുണ്ടോ?”; “ഇത് എന്റെയും വ്യക്തിപരമായ വിശ്വാസമാണോ?” എന്ന് നിരന്തരം സ്വയം ചോദിക്കുക. തുറന്ന മനസ്സുള്ളവരായിരിക്കുക. ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുക. സത്യം അന്വേഷിക്കുക; ആ സത്യം നിങ്ങളുടെ മനഃസാക്ഷിയോടു സംസാരിക്കട്ടെ.
അതിനാൽ, ജീവിതത്തിലെ ചോദ്യങ്ങൾക്കുള്ള മനോഹരമായ ഉത്തരങ്ങളെക്കുറിച്ചുള്ള ഈ വിചിന്തനത്തിൽ പങ്കുചേരൂ!
വിശ്വാസപ്രമാണം
സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവുമായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
സർവകാലങ്ങൾക്കും മുമ്പ് പിതാവിൽനിന്നു ജനിച്ചവനും ദൈവത്തിന്റെ ഏകജാതനായ പുത്രനുമായ ഏകകർത്താവീശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. ദൈവത്തിൽനിന്നുള്ള ദൈവം, പ്രകാശത്തിൽനിന്നുള്ള പ്രകാശം, സത്യദൈവത്തിൽനിന്നുള്ള സത്യദൈവം; ജനിച്ചവനും സൃഷ്ടിക്കപ്പെടാത്തവനും പിതാവിനോടുകൂടെ ഏകസത്തയുള്ളവനുമാണ് അവിടുന്ന്; അവിടുന്നുവഴി സകലതും സൃഷ്ടിക്കപ്പെട്ടു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്ന് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു. പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽനിന്ന് മാംസം ധരിച്ച് മനുഷ്യനായിത്തീർന്നു. നമുക്കുവേണ്ടി പന്തിയോസ് പീലാത്തോസിന്റെ ഭരണകാലത്ത് അവിടുന്ന് ക്രൂശിക്കപ്പെട്ടു; മരണം വരിക്കുകയും സംസ്കരിക്കപ്പെടുകയും തിരുവെഴുത്തുകൾക്കനുസൃതമായി മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്ന് മഹിമയോടെ വീണ്ടും വരും; അവിടുത്തെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ല.
പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുംകൂടെ ആരാധിക്കപ്പെടുകയും മഹത്ത്വപ്പെടുത്തപ്പെടുകയും ചെയ്യുന്നവനും പ്രവാചകന്മാരിലൂടെ സംസാരിച്ചവനുമായ, കർത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിൽ ഞാൻ വിശ്വസിക്കുന്നു. ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമായ സഭയിൽ ഞാൻ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക ജ്ഞാനസ്നാനം ഞാൻ ഏറ്റുപറയുന്നു. മരിച്ചവരുടെ പുനരുത്ഥാനവും വരാനിരിക്കുന്ന ലോകത്തിലെ ജീവിതവും ഞാൻ പ്രതീക്ഷിക്കുന്നു. ആമ്മേൻ.
പകർപ്പവകാശ താൾ/സഭാധികാരികളുടെ അംഗീകാരം/സമർപ്പണം
അടുത്തത്: അധ്യായം 1 – വിശ്വാസത്തിലേക്കുള്ള കടന്നുവരവ്
ഇ-പുസ്തകമായും & പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്
Amazon.com – Google Play – iTunes – Barnes and Noble

